മുഖ്യമന്ത്രിയുടെ ഭാര്യയുടെ കമ്പനിക്ക് 10 കോടി, ഹിമന്തയെ പൂട്ടി കോണ്‍ഗ്രസ്

ഹിമന്ത ബിശ്വാസ് ശര്‍മ്മ, ഈ പേര് കഴിഞ്ഞ കുറച്ചു നാളുകളായി കേള്‍ക്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിശ്വസ്തനായ പ്രചാരകന്‍ എന്ന നിലയിലാവും. പ്രധാനമന്ത്രി നരേന്ദ്ര മോദി പറയാന്‍ ആഗ്രഹിക്കുന്നതും പറയുന്നതും വലിയ രീതിയില്‍ അവതരിപ്പിക്കാന്‍ സോഷ്യല്‍ മീഡിയയിലടക്കം പണിയെടുക്കുന്ന മോദി ഭക്തരില്‍ മുന്‍പന്തിയിലാണ് അസം മുഖ്യമന്ത്രി. മോദി തുടക്കമിടുന്ന വിവാദ പരാമര്‍ശങ്ങള്‍ അന്തസത്ത ചോരാതെ കുറച്ചുകൂടി മസാല ചേര്‍ത്ത് ഇറക്കി സംസാര വിഷയമാക്കി നിര്‍ത്തുന്നതില്‍ ഹിമന്തയുടെ പങ്ക് വലുതാണ്. എല്ലാത്തിനുമപ്പുറം അങ്ങ് മണിപ്പൂരില്‍ ഭരണകൂടം സ്‌പോണ്‍സര്‍ ചെയ്‌തൊരു കലാപമുണ്ടായതിന് പിന്നിലടക്കം ഹിമന്തയുടെ മണിപ്പൂര്‍ സന്ദര്‍ശനം ചോദ്യം ചെയ്യപ്പെട്ടിരുന്നു. കോണ്‍ഗ്രസ് വിട്ട് 2015ല്‍ ബിജെപിയില്‍ ചേര്‍ന്ന് ഇപ്പോള്‍ മുഖ്യമന്ത്രി സ്ഥാനത്തിരിക്കുന്ന ഹിമന്ത രാജാവിനേക്കാള്‍ രാജഭക്തിയുള്ള നേതാവാണ്.

ഇന്ത്യ സഖ്യം 2024 പൊതുതിരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിടാന്‍ അരയും തലയും മുറുക്കുമ്പോള്‍ ഓരോ സംസ്ഥാനങ്ങളിലായി കൃത്യമായ തിരഞ്ഞെടുപ്പ് പ്രചരണങ്ങളിലേക്ക് കടക്കുകയാണ്. ഭരണവിരുദ്ധ വികാരം ആളിക്കത്തിക്കാനുള്ള പ്രതിപക്ഷ തന്ത്രത്തിന് കരുത്തുപകരുകയാണ് അസമിലെ സബ്‌സിഡി വിവാദം. കേന്ദ്ര സബ്‌സിഡിയായി അസം മുഖ്യമന്ത്രിയുടെ ഭാര്യയുടെ കമ്പനിക്ക് 10 കോടി നല്‍കിയെന്ന വാര്‍ത്ത അസമിലെ പ്രാദേശിക വാര്‍ത്താ ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ഹിമന്ത ബിശ്വാസ് ശര്‍മ്മ പത്തിക്ക് അടിയേറ്റത് പോലെ തളര്‍ന്നു. മോദിയുടെ വിശ്വസ്ത പ്രചാരകന് കേന്ദ്രസര്‍ക്കാര്‍ സബ്‌സിഡി ഇനത്തില്‍ വഴിവിട്ട് സഹായം നല്‍കിയോ എന്ന ചോദ്യം പാര്‍ലമെന്റില്‍ ഉയരുമ്പോള്‍, അസമില്‍ ഭാര്യയുടെ കമ്പനിക്ക് 10 കോടി സബ്‌സിഡി ഇനത്തില്‍ മുഖ്യമന്ത്രി ഒപ്പിച്ചു നല്‍കിയെന്ന വാര്‍ത്തയും ചൂടുപിടിക്കുകയാണ്.

