സിബിഐ വേട്ട: കേന്ദ്രത്തെ തള്ളി, പശ്ചിമ ബംഗാളിന്റെ ഹര്‍ജി നിലനില്‍ക്കുമെന്ന് സുപ്രീം കോടതി;  കേന്ദ്രത്തെ വെല്ലുവിളിച്ച മമത സര്‍ക്കാരിനെ തുണച്ച് സുപ്രീം കോടതി

മര്‍ക്കടമുഷ്ടി ഉപയോഗിച്ച് മെരുക്കാന്‍ ശ്രമിക്കുന്ന മോദി സര്‍ക്കാരിനെതിരെ ശക്തമായ ഏറ്റുമുട്ടല്‍ പ്രഖ്യാപിച്ച് മമതാ ബാനര്‍ജി ബംഗാളിന് മുന്നില്‍ ഒരു മഹാമേരുവായി നില്‍ക്കാന്‍ തുടങ്ങിയിട്ട് കാലം കുറച്ചായി. കേന്ദ്രസര്‍ക്കാരും പശ്ചിമ ബംഗാള്‍ സര്‍ക്കാരും തമ്മിലുള്ള നിരന്തര ഏറ്റുമുട്ടലുകള്‍ സംസ്ഥാനത്തിനുള്ളിലും ദേശീയ രാഷ്ട്രീയത്തിലും കോടതിക്ക് മുന്നിലും കാണാന്‍ തുടങ്ങിയിട്ട് ഒരു പതിറ്റാണ്ടാവുന്നു. കേന്ദ്ര ഏജന്‍സികളെ മര്‍ദ്ദിത ഉപകരണങ്ങളായി ഉപയോഗിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴിലുള്ള ബിജെപി സര്‍ക്കാരിനെതിരെ സന്ധിയില്ലാ പോരാട്ടം നടത്തുന്ന ഇന്ത്യാ സഖ്യത്തിലെ പ്രബലനേതാവാണ് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. മമതാ ബാനര്‍ജിയേയും അവരുടെ പാര്‍ട്ടിയായ തൃണമൂല്‍ കോണ്‍ഗ്രസിനേയും വീഴ്ത്താന്‍ പലകുറി കേന്ദ്രഏജന്‍സികളെ മോദിക്കാലത്ത് മര്‍ദ്ദനഉപാധികളാക്കിയിട്ടുണ്ട്. ഇന്ന് സിബിഐയെ ഉപയോഗിച്ചുള്ള വേട്ടയാടലിനെതിരെ മമതയുടെ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജി കേന്ദ്രത്തിന്റെ വാദങ്ങളെ തള്ളി നിലനില്‍ക്കുന്നതാണെന്ന് സുപ്രീം കോടതി വ്യക്തമാക്കിയതോടെ മോദി- മമതാ പോരാട്ടത്തിന് മാത്രമല്ല മോദി സര്‍ക്കാര്‍ വിഎസ് പ്രതിപക്ഷ പാര്‍ട്ടി ഭരിക്കുന്ന സംസ്ഥാന സര്‍ക്കാരുകള്‍ എന്ന പോരാട്ടത്തിന് പുത്തന്‍ മാനം കൈവന്നിരിക്കുകയാണ്.

സംസ്ഥാന സര്‍ക്കാര്‍ സമ്മതം റദ്ദാക്കിയിട്ടും സിബിഐ കേസെടുക്കുന്നുവെന്ന പശ്ചിമ ബംഗാളിന്റെ ഹര്‍ജി നിലനില്‍ക്കുന്നതാണെന്ന് സുപ്രീം കോടതി അസന്നിഗ്ധമായി വ്യക്തമാക്കിയിരിക്കുകയാണ്. 2018-ലാണ് കേസെടുക്കുന്നതില്‍ സി ബി ഐക്കുള്ള പൊതുസമ്മതം മമത ബാനര്‍ജി സര്‍ക്കാര്‍ പിന്‍വലിച്ചത്. മോദി സര്‍ക്കാര്‍ വേഴ്‌സസ് മമത പോരാട്ടത്തില്‍ സംസ്ഥാനത്തിനുള്ളില്‍ രണ്ട് അധികാരകേന്ദ്രങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടല്‍ പതിവായിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ ആളായ ഗവര്‍ണറും സംസ്ഥാന സര്‍ക്കാരും തമ്മിലുള്ള പരസ്യപോരും ബംഗാളിന് പുറമേ കേരളത്തിലടക്കം പൊതുജനശ്രദ്ധ നേടിയ വിഷയമാണ്. ഇതിനിടയിലാണ് പൊതുസമ്മതം സംസ്ഥാന ഭരണകൂടം റദ്ദാക്കിയിട്ടും സംസ്ഥാനത്ത് സിബിഐ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നത് തുടര്‍ന്നത്. കേന്ദ്രസര്‍ക്കാരിന്റെ പിന്‍ബലത്തിലാണ് സംസ്ഥാനത്തിന്റെ അധികാരം ചോദ്യം ചെയ്തുള്ള നീക്കത്തിന് സിബിഐ തയ്യാറായത്. സിബിഐ നിലപാടിനെ ചോദ്യം ചെയ്ത് കേന്ദ്ര സര്‍ക്കാരിനെതിരെ പശ്ചിമ ബംഗാള്‍ സമര്‍പ്പിച്ച ഹര്‍ജി നിലനില്‍ക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കിയതോടെ ഫെഡറല്‍ സംവിധാനത്തിന് മേല്‍ കേന്ദ്രം നടത്തുന്ന ഒരു അധികാര പ്രയോഗം കൂടി പരമോന്നത കോടതിയില്‍ ചോദ്യം ചെയ്യപ്പെടുകയാണ്.

