ആംആദ്മിയെ കുരുക്കിയ ഡല്‍ഹി മദ്യനയം എന്താണ്?

അഴിമതി വിരുദ്ധ സര്‍ക്കാര്‍ എന്ന മുന്നേറ്റത്തിനായി വാദിച്ച് ചൂലെടുത്ത് രാജ്യതലസ്ഥാനത്ത് അടിച്ചുവാരി ഇറങ്ങിയ ആംആദ്മിയെ അതേ അഴിമതി ആരോപണത്തില്‍ കെട്ടിയിട്ട് കുരുക്കി കേന്ദ്രസര്‍ക്കാരും ഇഡിയും. ഡല്‍ഹി മദ്യനയക്കേസില്‍ അരവിന്ദ് കെജ്രിവാളിന്റെ ആംആദ്മിയിലെ ഓരോ വിശ്വസ്തരായി ഇഡിയുടെ അറസ്റ്റിലാവുകയാണ്. കള്ളപ്പണ വെളുപ്പിക്കല്‍ കേസില്‍ 2022 മേയ് 31ന് കെജ്രിവാള്‍ മന്ത്രിസഭയില്‍ ആരോഗ്യമന്ത്രിയായിരുന്ന സത്യേന്ദ്ര ജെയ്ന്‍ അറസ്റ്റിലായി. പിന്നീട് ഡല്‍ഹി മദ്യനയ കേസില്‍ 2023 ഫെബ്രുവരി 26ന് ഡല്‍ഹി ഉപമുഖ്യമന്ത്രിയായ മനീഷ് സിസോദിയ അറസ്റ്റിലായി. എട്ട് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലായിരുന്നു ഇഡി അറസ്റ്റ്. ഒടുവിലായി ഇതാ ഡല്‍ഹി സര്‍ക്കാരിന്റെ മദ്യനയവുമായി ബന്ധപ്പെട്ട അഴിമതിക്കേസില്‍ ആംആദ്മി പാര്‍ട്ടിയുടെ രാജ്യസഭാംഗം സഞ്ജയ് സിങ്ങിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഒക്ടോബര്‍ നാലിന് അറസ്റ്റ് ചെയ്തിരിക്കുന്നു.

ഒന്നേ, രണ്ടേ, മൂന്നേ എന്ന് എണ്ണി തത്തെ ഇഡി- സിബിഐ അറസ്റ്റുകള്‍ ഉണ്ടാകുമ്പോള്‍ അഴിമതി വിരുദ്ധ സര്‍ക്കാരുണ്ടാക്കാന്‍ വന്നവരുടെ അഴിമതിയെന്ന് പറഞ്ഞു ബിജെപി മന്ത്രിമാര്‍ ആംആദ്മിയെ പരിഹസിക്കുകയാണ്.

മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ കാണുമ്പോള്‍ ജനം ചിരിക്കുകയാണെന്ന് പരിഹസിക്കുകയാണ് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍. ജനങ്ങള്‍ക്ക് കെജ്രിവാളിന്റെ മുഖത്തുള്ള മാനസിക പിരിമുറുക്കം കാണാനാകുമെന്ന് പറഞ്ഞ അനുരാഗ് ഠാക്കൂര്‍ കേജ്രിവാളിന്റെ ഉപമുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയുമെല്ലാം ഇപ്പോള്‍ ജയിലിലാണെന്നും പരിഹസിച്ചു. അഴിമതിക്കെതിരെ മുദ്രാവാക്യം മുഴക്കിയാണ് ഇവരെല്ലാം അധികാരത്തില്‍ വന്നത്. ഇന്ന് ഇവര്‍ അഴിമതി കേസുകളില്‍ പങ്കാളികളാവുകയാണ്. കിങ് പിന്‍ ഇപ്പോഴും പുറത്ത് തന്നെയാണ്, അയാളുടെ നമ്പരും വരുമെന്ന് അനുരാഗ് ഠാക്കൂര്‍ പരിഹസിക്കുന്നുണ്ട്. സത്യസന്ധരെന്നു കെജ്രിവാള്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയവരെല്ലാം ഒരു വര്‍ഷമായി ജയിലിലാണെന്നും ഠാക്കൂര്‍ പറയുന്നു.

