കയ്യേറ്റ ഭൂമിയില്‍ തൊട്ടാല്‍ മണിയാശാന്റെ സ്വഭാവം മാറും

വിപിന്‍ദേവ് വിപി

2006ല്‍ വിഎസ് അച്യുതാനന്ദന്‍ മൂന്നാറിലെ കയ്യേറ്റം ഒഴിപ്പിക്കാന്‍ മുണ്ടും മടക്കി കുത്തി ഇറങ്ങിയത് കേരളം മറന്നിട്ടില്ല. എന്നാല്‍ പതിയെ വിഎസിന്റെ ഊര്‍ജ്ജം നഷ്ടപ്പെട്ടു. മൂന്നാര്‍ ദൗത്യം ഉപേക്ഷിച്ച് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ മലയിറങ്ങുമ്പോള്‍ കേരളത്തിലെ സിപിഎമ്മിനുള്ളില്‍ വിഭാഗീയത അന്നുവരെ കണ്ടതില്‍ വച്ച് ഏറ്റവും കൊടുംപിരികൊണ്ടു നില്‍ക്കുന്ന കാലമായിരുന്നു.

വിഎസ് കയ്യേറ്റം ഒഴിപ്പിക്കാന്‍ ഇറങ്ങി പുറപ്പെട്ട കാലത്ത് ചന്ദ്രഹാസം മുഴക്കി നിന്നത് പോലെ തന്നെ ഇപ്പോഴും മണിയാശാന്‍ ഒരേ നില്‍പ്പാണ്. അന്ന് മണിയാശാനെ ചേര്‍ത്തുപിടിക്കാനും സംരക്ഷിച്ച് കൂടെ നിറുത്താനും പാര്‍ട്ടി സെക്രട്ടറി ഉണ്ടായിരുന്നു. അതായത് ഇന്നത്തെ കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന്‍.

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കയ്യേറ്റം നടക്കുന്ന ഇടുക്കിയില്‍ കാലാ കാലങ്ങളായി, കൈയേറ്റത്തിന് കുടപിടിച്ച് കൊടുക്കുന്നത് സിപിഎം ആയിരുന്നു. ജില്ലയില്‍ എവിടെ റവന്യൂ ഭൂമി കൈയേറിയാലും സിപിഐയ്ക്കോ റവന്യൂ ഉദ്യോഗസ്ഥര്‍ക്കോ വാ തുറക്കാന്‍ സാധിക്കാറില്ല. അതിന് അവരെ ഭയപ്പെടുത്തിയിരുന്നത് മണിയാശാനെന്ന ഒറ്റയാന്‍ ആയിരുന്നു.

എന്നാല്‍ നിലവില്‍ മുഖ്യമന്ത്രിയുടെ കൂടി ആവശ്യമാണ് മൂന്നാറിലെ കയ്യേറ്റം ഒഴിപ്പിച്ച് സര്‍ക്കാരിന്റെ പ്രതിച്ഛായ തിരിച്ചുപിടിക്കേണ്ടത്. പക്ഷേ മന്ത്രിയല്ലാത്ത മണിയാശാന് ഇതൊന്നും ഒരു പ്രശ്നമേ അല്ല. അതാണ് മണിയാശാന്‍ ഒഴിപ്പിക്കാന്‍ വരുന്നവരെ പ്രതിരോധിക്കുമെന്ന് തന്റെ സ്വതസിദ്ധമായ ശൈലിയില്‍ വച്ച് കാച്ചിയത്.

ഒരവസരം കാത്തിരുന്ന സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെകെ ശിവരാമന്‍ മണിയാശാനിട്ട് നല്ല ഒന്നാന്തരം കൊട്ട് കൊടുത്തിട്ടുണ്ട്. ഒഴിപ്പിക്കാന്‍ വരുന്നവരുടെ കൈയും വെട്ടും, കാലും വെട്ടും, നാവും പിഴുതെടുക്കും എന്നൊക്കെയാണ് പ്രഖ്യാപനം. ഇത്രയും ബുദ്ധിമുട്ടുന്നത് എന്തിനാണെന്നാണ് ശിവരാമന്റെ ചോദ്യം. തല വെട്ടിക്കളഞ്ഞാല്‍ മതിയല്ലോ! കാലും കൈയും വെട്ടി നാവും പിഴുതെടുക്കാന്‍ കുറേ സമയമെടുക്കില്ലേ എന്നാണ് ശിവരാമന്‍ സഖാവിന്റെ പരിഹാസം.

ഫേസ്ബുക്ക് പോസ്റ്റിലൂടെ ആയിരുന്നു ശിവരാമന്‍ സഖാവിന്റെ ആരോപണം. പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം ഇങ്ങനെയാണ്;

ജില്ലയിലെ കയ്യേറ്റ മാഫിയയെ തളക്കണം. കയ്യേറ്റക്കാരെ ഒഴിപ്പിക്കണമെന്ന് പറയുമ്പോള്‍ ചിലര്‍ക്ക് സമനില തെറ്റും, ഒഴിപ്പിക്കാന്‍ വരുന്നവരുടെ കയ്യും വെട്ടും, കാലും വെട്ടും, നാവും പിഴുതെടുക്കും, എന്നൊക്കെയാണ് പ്രഖ്യാപനം. ഇത്രയും ബുദ്ധിമുട്ടുന്നത് എന്തിനാണ്? തലവെട്ടിക്കളഞ്ഞാല്‍ മതിയല്ലോ! കാലും കയ്യും വെട്ടി നാവും പിഴുതെടുക്കുവാന്‍ കൊറേ സമയം എടുക്കുമല്ലോ.