ഇഡിയേയും സിബിഐയേയും ഉപയോഗിച്ച് പ്രതിപക്ഷ നേതാക്കളെ വിചാരണയില്ലാതെ കാലാകാലങ്ങളായി കുറ്റപത്രം സമര്‍പ്പിക്കാതെ അകത്തിടുന്ന മോദി സര്‍ക്കാര്‍ രീതി കോടതികള്‍ക്ക് മുന്നില്‍ ചോദ്യം ചെയ്യപ്പെടുന്നതിനിടയിലാണ് കേന്ദ്രത്തിന് സുപ്രീം കോടതിയില്‍ നിന്നും സിബിഐ വിഷയത്തില്‍ തിരിച്ചടി. കേന്ദ്രസര്‍ക്കാര്‍ ഉന്നയിച്ച പ്രാഥമിക എതിര്‍പ്പുകള്‍ തള്ളിക്കൊണ്ടാണ് സുപ്രീം കോടതി പശ്ചിമ ബംഗാള്‍ സര്‍ക്കാരിന്റെ ആവലാതി നിലനില്‍ക്കുന്നതാണെന്ന് പ്രഖ്യാപിച്ചത്. ജസ്റ്റിസുമാരായ ബിആര്‍ ഗവായ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ചിന്റേതാണ് സംസ്ഥാന സര്‍ക്കാരിന് അനുകൂലമായ ഉത്തരവ്. ഹര്‍ജിയില്‍ സംസ്ഥാനം വസ്തുതകള്‍ മറച്ചുവെച്ചുവെന്ന കേന്ദ്രസര്‍ക്കാരിന്റെ വാദം കൂടി സുപ്രീം കോടതി തള്ളിക്കളഞ്ഞു.

കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരും തമ്മില്‍ നിലനിന്ന അധികാര തര്‍ക്കത്തിന്റേയും രാഷ്ട്രീയ പോരിന്റേയും ബാക്കി പത്രമായി 2018-ലാണ് സി ബി ഐക്കുള്ള പൊതുസമ്മതം മമത സര്‍ക്കാര്‍ പിന്‍വലിച്ചത്. ഇതോടെ സംസ്ഥാന സര്‍ക്കാരിന്റെ അധികാര പരിധിയിലുള്ള കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് സിബിഐക്ക് കഴിയില്ലെന്ന വാദമാണ് ബംഗാള്‍ സര്‍ക്കാര്‍ ഉയര്‍ത്തുന്നത്. എന്നാല്‍ സംസ്ഥാനത്തിന്റെ അധികാര പരിധിയില്‍ കൈകടത്തി കേന്ദ്രസര്‍ക്കാരിന്റെ മേല്‍നോട്ടത്തിലാണ് സിബിഐ കേസെടുക്കുന്നതെന്ന് പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയില്ലാതെ സിബിഐ പ്രവര്‍ത്തിക്കുകയാണെന്ന് ബംഗാള്‍ സര്‍ക്കാര്‍ ആരോപിക്കുമ്പോള്‍ അതിലെ കാര്യങ്ങള്‍ മുഖവിലയ്‌ക്കെടുക്കേണ്ടതുണ്ടെന്ന് സുപ്രീം കോടതി ബെഞ്ച് വ്യക്തമാക്കി.

