ഇഡി സംസ്ഥാന സര്‍ക്കാരിന്റെ അവകാശങ്ങള്‍ തട്ടിമാറ്റുകയല്ലേ?; രാജ്യത്തെ ഫെഡറലിസത്തിന് എന്ത് സംഭവിച്ചു? സുപ്രിം കോടതി ചോദിക്കുന്നു

സുപ്രീം കോടതിയില്‍ ചീഫ് ജസ്റ്റിസ് അടങ്ങിയ ബെഞ്ച് ചോദിച്ച ചോദ്യമാണിത്. സംസ്ഥാനങ്ങളുടെ അധികാര പരിധിയില്‍ കേന്ദ്ര ഏജന്‍സിയായ ഇഡി നടത്തുന്ന ഇടപെടലുകളെ കുറിച്ച് ആറ് മാസത്തിനിടയില്‍ രണ്ടാമത്തെ തവണയാണ് സുപ്രീം കോടതി ഇതേ കാര്യം ആവര്‍ത്തിച്ച് ചോദിക്കുന്നത്. തമിഴ്‌നാട്ടിലെ ടാസ്മാക് മദ്യ അഴിമതി കേസുമായി ബന്ധപ്പെട്ടാണ് ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായിയുടെ നേതൃത്വത്തിലുള്ള ബെഞ്ച് കേന്ദ്ര ഏജന്‍സിയോട് ഈ ചോദ്യം ചോദിച്ചത്. നിങ്ങള്‍ക്ക് എപ്പോഴെങ്കിലും സംശയം തോന്നിയാല്‍ ഉടന്‍ ഇടപെടലാണ്, സംസ്ഥാനം കുറ്റകൃത്യത്തെ കുറിച്ച് അന്വേഷിക്കുന്നില്ലേ. സംസ്ഥാനത്തിന് അതിന്റെ അന്വേഷണ സംവിധാനങ്ങളില്ലേയെന്നും എല്ലാത്തിനും നിങ്ങള്‍ പോയി സ്വയം അന്വേഷിക്കാന്‍ കഴിയുമോയെന്നും സുപ്രീം കോടതി ചോദിച്ചു.

ടാസ്മാക് അഥവാ തമിഴ്നാട് സ്റ്റേറ്റ് മാര്‍ക്കറ്റിംഗ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് ഉള്‍പ്പെട്ട മദ്യ അഴിമതിയെക്കുറിച്ചുള്ള അന്വേഷണത്തിലാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ സുപ്രീം കോടതി ചൊവ്വാഴ്ച രൂക്ഷമായി വിമര്‍ശിച്ചത്. മാര്‍ച്ചില്‍ നടത്തിയ രണ്ട് സെറ്റ് റെയ്ഡുകളെക്കുറിച്ചും സുപ്രീം കോടതി ഇഡിയോട് വിശദീകരണം തേടി. ആറ് മാസത്തിനിടെ രണ്ടാം തവണയാണ് ഇതേ കേസില്‍ കേന്ദ്ര ഏജന്‍സിയുടെ വഴിവിട്ട ഇടപെടലിനെ സുപ്രീം കോടതി വിമര്‍ശക്കുന്നതും വിശദീകരണം തേടുന്നതും. തമിഴ്നാട്ടിലെ ടാസ്മാക് മദ്യ അഴിമതിയുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തുന്ന അന്വേഷണവും റെയ്ഡുകളും സുപ്രീംകോടതി മാര്‍ച്ചില്‍ തന്നെ സ്റ്റേചെയ്തിരുന്നു. ഇ.ഡി. എല്ലാ പരിധികളും ഫെഡറല്‍ തത്വങ്ങളും ലംഘിക്കുന്നുവെന്ന് അന്ന് തന്നെ സുപ്രീം കോടതി നിരീക്ഷിച്ചതുമാണ്.

