ആര്‍ജെഡിയുടെ റാന്തല്‍ വിളക്ക് കൊണ്ട് ബിഹാറില്‍ കെട്ടഴിഞ്ഞ 'മഹാഗഡ്ബന്ധന്‍'; തര്‍ക്കം- തമ്മില്‍തല്ല്, സ്വന്തം സ്ഥാനാര്‍ത്ഥിക്കെതിരെ മല്‍സരം!

സ്വന്തം പാര്‍ട്ടി ചിഹ്നത്തിലുള്ള സ്ഥാനാര്‍ത്ഥിക്കെതിരെ മുന്നണി സ്ഥാനാര്‍ത്ഥി, തേജസ്വി യാദവിന്റേയും പാര്‍ട്ടിയുടേയും ബിഹാറിലെ ഗതി വല്ലാത്തതാണ്. സീറ്റ് ഷെയറിങിലെ ഇന്ത്യ മുന്നണി അസ്വാരസ്യങ്ങള്‍ അങ്ങ് ഒതുങ്ങി തീരും മുമ്പ് ആര്‍ജെഡിയ്ക്കുള്ളിലും കലാപക്കൊടിയെന്നതാണ് അവസ്ഥ. ഇന്ത്യ മുന്നണി സ്ഥാനാര്‍ത്ഥിയ്ക്ക് കൊടുത്ത സീറ്റില്‍ അവര്‍ക്ക് വേണ്ടി പ്രചാരണത്തിന് ഇറങ്ങുമ്പോള്‍ ആര്‍ജെഡിയുടെ റാന്തല്‍ വിളക്കിനെതിരെ പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിക്ക് പ്രചാരണം നടത്തേണ്ടി വരും. എത്രത്തോളം അലംഭാവത്തിലാണ് ഭരണം പിടിക്കാന്‍ സാഹചര്യം ഉള്ള സംസ്ഥാനത്ത് ഇന്ത്യ മുന്നണിയും മുന്നണിയിലെ പ്രധാനകക്ഷിയും നീക്കം നടത്തി പെട്ടിരിക്കുന്നതെന്ന് വ്യക്തമാക്കും ബിഹാറിലെ ദര്‍ഭംഗ ജില്ലയിലെ ഗോറ ബോറം മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി പ്രശ്‌നത്തിലൂടെ.

മഹാഗഡ്ബന്ധനിലുള്ള കോണ്‍ഗ്രസും ആര്‍ജെഡിയും വിഐപിയും തമ്മില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പണം അവസാനിക്കുന്ന സമയത്തും സമവായത്തില്‍ എത്താത്തതാണ് ഗോറ ബോറത്തില്‍ മുന്നണിയ്ക്ക് രണ്ട് സ്ഥാനാര്‍ത്ഥി ഉണ്ടാക്കാനിടയാക്കിയത്. ഒപ്പം ആര്‍ജെഡിയ്ക്ക് പാര്‍ട്ടി ചിഹ്നത്തില്‍ മല്‍സരിക്കുന്ന ഒരു വിമതനും. ആര്‍ജെഡിയുടെ ചിഹ്നത്തില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥിയല്ല ഇന്ത്യാ സഖ്യത്തിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥിയെന്ന കുരുക്കില്‍ വീണു ഒരു സീറ്റില്‍ സ്വയം പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ് പ്രതിപക്ഷം.

ഇന്ത്യ സഖ്യത്തിന്റെ സീറ്റ് ധാരണയ്ക്കു മുന്‍പേ തന്നെ ആര്‍ജെഡി ഗോറ ബോറമില്‍ അഫ്‌സല്‍ അലി ഖാനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതും ചിഹ്നം അനുവദിച്ചതും ആര്‍ജെഡിയ്ക്ക് കുരുക്കായി. ഔദ്യോഗിക സ്ഥാനാര്‍ഥിയ്ക്ക് ആവശ്യമായ രേഖകള്‍ നല്‍കി നാമനിര്‍ദേശം സമര്‍പ്പിക്കാന്‍ വിട്ടതിന് പിന്നാലെയാണ് ഇന്ത്യാ മുന്നണിയില്‍ പുതുതായെത്തിയ മുകേഷ് സഹാനിയുടെ വികാസ് ശീല്‍ ഇന്‍സാന്‍ പാര്‍ട്ടി അഥവാ വിഐപിയ്ക്ക് ഈ സീറ്റ് വിട്ടുനല്‍കുന്നത്. അവരാകട്ടെ തങ്ങളുടെ സ്ഥാനാര്‍ത്ഥിയായി സന്തോഷ് സാഹ്നിയെ ഗോറ ബോറമില്‍ നിയോഗിക്കുകയും ചെയ്തു. പക്ഷേ കൈപ്പിടിയില്‍ കിട്ടിയ സീറ്റ് വിട്ടുകളയാന്‍ ആര്‍ജെഡിയുടെ അഫ്‌സല്‍ അലി ഖാന്‍ തയ്യാറായിരുന്നില്ല.

പാര്‍ട്ടിയെ ധിക്കരിച്ച് ഖാന്‍ വരണാധികാരിക്ക് പത്രിക സമര്‍പ്പിച്ചു. പാര്‍ട്ടി രേഖകള്‍ എല്ലാം കൈപ്പറ്റിയതിനാല്‍ ആര്‍ജെഡിയുടെ റാന്തല്‍ വിളക്ക് ചിഹ്നം ആര്‍ജെഡി ഔദ്യോഗിക സ്ഥാനാര്‍ത്ഥി അല്ലെന്ന് വരണാധികാരിയെ അറിയിച്ചിട്ടും ഖാന് കിട്ടി. ആര്‍ജെഡി ചിഹ്നത്തില്‍ മത്സരിക്കുന്ന അഫ്‌സല്‍ അലി ഖാന്‍ അങ്ങനെ പാര്‍ട്ടി ചിഹ്നത്തില്‍ മല്‍സരിക്കുന്ന വിമത സ്ഥാനാര്‍ഥിയായി. വിഐപിയുടെ സന്തോഷ് സാഹ്നി ഇന്ത്യ മുന്നണിയുടെ ഔദ്യോഗിക സ്ഥാനാര്‍ഥിയാകുകയും ചെയ്തു.