അസമിലെ കോണ്‍ഗ്രസ് എംപിയും ലോക്‌സഭയിലെ കോണ്‍ഗ്രസിന്റെ ഡെപ്യൂട്ടി ലീഡറുമായ ഗൗരവ് ഗൊഗോയ് വിഷയം ലോക്‌സഭയില്‍ ഉന്നയിച്ചതോടെ വലിയ ചര്‍ച്ചകളാണ് ഉയരുന്നത്. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയുടെ ഭാര്യ റിനികി ഭുയാന്‍ ശര്‍മയുടെ ഉടമസ്ഥതയിലുള്ള പ്രൈഡ് ഈസ്റ്റ് എന്റര്‍ടെയ്ന്‍മെന്റ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്ക് കേന്ദ്രപദ്ധതിപ്രകാരം 10 കോടിരൂപ സബ്സിഡി നല്‍കിയെന്ന ആരോപണമാണ് ഉയരുന്നത്. അസം നിയമസഭയ്ക്ക് പിന്നാലെ ലോക്‌സഭയിലും വിഷയം കത്തിക്കയറുമ്പോള്‍ തന്റെ ഭാര്യക്ക് കേന്ദ്രത്തിന്റെ സബ്‌സിഡി കിട്ടിയിട്ടില്ലെന്ന മുട്ടാപ്പോക്ക് ന്യായത്തില്‍ ഉറച്ചു നില്‍ക്കുകയാണ് ഹിമന്ത ബിശ്വാസ് ശര്‍മ്മ.

പ്രധാന്‍ മന്ത്രി കിസാന്‍ സമ്പദ യോജന പദ്ധതിയുമായി ബന്ധപ്പെട്ട് 10 കോടി രൂപയുടെ സബ്സിഡി ഭാര്യയുടെ കമ്പനിക്ക് വാങ്ങി നല്‍കിയെന്നാണ് ഗൗരവ് ഗൊഗോയ് അസം മുഖ്യയ്‌ക്കെതിരെ ആരോപിച്ചത്. ഈ ആരോപണം കണ്ണൂംപൂട്ടി ഹിമന്ത നിഷേധിച്ചതിന് പിന്നാലെ സബ്സിഡി കൈപ്പറ്റിയവരുടെ കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ട പട്ടിക കോണ്‍ഗ്രസ് പ്രസിദ്ധീകരിച്ചു. ഹിമന്തയുടെ ഭാര്യ റിനികിയുടെ കമ്പനി പ്രൈഡ് ഈസ്റ്റ് എന്റര്‍റ്റെയ്ന്‍സ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡ് എന്തായാലും 10 കോടി കേന്ദ്രസര്‍ക്കാര്‍ നല്‍കിയവരുടെ പട്ടികയിലുണ്ടായിരുന്നു.

ഇന്ത്യയിലെ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കാന്‍ എന്നുപറഞ്ഞാണ് പ്രധാനമന്ത്രി മോദി, കിസാന്‍ സമ്പത്ത് പദ്ധതി ആരംഭിച്ചത്. എന്നാല്‍ അസമില്‍ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ തന്റെ സ്വാധീനം ഉപയോഗിച്ച് തന്റെ ഭാര്യയുടെ സ്ഥാപനത്തിന് ക്രെഡിറ്റ് ലിങ്ക്ഡ് സബ്സിഡിയുടെ ഭാഗമായി 10 കോടി രൂപ നേടാന്‍ സഹായിച്ചുവെന്ന് വ്യക്തമാകുകയാണ്. കേന്ദ്ര സര്‍ക്കാര്‍ പദ്ധതികള്‍ ഉദ്ദേശിക്കുന്നത് ബിജെപിയെ സമ്പന്നമാക്കാനാണോ?