വിഷയത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനും പരിഗണിക്കാനുമായി ബംഗാള്‍ സര്‍ക്കാരിന്റെ ഹര്‍ജി ആഗസ്ത് 13ലേക്ക് സുപ്രീം കോടതി മാറ്റിവെയ്ക്കുകയും ചെയ്തു. വിധിനിര്‍ണയത്തിനുള്ള വിഷയങ്ങള്‍ എന്തൊക്കെയെന്നതില്‍ തീരുമാനമെടുക്കുന്നതിന് ബംഗാളിന്റെയും കേന്ദ്ര സര്‍ക്കാരിന്റെയും അന്തിമ വാദം അന്ന് സുപ്രീം കോടതി കേള്‍ക്കും. മമതാ ബാനര്‍ജി സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയില്‍ സുപ്രീം കോടതിയില്‍ പശ്ചിമ ബംഗാളിന് വേണ്ടി ഹാജരായത് മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലാണ്. 2018 നവംബര്‍ 16 ന് സംസ്ഥാനം സമ്മതം പിന്‍വലിച്ചുകഴിഞ്ഞതിനാല്‍ കേന്ദ്ര അന്വേഷണ ഏജന്‍സിയെ അന്വേഷണത്തിനായി സംസ്ഥാനത്തേക്ക് പ്രവേശിപ്പിക്കാന്‍ കേന്ദ്രത്തിന് കഴിയില്ലെന്ന് കപില്‍ സിബല്‍ കോടതിയില്‍ വാദിച്ചു. ഇതിനെ പ്രതിരോധിക്കാനായി സിബിഐ അന്വേഷണത്തില്‍ കേന്ദ്ര സര്‍ക്കാരോ അതിന്റെ വകുപ്പുകളോ ഒരു മേല്‍നോട്ടവും നിയന്ത്രണവും നടത്തുന്നില്ലെന്നാണ് കേന്ദ്രത്തിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞത്. സിബിഐ ഫയല്‍ ചെയ്ത കേസിന്റെ അടിസ്ഥാനത്തില്‍ കേസുമായി നേരിട്ട് ബന്ധമില്ലാത്ത കേന്ദ്രത്തിനെതിരെ കേസ് ഫയല്‍ ചെയ്യാന്‍ കഴിയില്ലെന്നും സി.ബി.ഐക്ക് സ്വതന്ത്ര നിയമ അസ്ഥിത്വമുണ്ടെന്നും പ്രത്യേക നിലനില്‍പ്പുണ്ടെന്നും തുഷാര്‍ മേത്ത വാദിച്ചു.

പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ ഫയല്‍ ചെയ്ത കേസിന്റെ നിലനില്‍പ്പിനെക്കുറിച്ച് കേന്ദ്രം പ്രാഥമിക വാദത്തില്‍ തന്നെ എതിര്‍പ്പുകള്‍ ഉന്നയിച്ചിരുന്നു. സിബിഐ വിഷയത്തില്‍ യൂണിയന്‍ ഓഫ് ഇന്ത്യയ്ക്കെതിരെ നടപടിക്ക് നീങ്ങാന്‍ ഒരു കാരണവുമില്ലെന്നായിരുന്ന കേന്ദ്രത്തിന്റെ വാദം. കേന്ദ്രസര്‍ക്കാരിനെതിരെ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 131 പ്രകാരം പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ കേന്ദ്രത്തിനെതിരെ ഒര്‍ജിനല്‍ സ്യൂട്ട് ഫയല്‍ ചെയ്തു. കേസുകള്‍ അന്വേഷിക്കാന്‍ ഫെഡറല്‍ ഏജന്‍സിക്കുള്ള പൊതു സമ്മതം സംസ്ഥാനം പിന്‍വലിച്ചിട്ടും സംസ്ഥാനത്തിന്റെ പ്രാദേശിക അധികാരപരിധിക്കുള്ളില്‍ സിബിഐ എഫ്‌ഐആര്‍ ഫയല്‍ ചെയ്യുകയും അന്വേഷണവുമായി മുന്നോട്ട് പോകുകയും ചെയ്യുന്നുവെന്ന് ആരോപിച്ചായിരുന്നു കേസ്. കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള തര്‍ക്കത്തില്‍ സുപ്രീം കോടതിയുടെ യഥാര്‍ഥ അധികാരപരിധി പരാമര്‍ശിക്കുന്ന ഭരണഘടനയുടെ അനുച്ഛേദം 131 പ്രകാരമാണ് ബംഗാള്‍ സര്‍ക്കാരിന്റെ ഹര്‍ജി. 1946ലെ ഡിഎസ്പിഇ നിയമപ്രകാരം സമ്മതം അസാധുവാക്കിയിട്ടും സംസ്ഥാനത്തിനുള്ളില്‍ നടന്ന കുറ്റകൃത്യങ്ങളില്‍ സിബിഐ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നത് തുടരുകയാണെന്ന് ബംഗാള്‍ സര്‍ക്കാര്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.

പൊതുസമ്മതം പിന്‍വലിച്ചശേഷം എഫ് ഐ ആറുകള്‍ രജിസ്റ്റര്‍ ചെയ്യാനും ഡല്‍ഹി സ്‌പെഷ്യല്‍ പോലീസ് എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് എന്ന ഡിഎസ്പിഇഎ ആറാം വകുപ്പിനു വിരുദ്ധമായ കേസുകള്‍ അന്വേഷിക്കാനും സിബിഐക്കു കഴിയുമോയെന്നത് സംബന്ധിച്ച് ഈ ഹര്‍ജി കടുത്ത നിയമപ്രശ്നം ഉയര്‍ത്തുന്നതായി സുപ്രീം കോടതി ബെഞ്ച് വ്യക്തമാക്കി കഴിഞ്ഞു. കേന്ദ്രത്തിന്റെ പ്രാഥമിക വാദങ്ങള്‍ തള്ളിയ സുപ്രീം കോടതി ബംഗാളിന്റെ ഹര്‍ജി ഗുരുതരമായ പ്രശ്നം ഉള്‍ക്കൊള്ളുന്നതാണെന്നും ഫെഡറല്‍ ഘടനയില്‍ കൂടുതല്‍ വിശാലതയുണ്ടെന്നും കേന്ദ്രസര്‍ക്കാരിനെ ഓര്‍മ്മിപ്പിക്കാനും മറന്നില്ല.