വോട്ട് കുത്താന്‍ വരുന്ന ആര്‍ജെഡിക്കാര്‍ മുന്നണിയ്ക്ക് കുത്തുമോ അതോ ഇവിഎം മെഷീനിലെ പാര്‍ട്ടി ചിഹ്നത്തില്‍ കുത്തുമോ എന്ന ആശങ്കയിലാണ് ഇപ്പോള്‍. ഇത്തരമൊരു സംഭവം ഇന്ത്യ രാഷ്ട്രീയത്തില്‍ ആദ്യമായിട്ടൊന്നുമല്ല. അടുത്തിടെ കോണ്‍ഗ്രസില്‍ തന്നെ ഇങ്ങനെ ഒന്ന് ഉണ്ടായിട്ടുണ്ട്. അതങ്ങ് രാജസ്ഥാനിലാണ്. ലോക്സഭാ തിരഞ്ഞെടുപ്പിനിടെ രാജസ്ഥാനിലെ ബന്‍സ്വരയിലാണ് സമാനമായ സാഹചര്യം ഉണ്ടായത്. കോണ്‍ഗ്രസ് ആദ്യം ബന്‍സ്വരയില്‍ അരവിന്ദ് ദാമോറിനെ സ്ഥാനാര്‍ത്ഥിയായി നിര്‍ത്തി. പക്ഷേ പിന്നീട് പ്രതിപക്ഷത്ത് ഒപ്പമുള്ള പാര്‍ട്ടിയായ ഭാരത് ആദിവാസി പാര്‍ട്ടി സ്ഥാനാര്‍ത്ഥി രാജ്കുമാര്‍ റോട്ടിനെ പിന്തുണയ്ക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചു. ദാമോറിനോട് കോണ്‍ഗ്രസ് ചിഹ്നം തിരികെ നല്‍കാന്‍ ആവശ്യപ്പെട്ടെങ്കില്‍ കോണ്‍ഗ്രസ് നേതാവ് മുങ്ങി. പത്രിക പിന്‍വലിക്കാനുള്ള സമയപരിധി കഴിഞ്ഞാണ് അരവിന്ദ് ദാമോര്‍ പൊങ്ങിയത്. ഇതോടെ ‘കൈപ്പത്തി സ്ഥാനാര്‍ത്ഥിക്കെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ പ്രചാരണം നടത്താന്‍ നിര്‍ബന്ധിതരായി. വിമതനായി കൈപ്പത്തിയില്‍ മല്‍സരിച്ച ദാമോറിന് ജയിക്കാനായില്ല. പാര്‍ട്ടി പിന്തുണച്ച രാജ്കുമാര്‍ റോട്ട് തിരഞ്ഞെടുപ്പില്‍ വിജയിക്കുകയും ചെയ്തു. പക്ഷേ ദാമോറിന് അപ്പോഴും 60,000 വോട്ടുകള്‍ നേടാന്‍ കഴിഞ്ഞുവെന്നത് ഇത്തരത്തിലുള്ള മല്‍സരം മുന്നണിയ്ക്ക് സീറ്റ് നഷ്ടപ്പെടാന്‍ വഴിയൊരുക്കുമെന്നതിന്റെ സൂചനയാണ്.

എന്നാല്‍ ബിഹാറില്‍ ഇപ്പോഴും ഇന്ത്യ മുന്നണിയില്‍ സൗഹൃദ മല്‍സരങ്ങള്‍ക്ക് കളമൊരുങ്ങുന്നുവെന്നത് ഇത്തരം അബദ്ധങ്ങളില്‍ നിന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നും പഠിച്ചിട്ടില്ലെന്നതിന്റെ സൂചനയാണ്. രാഷ്ട്രീയ ജനതാദളിനും കോണ്‍ഗ്രസിനുമൊപ്പം ഹാഗഡ്ബന്ധനില്‍ ദീപാങ്കര്‍ ഭട്ടാചാര്യ നയിക്കുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്‌സിസ്റ്റ്-ലെനിനിസ്റ്റ്) അഥവാ സിപിഐ-എംഎലും സിപിഐയും സിപിഎമ്മും മുകേഷ് സഹാനിയുടെ വികാസീല്‍ ഇന്‍സാന്‍ പാര്‍ട്ടി എന്ന വിഐപിയും ഉള്‍പ്പെടുന്നു. തേജസ്വി യാദവിനെ ഇന്ത്യ മുന്നണിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടുന്നത് സംബന്ധിച്ചും മുന്നണിയില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. പല സീറ്റുകളിലും ആര്‍ജെഡിയും കോണ്‍ഗ്രസും സൗഹൃദ മല്‍സരമെന്ന പേരില്‍ മല്‍സരിക്കുമെന്ന സൂചന വന്നതോടെ എരിതീയില്‍ എണ്ണ കോരി ഒഴിക്കാന്‍ എന്‍ഡിഎ മുന്നണിയിലെ ചിരാഗ് പസ്വാനടക്കം രംഗത്തിറങ്ങുന്നതും ബീഹാറില്‍ കാണാനുണ്ട്.

Read more