ഗൗരവ് ഗൊഗോയ് ഈ ചോദ്യം ഉയര്‍ത്തുകയും കോണ്‍ഗ്രസ് ഗോഗോയ്ക്ക് പിന്നാലെ അണിനിരക്കുകയും ചെയ്തതോടെ ഹിമന്ത ബിശ്വാസ് ആകെ വെട്ടിലായി. ഇതേ തുടര്‍ന്ന് പണ്ടത്തെ കാര്യങ്ങളടക്കം പറഞ്ഞും എക്‌സ് പ്ലാറ്റ് ഫോമില്‍ ഹിമന്തയും ഗൗരവും പോരടിച്ചു.

തങ്ങള്‍ ഒരു പൈസ പോലും സബ്സിഡിയായി കൈപ്പറ്റിയിട്ടില്ലെന്നായിരുന്നു ഹിമന്തയുടെ ഭാര്യ റിനികയുടെ കമ്പനിയുടെ അവകാശവാദം. ഗൗരവ് ഗൊഗോയ്ക്കെതിരെ മാനനഷ്ടത്തിന് കേസ് ഫയല്‍ ചെയ്യുമെന്ന് അറിയിച്ച് ഇവര്‍ പ്രസ്താവന ഇറക്കി.

പിന്നാലെ ഗൗരവ് ഗൊഗോയിയെ വ്യക്തിപരമായി ആക്രമിക്കാനായി ഹിമന്തയുടെ ശ്രമം. ഗൗരവ് ഗൊഗോയ് തന്റെ പിതാവും അസം മുന്‍ മുഖ്യമന്ത്രിയുമായ തരുണ്‍ ഗൊഗോയ്ക്ക് ചികിത്സ നിഷേധിച്ചുവെന്നായിരുന്നു ഹിമന്തയുടെ ആരോപണം. അസമിലെ ഒരു മുതിര്‍ന്ന രാഷ്ട്രീയ നേതാവിന് കോവിഡിന് ശേഷമുള്ള സങ്കീര്‍ണ്ണതകള്‍ അനുഭവപ്പെട്ടപ്പോള്‍ ചികിത്സയിക്കായി ഡല്‍ഹിയിലേക്ക് കൊണ്ടുപോകുന്നതിന് മകന്‍ തടസ്സം നിന്നുവെന്ന് ഹിമന്ത എക്സില്‍ കുറിച്ചു.

അസമിലെ ആരോഗ്യ പരിപാലന സംവിധാനത്തില്‍ തനിക്ക് വിശ്വാസമുണ്ടെന്നും അതിനാലാണ് അച്ഛനെ ഡല്‍ഹിയിലേക്ക് കൊണ്ടുപോകാത്തതെന്നും ഗൗരവ് ഗൊഗോയ് തിരിച്ചടിച്ചതോടെ ഹിമന്ത പ്രതിരോധത്തിലായി. പിന്നാലെ കോണ്‍ഗ്രസിനെ ചതിച്ച് ബിജെപിക്ക് ഒപ്പം പോയ ഹിമന്തയ്ക്ക് ഒറ്റുകാരന്‍ എന്ന പേര് ചാര്‍ത്തി തരുണ്‍ ഗൊഗോയിയുടെ പഴയ ഒരു വൈറല്‍ വീഡിയോയും ഗൗരവ് പങ്കുവെച്ചു.

ഹിമന്തയെ പിന്നില്‍ നിന്ന് കുത്തിയവന്‍ എന്ന് കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് തരുണ്‍ ഗൊഗോയ് വിശേഷിപ്പിക്കുന്നതായിരുന്നു ആ വീഡിയോ. ‘ഒരേ സമയം എന്റെ കാലില്‍ തൊടാനും മുതുകില്‍ കഠാര വയ്ക്കാനും കഴിയുന്ന ഒരാളെ ഞാന്‍ കണ്ടിട്ടില്ല എന്നാണ് ഹിമന്തയെ കുറിച്ച് തരുണ്‍ ഗൊഗോയ് ഈ വീഡിയോയില്‍ പറയുന്നത്. ഇതോടെ കാര്യങ്ങള്‍ കൈവിട്ടുപോകുമെന്ന് മനസിലായ അസം മുഖ്യമന്ത്രി ചര്‍ച്ച വ്യക്തിപരമാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും സംസ്ഥാന സര്‍ക്കാരിനെ അഭിനന്ദിച്ചതിന് നന്ദി പറയുന്നുവെന്നും വ്യക്തമാക്കി ട്വീറ്റ് പോര് അവസാനിപ്പിച്ചു.