ചിന്നക്കനാല്‍ പഞ്ചായത്തില്‍ 100 കണക്കിനേക്കര്‍ സര്‍ക്കാര്‍ ഭൂമി കയ്യേറി കുരിശ് കൃഷി നടത്തുന്നവര്‍ കുടിയേറ്റക്കാരാകുന്നത് എങ്ങനെ എന്ന് മനസിലാകുന്നില്ല. ജില്ലയില്‍ വിവിധ പഞ്ചായത്തുകളില്‍ 1000 കണക്കിന് ഏക്കര്‍ ഭൂമി കയ്യേറ്റ മാഫിയയുടെ കയ്യിലാണ്. ജില്ലയിലെ തോട്ടങ്ങള്‍ തുണ്ട് തുണ്ടായി മുറിച്ചു വില്‍ക്കാന്‍ തുടങ്ങിയിട്ട് കാലമേറെയായി.

ഇതൊന്നും അധികാരികള്‍ അറിയുന്നില്ല. അഥവാ അറിഞ്ഞാലും ഈ നിയമ വിരുദ്ധ പ്രവര്‍ത്തനത്തിന് തടയിടാന്‍ കഴിയുന്നില്ല . 1000 കണക്കിന് ഭൂരഹിത കര്‍ഷക തൊഴിലാളികളും തോട്ടം തൊഴിലാളികളും ഒരു കൂര കെട്ടി താമസിക്കാന്‍ ഇടമില്ലാത്ത നാട്ടിലാണ് കയ്യേറ്റക്കാരെ പറുദീസ ഒരുക്കുന്നത്. വ്യക്തമായ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം.

സര്‍ക്കാര്‍ ഭൂമി കയ്യേറിയ സമസ്ത വമ്പന്മാരെയും കൊമ്പന്മാരെയും പിടിച്ച് അകത്തിടണം. ഈ ഭൂമി ഒക്കെ പിടിച്ചെടുത്ത് ഭൂരഹിത കര്‍ഷക തൊഴിലാളികള്‍ക്കും, തോട്ടം തൊഴിലാളികള്‍ക്കും വിതരണം ചെയ്യണം.തുണ്ട് തുണ്ടായി വില്‍കപ്പെട്ട തോട്ട ഭൂമി എല്ലാം സര്‍ക്കാര്‍ വീണ്ടെടുത്ത് ഭൂ രഹിതര്‍ക്ക് വിതരണം ചെയ്യണം.

എന്തായാലും സംഭവത്തില്‍ ആകെ പെട്ടിരിക്കുന്നത് മണിയാശാനാണ്. വിഎസിനെതിരെ ചന്ദ്രഹാസം മുഴക്കി മൂന്നാറിന്റെ വന്യതയില്‍ നെഞ്ചും വിരിച്ച് നിന്നപ്പോള്‍ രക്ഷിക്കാന്‍ പാര്‍ട്ടി സെക്രട്ടറി ഉണ്ടായിരുന്നു. ഇപ്പോള്‍ അതേ പാര്‍ട്ടി സെക്രട്ടറിയ്ക്കെതിരെ മുണ്ടും മടക്കി കുത്തി നിന്നാല്‍ മണിയാശാനെ രക്ഷിക്കാന്‍ ആരുണ്ടെന്ന ചോദ്യം മാത്രമാണ് ബാക്കി.

സിപിഎമ്മിന്റെ പെട്ടിയില്‍ ആണിയടിക്കാന്‍ മത്സരിക്കുന്ന സിപിഐ ചരിത്രം ഇടയ്ക്കൊക്കെ ഓര്‍ക്കുന്നതും നല്ലതാണ്. മൂന്നാര്‍ ടൗണില്‍ വിഎസിന്റെ ജെസിബി അന്ന് ഇറങ്ങിയപ്പോള്‍ പിന്തുണ പിന്‍വലിച്ച് പുറം തിരിഞ്ഞ് നിന്നവരാണ് സിപിഐക്കാര്‍. അതേ സിപിഐ തന്നെയാണ് ഇന്ന് മൂന്നാറിലെ കയ്യേറ്റക്കാരെ കുറിച്ച് ആവലാതിപ്പെടുന്നതും. എന്തായാലും സര്‍ക്കാരിന്റെ കണക്കില്‍പ്പെടുന്ന കയ്യേറ്റ ഭൂമിയില്‍ സിപിഐയുടെ പാര്‍ട്ടി ഓഫീസുകള്‍ ഇല്ലെന്ന് ഉറപ്പിച്ചിട്ടാവും ശിവരാമന്‍ സഖാവ് കയ്യേറ്റ ഭൂമിയില്‍ വ്യാകുലപ്പെടുന്നതെന്ന് കരുതാം.