1000 കോടിയുടെ അഴിമതി ആരോപിച്ച് തമിഴ്‌നാട് സര്‍ക്കാരിന്റെ കീഴിലുള്ള മദ്യ വിതരണ ശൃംഖലയായ ടാസ്മാകിന് മേല്‍ ഇഡി നടത്തിയ റെയ്ഡുകള്‍ ഒട്ടനവധിയാണ്. സംസ്ഥാനത്തെ മദ്യ വ്യാപാരത്തില്‍ കുത്തകയുള്ള തമിഴ്‌നാട് സ്റ്റേറ്റ് മാര്‍ക്കറ്റിംഗ് കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ പ്രവര്‍ത്തനങ്ങളില്‍ ‘ഒന്നിലധികം ക്രമക്കേടുകള്‍’ കണ്ടെത്തിയതായി ഇഡി അവകാശപ്പെടുകയും. 1,000 കോടി ‘കണക്കില്‍ പെടാത്തതായി കണ്ടെത്തിയതായി ആരോപിക്കുകയും ചെയ്താണ് സംസ്ഥാന സര്‍ക്കാരിനെ വകവെയ്ക്കാതെയുള്ള നടപടികളിലേക്ക് കടന്നത്. ടാസ്മാക് ആസ്ഥാനത്ത് റെയ്ഡ് നടത്തുകയും കോര്‍പ്പറേഷന്റെ എംഡിയും ഭാര്യയും ഉള്‍പ്പടെയുള്ളവരെ കസ്റ്റഡിയിലെടുക്കുകയും ജീവനക്കാരുടെ ഫോണുകളിലെ വിശദശാംശങ്ങള്‍ ക്‌ളോണ്‍ ചെയ്ത് ഇഡി ഉദ്യോഗസ്ഥര്‍ കൊണ്ടുപോവുക വരെ ചെയ്തു. ഇത് സ്വകാര്യതയുടെ ലംഘനമാണെന്ന് സുപ്രീം കോടതി നിരീക്ഷിക്കുകയും രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തതാണ്.

തമിഴ്നാട്ടിലെ സംസ്ഥാന സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മദ്യവ്യവസായത്തില്‍ ഇഡി നടത്തിയ ഇടപെടലുകളാണ് സുപ്രീം കോടതിയെ ചൊടിപ്പിച്ചത്. കഴിഞ്ഞ മാര്‍ച്ചിലും മേയിലും തമിഴ്നാട്ടിലെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മദ്യശാലകളില്‍ നടത്തിയ റെയ്ഡുകളില്‍ ‘എല്ലാ പരിധികളും ലംഘിച്ചതിന്’ സുപ്രീം കോടതി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ ശാസിയ്ക്കുകയും കേന്ദ്രഏജന്‍സിക്ക് സുപ്രീം കോടതി നോട്ടീസ് അയയ്ക്കുകയും ചെയ്തതാണ്. തല്‍ക്കാലം തമിഴ്നാട്ടിലെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മദ്യകോര്‍പ്പറേഷനെതിരായ നടപടികളില്‍ നിന്ന് പിന്മാറാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ് അധ്യക്ഷനായ ബെഞ്ച് ഇഡിയോട് രൂക്ഷമായ ഭാഷയിലാണ് തോന്നുംപോലെ നടത്തുന്ന റെയ്ഡുകളിലും കണ്ടുകെട്ടലുകളിലും രോഷം രേഖപ്പെടുത്തിയത്.