തിരിച്ചും നന്ദിയൊക്കെ ഉണ്ടെന്നും എന്നാല്‍ അഴിമതി ആരോപണം നിയമസഭയിലും ലോക്‌സഭയിലും ശക്തമായി തന്നെ ഉന്നയിക്കുമെന്നും തിരിച്ചടിച്ചു.

എന്തായാലും ലോക്‌സഭയില്‍ വിഷയം കോണ്‍ഗ്രസ് പിന്നീടും എടുത്തിട്ടു. കമ്പനിക്ക് സബ്സിഡി ലഭിച്ചിട്ടില്ലെന്ന് ശര്‍മ്മ ആവര്‍ത്തിച്ച് അവകാശപ്പെടുമ്പോള്‍ ഗോഗോയ് മറ്റൊരു രേഖ ഹാജരാക്കി വീണ്ടും ഹിമന്തയെ പൂട്ടി. കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍, ഭാരതീയ ജനതാ പാര്‍ട്ടി എംപി പല്ലഭ് ലോചന്‍ ദാസിന്റെ ലോക്സഭയിലെ ചോദ്യത്തിന് മറുപടിയായി പ്രൈഡ് ഈസ്റ്റ് എന്റര്‍ടൈന്‍മെന്റ് പ്രൈവറ്റ് ലിമിറ്റഡിനെ കിസാന്‍ സമ്പദ പദ്ധതിയുടെ ഗുണഭോക്താക്കളില്‍ ഒരാളായി പട്ടികപ്പെടുത്തിയിട്ടുണ്ടായിരുന്നു.

എന്നാല്‍ ആരോപണം തെളിയിക്കാനായാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുമെന്നൊക്കെ വെല്ലുവിളിച്ച് ഹിമന്ത ബിശ്വാസ് ശര്‍മ്മ പിന്നെയും പറഞ്ഞത് തന്നെ ആവര്‍ത്തിക്കുകയാണ്.

10 കോടിയുടെ സബ്‌സിഡിയില്‍ മാത്രം ഒതുങ്ങുന്ന അഴിമതി ആരോപണമല്ല ആസാം മുഖ്യമന്ത്രിക്കെതിരെ ഉയരുന്നത്. ഭാര്യ റിനികിയുടെ സ്ഥാപനമായ പ്രൈഡ് ഈസ്റ്റ്, ശര്‍മ്മ അധികാരത്തിലേറി ഒമ്പത് മാസങ്ങള്‍ക്ക് ശേഷം – 2022 ഫെബ്രുവരിയില്‍ ഗൗരവ് ഗൊഗോയിയുടെ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന കാലിയാബോര്‍ മൗസയില്‍ 10 ഏക്കര്‍ കൃഷിഭൂമി വാങ്ങിയതായും രേഖകളുണ്ട്. കൃഷി സംബന്ധമായ പ്രോജക്ടില്‍ ഉള്‍പ്പെടുത്തി കൃഷി ഭൂമി വാങ്ങി പിന്നീട്
രണ്ട് മാസത്തിനുള്ളില്‍ ഈ ഭൂമി ഒരു വ്യാവസായിക ഭൂമിയാക്കി മാറ്റിയെന്നും രേഖകളുണ്ട്. എന്തായാലും കോണ്‍ഗ്രസില്‍ നിന്ന് കാലുമാറി ബിജെപിയിലെത്തി മോദി പ്രീണനത്തിന്റെ മുഖമായി മാറിയ ഹിമന്ത ബിശ്വാസിനെ അസമിലെ കോണ്‍ഗ്രസ് തന്നെ പൂട്ടുകയാണ്.