സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്; എന്താണ് മരണത്തെ വിളിച്ചു വരുത്തുന്ന 'ഫ്രൈഡ് റൈസ് സിൻഡ്രോം' ?

സോഷ്യൽ മീഡിയകളിൽ ഈയിടെയായി ട്രെൻഡായി മാറിയ ഒരു പേരാണ് ‘ഫ്രൈഡ് റൈസ് സിൻഡ്രോം’. അഞ്ച് ദിവസം പഴക്കമുള്ള പാസ്ത കഴിച്ച് ഒരാൾ മരിച്ചെന്ന പഴയൊരു വാർത്ത സാമൂഹിക മാധ്യമങ്ങളിൽ വീണ്ടും പങ്കുവയ്ക്കപ്പെട്ടതോടെയാണ് ‘ഫ്രൈഡ് റൈസ് സിൻഡ്രോം’ എന്ന പേര് വീണ്ടും ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. എന്താണ് ‘ഫ്രൈഡ് റൈസ് സിൻഡ്രോം’ ?

ഒരുതരം ഭക്ഷ്യവിഷബാധയാണ് ‘ഫ്രൈഡ് റൈസ് സിൻഡ്രോം’. 2011-ൽ ജേണൽ ഓഫ് ക്ലിനിക്കൽ മൈക്രോബയോളജിയിലാണ് ഈ സംഭവം ആദ്യമായി പ്രസിദ്ധീകരിച്ചത്. 2008-ൽ ബെൽജിയത്തിൽ നിന്നുള്ള 20 വയസ്സുള്ള ഒരു വിദ്യാർത്ഥി, അഞ്ച് ദിവസം മുമ്പ് പാകം ചെയ്ത പാസ്ത തക്കാളി സോസ് ഉപയോഗിച്ച് കഴിച്ചയുടൻ മരിച്ചു എന്നാണ് റിപ്പോർട്ടുകൾ.

ബാക്കി വന്ന ഭക്ഷണം ഫ്രിഡ്ജിൽ സൂക്ഷിക്കുന്നതിനു പകരം അഞ്ച് ദിവസവും അടുക്കളയിലാണ് സൂക്ഷിച്ചിരുന്നത്. പാസ്ത വീണ്ടും ചൂടാക്കി കഴിച്ച ഉടൻ തന്നെ വിദ്യാർത്ഥിക്ക് ഛർദ്ദിയും തലവേദനയും വയറുവേദനയും അനുഭവപ്പെട്ടു. അടുത്ത ദിവസം രാവിലെ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പോസ്റ്റ്‌മോർട്ടത്തിൽ ഇയാളുടെ കരളിന് തകരാർ ഉണ്ടായിരുന്നതായും ‘ബാസിലസ് സെറിയസ്’ എന്ന ബാക്ടീരിയയെ വലിയ അളവിൽ കണ്ടെത്തുകയും ചെയ്തു.

എന്താണ് ഫ്രൈഡ് റൈസ് സിൻഡ്രോം?

ഫ്രൈഡ് റൈസ് സിൻഡ്രോം എന്നത് ബാസിലസ് സെറിയസ് എന്ന ഒരുതരം ബാക്ടീരിയ മൂലമുണ്ടാകുന്ന ഭക്ഷ്യവിഷബാധയാണ്. പ്രകൃതിയിൽ എല്ലായിടത്തും കാണപ്പെടുന്ന ഒരു സാധാരണ ബാക്ടീരിയയാണ് ബാസിലസ് സെറിയസ്. പാകം ചെയ്‌തതും ശരിയായി സൂക്ഷിക്കാത്തതുമായ ചില ഭക്ഷണസാധനങ്ങളിലാണ് ഇവയെ കാണപ്പെടുക.

അരി, പാസ്ത തുടങ്ങിയ അന്നജം അടങ്ങിയ ഭക്ഷണങ്ങളാണ് ഇതിന്റെ പ്രധാന കാരണക്കാർ. എന്നാൽ വേവിച്ച പച്ചക്കറികൾ, മാംസം വിഭവങ്ങൾ തുടങ്ങിയ മറ്റ് ഭക്ഷണങ്ങളെയും ഇത് ബാധിക്കാറുണ്ട്. ഈ ബാക്ടീരിയകൾ വിഷവസ്തുക്കളെ ഉത്പാദിപ്പിക്കുന്നു. ഭക്ഷണം കൂടുതൽ നേരം ഫ്രിഡ്ജിൽ സൂക്ഷിക്കുകയോ മുറിയിലെ താപനിലയിൽ സൂക്ഷിക്കുകയോ ചെയ്താൽ ഈ വിഷവസ്തുക്കൾ വളരാനുള്ള വളരെ സാധ്യത കൂടുതലാണ്.