റെയ്ഡുകള്‍ ആവര്‍ത്തിയ്ക്കുകയും തമിഴ്നാട് സര്‍ക്കാരിന്റെ ഉദ്യോഗസ്ഥര്‍ക്കെതിരെ ആക്ഷേപക്ഷങ്ങള്‍ ഉന്നയിക്കുകയും ചെയ്തതല്ലാതെ ഒന്നും രേഖാമൂലം സമര്‍പ്പിക്കാന്‍ അന്വേഷണ ഏജന്‍സിയ്ക്കായില്ലെന്നതും ശ്രദ്ധേയമാണ്. ഇതോടെയാണ് എംകെ സ്റ്റാലിന്‍ സര്‍ക്കാര്‍ കേന്ദ്രഏജന്‍സിയ്ക്കെതിരെ സുപ്രീം കോടതിയില്‍ ശക്തമായി രംഗത്ത് വന്നത്. സുപ്രീം കോടതിയും ഇ ഡി നടപടികള്‍ക്കെതിരെ മാസങ്ങളായി രൂക്ഷ വിമര്‍ശനം ഉന്നയിച്ചതോടെ കേന്ദ്രഏജന്‍സിയുടെ രീതികള്‍ വീണ്ടും സംശയനിഴലിലായി കഴിഞ്ഞു. ഇഡിയുടെ പക്കല്‍ തെളിവുണ്ടെന്ന് കേന്ദ്രസര്‍ക്കാരിന് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ് വി രാജു പറഞ്ഞതോടെ തെളിവുണ്ടെങ്കില്‍ ഞങ്ങള്‍ക്ക് മുന്നില്‍ തരൂവെന്ന് തമിഴ്‌നാട് സര്‍ക്കാരിന് വേണ്ടി ഹാജരായ കപില്‍ സിബല്‍ പറഞ്ഞതോടെ മറുപടി ഇല്ലാത്ത അവസ്ഥയിലായി കേന്ദ്രത്തിന്റെ അഭിഭാഷകന്‍.

വാദം കേള്‍ക്കല്‍ പുരോഗമിക്കുന്നതിനിടെ കേന്ദ്ര ഏജന്‍സി ഇഡിയുടെ സമീപനങ്ങളില്‍ കഴിഞ്ഞ വര്‍ഷങ്ങളിലായി ഉണ്ടായ മാറ്റത്തില്‍ അതൃപ്തി രേഖപ്പെടുത്തിയ ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായി കൂടുതല്‍ അഭിപ്രായം പറയുന്നതില്‍ നിന്ന് താന്‍ സ്വയം നിയന്ത്രിക്കുകയാണെന്നും ‘കഴിഞ്ഞ ആറ് വര്‍ഷത്തിനിടയില്‍, ഇഡി അന്വേഷിച്ച നിരവധി കേസുകള്‍ താന്‍ കണ്ടതാണെന്നും താക്കീത് പോലെ പറയുകയും ചെയ്തു. പക്ഷേ ഇപ്പോള്‍ താന്‍ ഒന്നും പറയാന്‍ ആഗ്രഹിക്കുന്നില്ലെന്നും അല്ലാത്തപക്ഷം അത് മാധ്യമങ്ങള്‍ വീണ്ടും റിപ്പോര്‍ട്ട് ചെയ്യുമെന്നും മുന്നറിയിപ്പ് നല്‍കി കേന്ദ്ര ഏജന്‍സിയെ രാജ്യത്തിന്റെ പരമോന്നത കോടതി അടച്ചാക്ഷേപിക്കുകയും ചെയ്തു. മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ മാത്രം ഇഡിയും സിബിഐയും തോന്നുംപോലെ കേസെടുക്കുകയും കേസ് വിചാരണ നീട്ടികൊണ്ടുപോകുകയും ചെയ്ത് രാഷ്ട്രീയ നേട്ടം ഉണ്ടാക്കുന്നതല്ലാതെ കുറ്റം തെളിയിക്കാന്‍ ഭൂരിഭാഗം കേസുകളിലും കഴിഞ്ഞിട്ടില്ലെന്നതും വലിയ രീതിയില്‍ തുറന്നുകാട്ടപ്പെട്ടതാണ്. ഇപ്പോള്‍ സുപ്രീം കോടതി വരെ ഈ രാഷ്ട്രീയ നാടകത്തില്‍ രോഷം കൊള്ളുകയാണ്.

Read more