2024 ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ വിവിധ സംസ്ഥാനങ്ങളില്‍ ഇഡി പൂര്‍വ്വാധികം ശക്തിയോടെ കേസുകളില്‍ ഇടപെടല്‍ നടത്തുന്നുണ്ട്. അതിനിടയിലാണ് ഡല്‍ഹിയില്‍ ഇഡി വീണ്ടും ആംആദ്മി പാര്‍ട്ടിയെ ചുറ്റി വരയുന്നത്. ശക്തമായി പ്രതിരോധിക്കാന്‍ ആംആദ്മി പാര്‍ട്ടി അണികളും ഡല്‍ഹിയില്‍ രംഗത്തിറങ്ങിയിട്ടുണ്ട്. ആംആദ്മി എംപി സഞ്ജയ് സിങ്ങിനെ അറസ്റ്റു ചെയ്തതിനെതിരെ പ്രതിഷേധ പ്രകടനവുമായി പാര്‍ട്ടി പ്രവര്‍ത്തകര്‍ ബിജെപി ദേശീയ ആസ്ഥാനത്തേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. പൊലീസ് ബാരിക്കേഡുകള്‍ സ്ഥാപിച്ച് പ്രതിഷേധകരെ തടഞ്ഞെങ്കിലും ശക്തമായ പ്രതിഷേധം വരും ദിവസങ്ങളില്‍ ഉയര്‍ത്താനാണ് ആംആദ്മി തീരുമാനിച്ചിരിക്കുന്നത്.

മദ്യനയത്തിന്റെ മറവില്‍ ആംആദ്മിക്ക് ഫണ്ട് സ്വരൂപിക്കാന്‍ ഇടനിലക്കാരനായ ദിനേശ് അറോറയെ സഞ്ജയ് സിങ് ഉപയോഗപ്പെടുത്തിയെന്നാണ് ഇഡിയുടെ ആരോപണം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമര്‍ശിച്ചാണ് സഞ്ജയ് സിങ് അറസ്റ്റുവരിച്ചത്. രാജ്യസഭയില്‍ അദാനി- മോദി ബന്ധത്തിനെതിരെ നിലപാടെടുത്തതിനാണ് സഞ്ജയ് സിങ്ങിനെ അറസ്റ്റ് ചെയ്തതെന്ന് ആപ് നേതാക്കള്‍ ആരോപിക്കുകയും ചെയ്തു. തിരഞ്ഞെടുപ്പിനു മുന്‍പ് നരേന്ദ്ര മോദിയുടെ ആയുധമായ കേന്ദ്ര ഏജന്‍സികള്‍ കൂടുതല്‍ പ്രതിപക്ഷ നേതാക്കളെ അറസ്റ്റു ചെയ്യുമെന്നും തിരഞ്ഞെടുപ്പിനെ ബിജെപിക്ക് ഭയമാണെന്നും കെജ്രിവാള്‍ പറയുന്നു. സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവു വലിയ അഴിമതിക്കാരനായ പ്രധാനമന്ത്രിയാണു നരേന്ദ്ര മോദിയെന്നും അരവിന്ദ് കെജ്രിവാള്‍.

ഇന്ത്യ മുന്നണിയുടെ ഭാഗമായുള്ള പ്രതിപക്ഷ നേതാക്കളും കേന്ദ്ര സര്‍ക്കാരിന്റെ ഇഡിയെ ഉപയോഗിച്ചുള്ള വേട്ടയാടലിനെതിരെ ശക്തമായി രംഗത്തുവന്നു.
അറസ്റ്റ് അഴിമതി രഹിത ഭാരതത്തിലേക്കുള്ള ചുവടുവയ്പ്പാണെന്ന് പറഞ്ഞാണ് ബിജെപിയുടെ തിരിച്ചടി മുഴുവന്‍.

ഇനി എന്താണ് ആംആദ്മിയെ വെട്ടിലാക്കിയ ഡല്‍ഹി മദ്യനയം?