ഫ്രൈഡ് റൈസ് സിൻഡ്രോമിന്റെ ലക്ഷണങ്ങൾ

ബാസിലസ് സെറിയസ് രണ്ട് തരത്തിലുള്ള ഗ്യാസ്ട്രോ ഇന്റസ്റ്റൈനൽ രോഗത്തിന് കാരണമാകുന്നു. ഛർദ്ദി , വയറിളക്കം എന്നിവയാണ് ഇതിന്റെ പ്രധാന ലക്ഷണങ്ങൾ.മലിനമായ ഭക്ഷണം കഴിച്ച് ഒന്ന് മുതൽ ആറ് മണിക്കൂറിനുള്ളിൽ, ഒരു വ്യക്തിക്ക് ഓക്കാനം, ഛർദ്ദി, വയറുവേദന എന്നിവ അനുഭവപ്പെടാം.

ഡയറിയൽ സിൻഡ്രോമുമായി ബന്ധപ്പെട്ട ഭക്ഷണങ്ങളിൽ മാംസം, പച്ചക്കറികൾ, സൂപ്പ്, സോസുകൾ എന്നിവ ഉൾപ്പെടുന്നു. ഇതിലൂടെ വയറിളക്കവും വയറുവേദനയും അനുഭവപ്പെടാം. ധാരാളം വെള്ളം കുടിക്കുകയും വിശ്രമിക്കുകയുമാണ് ചെയ്യണ്ടത്.

ഭക്ഷ്യവിഷബാധ എങ്ങനെ ഒഴിവാക്കാം?

ഗുരുതരമായ കേസുകളിൽ ഭക്ഷ്യവിഷബാധ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നതിനും മരണത്തിനുപോലും ഇടയാക്കിയേക്കാം എന്നാണ് ഡൽഹിയിലെ സികെ ബിർള ഹോസ്പിറ്റലിലെ ഡയബെറ്റിസ്, ഒബിസിറ്റി & ഇന്റേണൽ മെഡിസിൻ ലീഡ് കൺസൾട്ടന്റ് ഡോ ത്രിഭുവൻ ഗുലാത്തി പറയുന്നത്.

ഭക്ഷ്യവിഷബാധ ഒഴിവാക്കാൻ ഓർക്കേണ്ട ചില കാര്യങ്ങൾ:

ഭക്ഷണം കൈകാര്യം ചെയ്യുന്നതിന് മുമ്പും ശേഷവും സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ നന്നായി കഴുകുക. ഭക്ഷ്യവിഷബാധ തടയുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട കാര്യമാണിത്. അസംസ്കൃത മാംസം, കോഴി, സമുദ്രവിഭവങ്ങൾ എന്നിവ മറ്റ് ഭക്ഷണങ്ങളിൽ നിന്ന് വേറിട്ട് സൂക്ഷിക്കുക.

മാംസം, കോഴി, സമുദ്രവിഭവങ്ങൾ എന്നിവ സുരക്ഷിതമായ താപനിലയിൽ പാകം ചെയ്യുന്നുവെന്ന് ഉറപ്പാക്കാൻ ഒരു ഫുഡ് തെർമോമീറ്റർ ഉപയോഗിക്കുക. ഭക്ഷണം പാകം ചെയ്തതിനു ശേഷമോ വിളമ്പിയതിനു ശേഷമോ ഉടൻ ഫ്രിഡ്ജിൽ വയ്ക്കുക. ഭക്ഷണം പാകം ചെയ്ത് രണ്ട് മണിക്കൂറിനുള്ളിൽ ഫ്രിഡ്ജിൽ വയ്ക്കണം. രണ്ട് മണിക്കൂറിൽ കൂടുതൽ ഊഷ്മാവിൽ ഉപേക്ഷിച്ച ഭക്ഷണം കഴിക്കരുത്.