ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ ജലദോഷം പിടിപെടുന്നത് എളുപ്പത്തിൽ തടയാം

പലർക്കും വളരെയേറെ ബുദ്ധിമുട്ട് തോന്നുന്ന ഒന്നാണ് ജലദോഷം. ചിലർക്കൊക്കെ പനിയേക്കാളും അസ്വസ്ഥത അനുഭവപ്പെടുന്നത് ജലദോഷം പിടിപെടുമ്പോഴാണ്. രോഗികളുടെ അടുത്ത് നിന്നോ മലിനമായ പ്രതലങ്ങളിൽ സ്പർശിച്ചോ മുഖത്ത് സ്പർശിച്ചോ നിങ്ങൾക്ക് ജലദോഷം പിടിപെടാം. കാലാവസ്ഥയിലെ മാറ്റവും തണുപ്പ് കൂടാൻ കാരണമാകാറുണ്ട്. ജലദോഷം തടയുന്നത് അത്ര എളുപ്പമല്ല, എന്നാൽ ചില ശീലങ്ങൾ നിങ്ങളെ ആരോഗ്യത്തോടെ നിലനിർത്താൻ സഹായിക്കും. അവ എന്തൊക്കെയെന്ന് നോക്കാം

പതിവായി കൈ കഴുകുന്നത് രോഗങ്ങളിൽ നിന്നും രക്ഷ നേടാൻ സഹായിക്കുന്നു ഒരു കാര്യമാണ്. വൈറസുകൾ ഉപരിതലത്തിൽ ഒരുപാട് സമയം നീണ്ടുനിൽക്കും എന്നതിനാൽ സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ 20 സെക്കൻഡ് കഴുകുന്നത് അണുബാധ തടയാൻ സഹായിക്കും.

വാതിൽപിടികൾ, സെൽ ഫോണുകൾ, ലൈറ്റ് സ്വിച്ചുകൾ എന്നിവ പോലെയുള്ള ആളുകൾ സ്ഥിരമായി സ്പർശിക്കുന്ന സ്ഥലങ്ങളിൽ അസുഖമുള്ള ആരെങ്കിലും സ്പർശിച്ചാൽ വൈറസുകൾ പതുങ്ങിയിരിക്കാം. അതിനാൽ ഇവ വൃത്തിയാക്കി സൂക്ഷിക്കേണ്ടതാണ്. ഇതിലൂടെ രോഗങ്ങൾ പടരാതിരിക്കാൻ ശ്രദ്ധിക്കാവുന്നതാണ്.

ആരോഗ്യകരമായ ശീലങ്ങൾ നിലനിർത്തുക എന്നതാണ് മറ്റൊരു കാര്യം. അതിനായി ആവശ്യത്തിന് ഉറക്കം ലഭിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുക എന്നതാണ് പ്രധാനം. സമീകൃതാഹാരം കഴിക്കുന്നതും, വിട്ടുമാറാത്ത ആരോഗ്യസ്ഥിതികൾ കൈകാര്യം ചെയ്യുന്നതും രോഗങ്ങളെ ചെറുക്കാൻ സഹായിക്കും. ദുർബലമായ രോഗപ്രതിരോധ ശേഷിയുള്ളവർക്ക് ഇടയ്ക്കിടെ രോഗങ്ങൾ പിടിപെടാനുള്ള സാധ്യത കൂടുതലാണ്.

മാസ്ക് ധരിക്കുന്നത് നിർബന്ധമാക്കുക. എൻ 95 അല്ലെങ്കിൽ കെഎൻ 95 പോലുള്ള മാസ്കുകൾ ധരിക്കുന്നത് കോവിഡ്-19 പോലുള്ള വൈറസുകളുടെ വ്യാപനം തടയുന്നതിൽ സഹായിക്കുന്നു. ജലദോഷത്തിൽ നിന്ന് സംരക്ഷണം നൽകാനും മാസ്കുകൾക്ക് കഴിയും.

തിരക്കേറിയ ഇടങ്ങൾ ഒഴിവാക്കുക. ഒരു പ്രത്യേക പരിപാടിയ്‌ക്കോ യാത്രയ്ക്കൊ പോകുന്ന ദിവസങ്ങളിൽ, തിരക്കേറിയ സ്ഥലങ്ങൾ ഒഴിവാക്കാൻ ശ്രദ്ധിക്കേണ്ടതാണ്. നിരവധി ആളുകളുമായി അടുത്തിടപഴകുന്നത് ജലദോഷം പിടിപെടാനുള്ള സാധ്യത വർധിപ്പിക്കുകയാണ് ചെയ്യുക. അതിനാൽ ഇത്തരം സന്ദർഭങ്ങൾ കഴിവതും ഒഴിവാക്കേണ്ടതാണ്.