2021- 2022 ലെ ഡല്‍ഹി മദ്യ നയം കഴിഞ്ഞ വര്‍ഷം 2021 നവംബര്‍ 17 മുതലാണ് നടപ്പിലാക്കി തുടങ്ങിയത്. നയമനുസരിച്ച്, മദ്യത്തിന്റെ ചില്ലറ വില്‍പ്പനയില്‍ നിന്ന് സര്‍ക്കാര്‍ പിന്‍വാങ്ങുകയും സ്വകാര്യ ലൈസന്‍സികള്‍ക്ക് സ്റ്റോറുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ അനുമതി നല്‍കുകയും ചെയ്തു. കരിഞ്ചന്ത തടയുക, സര്‍ക്കാരിന്റെ വരുമാനം വര്‍ദ്ധിപ്പിക്കുക, മൊത്തത്തിലുള്ള ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തുക എന്നിവ ലക്ഷ്യമിട്ടാണ് ഈ നീക്കമെന്നാണ ആപ് സര്‍ക്കാര്‍ നയത്തെ കുറിച്ച് പറഞ്ഞത്.ഡല്‍ഹി നഗരത്തിലുടനീളമുള്ള 849 വ്യാപാരസ്ഥലങ്ങള്‍ 32 സോണുകളായി തിരിച്ച് റീട്ടെയില്‍ ലൈസന്‍സ് നല്‍കി. സര്‍ക്കാര്‍ നിശ്ചയിച്ച വിലയില്‍ മദ്യം വില്‍ക്കുന്നതിനു പകരം കിഴിവുകള്‍ നല്‍കാനും സ്വന്തമായി വില നിശ്ചയിക്കാനും അനുവദിക്കുന്നതു പോലുള്ള ചട്ടങ്ങളും സര്‍ക്കാര്‍ ഈ മദ്യനയത്തില്‍ അനുവദിച്ചു. തുടര്‍ന്ന് വില്‍പ്പനക്കാര്‍ ഡിസ്‌കൗണ്ടുകള്‍ വാഗ്ദാനം ചെയ്ത്് ജനങ്ങളെ ആകര്‍ഷിച്ചു. എന്നാല്‍, പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് എക്സൈസ് വകുപ്പിന് കുറച്ചുകാലത്തേക്ക് ഡിസ്‌കൗണ്ടുകള്‍ പിന്‍വലിക്കേണ്ടതായി വന്നു. 2022 ഓഗസ്റ്റ് ഒന്നിന് നയം ഡല്‍ഹി സര്‍ക്കാര്‍ പിന്‍വലിക്കുകയും ചെയ്തു.

എന്തായാലും ഈ നയപ്രകാരം ഡല്‍ഹി സര്‍ക്കാരിന്റെ വരുമാനം 27 മടങ്ങാണ് വര്‍ധിച്ചത്. എന്തായാലും ഡല്‍ഹി മദ്യനയത്തിലൂടെ കള്ളപ്പണം വെളുപ്പിക്കാന്‍ ആംആദ്മി പാര്‍ട്ടി ശ്രമിച്ചുവെന്നതാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ആരോപണം. ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ കള്ളപ്പണം വെളുപ്പിച്ചതില്‍ ആം ആദ്മി പാര്‍ട്ടിക്കു ഗുണം ലഭിച്ചെങ്കില്‍ എന്തുകൊണ്ടാണ് പാര്‍ട്ടിക്കെതിരെ കുറ്റംചുമത്താത്തതെന്ന് സുപ്രീം കോടതി ഇന്നലെ ചോദിച്ചത് വലിയ ചര്‍ച്ചയ്ക്ക് ഇടയാക്കിയിട്ടുണ്ട്.

മദ്യനയ അഴിമിതിയില്‍ ആം ആദ്മി പാര്‍ട്ടിക്ക് 100 കോടി രൂപ നല്‍കിയെന്നാണ് നിങ്ങളുടെ വാദമെങ്കില്‍ എന്തുകൊണ്ട് ‘രാഷ്ട്രീയ പാര്‍ട്ടിയെ ഇപ്പോഴും പ്രതിയാക്കുകയോ കക്ഷി ചേര്‍ക്കുകയോ ചെയ്തിട്ടില്ല എന്നാണ് എന്‌ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനോട് സുപ്രീം കോടതി ചോദിച്ചത്. ഇതിന് നിങ്ങള്‍ എങ്ങനെ ഉത്തരം പറയുമെന്നും കോടതി ചോദിച്ചിരുന്നു. വരും ദിവസങ്ങളില്‍ രാഷ്ട്രീയ പാര്‍ട്ടികളെ പ്രതിചേര്‍ക്കാത്തത് എന്തെന്ന സുപ്രീം കോടതിയുടെ ചോദ്യമാകും രാഷ്ട്രീയ മണ്ഡലങ്ങളില്‍ ഏറെ ചര്‍ച്ചയാവുക, അങ്ങനെയെങ്കില്‍ പല കേസുകളിലും ഇത് ബാധകമാവില്ലേ എന്ന ചോദ്യവും ഉയരും.