Friday, 11 September 2026
‘Honest storytelling is a powerful means of change
07:44:21 PM IST
Kerala

‘മൂന്ന് വർഷം മുൻപ് പറഞ്ഞത് ഇപ്പോൾ ശരിയാകുന്നു’; മാസപ്പടി കേസിൽ പിണറായിക്കെതിരെ ആഞ്ഞടിച്ച് മാത്യു കുഴൽനാടൻ

ന്യൂസ് ഡെസ്ക് 8 September 2026, 5:22 pm
SHARE

മാസപ്പടി കേസിൽ നിർണായക വഴിത്തിരിവുണ്ടായതിൽ വ്യക്തിപരമായി വലിയ സന്തോഷമുണ്ടെന്ന് മാത്യു കുഴൽനാടൻ എംഎൽഎ. മൂന്ന് വർഷം മുൻപ് താൻ ഉന്നയിച്ച ആരോപണങ്ങൾ ഇപ്പോൾ ശരിയാകുന്നുവെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ തെളിയിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. മാസപ്പടി ഇടപാടിൽ അഴിമതി നിരോധന നിയമപ്രകാരം അന്വേഷണം വേണമെന്നും സംസ്ഥാന വിജിലൻസ് അന്വേഷിച്ചില്ലെങ്കിൽ കേന്ദ്ര ഏജൻസിയായ സിബിഐ അന്വേഷണം നടത്തണമെന്നും മാത്യു കുഴൽനാടൻ ആവശ്യപ്പെട്ടു. കേസിലെ യഥാർഥ പ്രതി പിണറായി വിജയനാണെന്ന് തുടക്കം മുതൽ താൻ പറഞ്ഞിരുന്നതായും അദ്ദേഹം വ്യക്തമാക്കി.

‘മാസപ്പടിക്കെതിരായ പോരാട്ടം ഒട്ടും എളുപ്പമായിരുന്നില്ല. വിഷയം ഉയർത്തിയപ്പോൾ നിരവധി പേർ തന്നെ വിമർശിച്ചു. എന്റെ വഴി തെറ്റിപ്പോയെന്ന് വരെ പറഞ്ഞവരുണ്ട്. എന്നാൽ ഇന്ന് മൂന്ന് വർഷം മുൻപ് പറഞ്ഞ കാര്യങ്ങൾ ശരിയാകുന്ന സാഹചര്യമാണ്’, മാത്യു കുഴൽനാടൻ പറഞ്ഞു.

നിയമസഭയിൽ വിഷയം ആദ്യമായി ഉന്നയിച്ചപ്പോൾ താൻ പച്ചക്കള്ളം പറയുകയാണെന്നായിരുന്നു പിണറായി വിജയന്റെ പ്രതികരണമെന്ന് അദ്ദേഹം ആരോപിച്ചു. പിണറായി വിജയനെതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടതിന് പിന്നാലെ പ്രതികാര നടപടിയായാണ് തനിക്കെതിരെ വിജിലൻസ് കേസ് എടുത്തതെന്നും മാത്യു കുഴൽനാടൻ പറഞ്ഞു. എന്നാൽ പിന്നീട് ആ കേസിൽ കാര്യമായ തുടർനടപടികളുണ്ടായില്ലെന്നും അദ്ദേഹം ആരോപിച്ചു.

കഴിഞ്ഞ പത്ത് വർഷം കേരളത്തിൽ അഴിമതിയുടെയും കൊള്ളയുടെയും കാലമായിരുന്നുവെന്നും മാത്യു കുഴൽനാടൻ ആരോപിച്ചു. കരിമണൽ ഇടപാടിലൂടെ പിണറായി വിജയനും കുടുംബവും വലിയ തോതിൽ പണം സമ്പാദിച്ചെന്നും, അഴിമതിപ്പണത്തിന്റെ വലിയൊരു ഭാഗം വിദേശത്തേക്ക് കടത്തിയെന്നുമുള്ള ഗുരുതര ആരോപണങ്ങളും അദ്ദേഹം ഉന്നയിച്ചു.

പിണറായി വിജയൻ അധികാരത്തിലിരുന്ന കാലത്ത് ഇത്തരം ഇടപാടുകൾക്ക് വഴിയൊരുക്കിയെന്നും, ഈ അഴിമതികൾക്ക് സംരക്ഷണം നൽകിയതിന്റെ രാഷ്ട്രീയ തിരിച്ചടിയാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സിപിഐഎമ്മിന് നേരിട്ടതെന്നും മാത്യു കുഴൽനാടൻ പറഞ്ഞു.

Read More
s
ന്യൂസ് ഡെസ്ക്
View all posts →