ലോക്‌സഭയില്‍ ഒരു ഫ്ളൈയിംഗ് കിസ് ഉണ്ടാക്കിയ പൊല്ലാപ്പ്

കഴിഞ്ഞ അവിശ്വാസ പ്രമേയ കാലത്ത് നരേന്ദ്ര മോദിക്ക് അടുത്തേക്ക് നടന്നു ചെന്ന് ഒരു ആലിംഗനം, വേണമെങ്കില്‍ ബിയര്‍ ഹഗ് എന്നൊക്കെ പറയാം. പിന്നീട് ഗഹനമായ ചര്‍ച്ചയ്ക്കിടയില്‍ ഒരു കണ്ണിറുക്കല്‍, ഇപ്പോള്‍ ഇതാ ഒരു ഫ്ളൈയിംഗ് കിസ്. പാര്‍ലമെന്റില്‍ രാഹുല്‍ ഗാന്ധിയുടെ ചില മാനറിസങ്ങള്‍ ചര്‍ച്ചയാവുന്നത് ഇതാദ്യമല്ല. പക്ഷേ സ്ത്രീ വിരുദ്ധമെന്ന് ഒക്കെ പറഞ്ഞു ഇപ്പോഴത്തെ ഫ്‌ലൈയിംഗ് കിസ് വിവാദം ഊതിപ്പെരുപ്പിക്കാന്‍ സ്മൃതി ഇറാനി നടത്തുന്ന രാഷ്ട്രീയ കളി എന്തിനെന്നൊക്കെ ആര്‍ക്കും മനസിലാവും.

ഫ്‌ലൈയിംഗ് കിസാണോയെന്ന് വ്യക്തമായി തിരിച്ചറിയാന്‍ പറ്റാത്ത ഈ ഫ്‌ലൈയിംഗ് കിസിനാണ് പാര്‍ലമെന്റില്‍ രാഹുല്‍ ഗാന്ധി വനിത അംഗങ്ങള്‍ക്ക് നേരെ ഫ്‌ലയിങ് കിസ് നല്‍കിയെന്ന് പരാതിയുമായി വനുത ശിശുക്ഷേമ മന്ത്രി ഇറങ്ങിയിരിക്കുന്നത്. പാര്‍ലമെന്റില്‍ മണിപ്പുര്‍ വിഷയത്തില്‍ പ്രതിപക്ഷ ഇന്ത്യ മുന്നണി കൊണ്ടുവന്ന അവിശ്വാസപ്രമേയ ചര്‍ച്ചയില്‍ തന്റെ പ്രസംഗം കഴിഞ്ഞ് ലോക്‌സഭ വിട്ടുപോകുന്നതിനിടെ രാഹുല്‍ ഗാന്ധി മോശമായി പെരുമാറി എന്നാണ് സ്മൃതി ഇറാനിയുടെ ആരോപണം. ബിജെപിയുടെ വനിത എപിമാര്‍ ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ലയ്ക്ക് പരാതിയും നല്‍കി.

എന്തായാലും മണിപ്പൂരിലെ ക്ഷീണമങ്ങ് ഫ്‌ലൈയിംഗ് കിസില്‍ തീര്‍ക്കാമെന്നാണ് ഭരണപക്ഷം കരുതുന്നതെന്ന് വ്യക്തം. ഒരു അയോഗ്യത കഴിഞ്ഞിങ്ങ് വന്നപ്പോള്‍ തന്നെ രാഹുല്‍ ഗാന്ധിക്കെതിരെ ഒരു ആയുധം കിട്ടിയതിന്റെ ആവേശം ബിജെപിക്കാര്‍ക്കുണ്ട്.

എന്നാല്‍ ഫ്‌ലൈയിംഗ് കിസില്‍ കോണ്‍ഗ്രസിന്റെ നിലപാട് കുറച്ചു കൂടി കൃത്യമാണ്. രാഷ്ട്രീയക്കാരുടെ സ്ഥിരം കിടന്ന് ഉരുളലൊന്നും വിഷയത്തിലില്ല. ട്രഷറി ബെഞ്ചിലേക്ക് നോക്കിയാണ് രാഹുല്‍ ഗാന്ധി ഫ്‌ലൈയിംഗ് കിസ് കൊടുത്തതെന്നും അല്ലാതെ ഏതെങ്കിലും മന്ത്രിമാര്‍ക്കോ വനിത എംപിമാര്‍ക്കോ പ്രത്യേകിച്ചല്ലെന്നും കോണ്‍ഗ്രസ് വ്യക്തമാക്കുന്നുണ്ട്.

രാഹുല്‍ ഗാന്ധി പ്രസംഗം കഴിഞ്ഞ് ഇറങ്ങുമ്പോള്‍ ഭരണപക്ഷത്തെ ചിലര്‍ പരിഹസിച്ച് ചിരിച്ചു. ഇതുകണ്ട് ട്രഷറി ബെഞ്ച് അതായത് ഭരണപക്ഷത്തെ മുന്‍നിരക്കാര്‍ ഇരിക്കുന്ന ഇടത്തേക്ക് നോക്കി രാഹുല്‍ ഗാന്ധി ഒരു ഫ്‌ലൈയിംഗ് കിസ് നല്‍കി ഇറങ്ങുകയായിരുന്നു.

ഇത് പുറത്തുവന്ന ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഇത് തന്നെയാണ് കോണ്‍ഗ്രസിന്റെ ചില നേതാക്കളും പറഞ്ഞത്. ട്രഷറി ബെഞ്ചില്‍ നോക്കിയാണ് രാഹുല്‍ ഗാന്ധി പൊതുവായി ഒരു ഫ്‌ലൈയിംഗ് കിസ് നല്‍കിയതെന്നും അല്ലാതെ പ്രത്യേകിച്ചൊരു മന്ത്രിക്കോ എംപിക്കോ അല്ലെന്നും ഇനി എന്തൊക്കെ വന്നാലും അത് സ്മൃതി ഇറാനിക്ക് നേരയല്ലെന്നും ഒരു കോണ്‍ഗ്രസ് നേതാവ് പറഞ്ഞുവെന്നാണ് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്.

എന്തായാലും സ്മൃതി ഇറാനി പറയുന്നത് കേട്ടാല്‍ രാഹുല്‍ ഗാന്ധി എന്തോ മഹാപാതകം ചെയ്ത മട്ടിലാണ് കാര്യങ്ങള്‍. അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ നരേന്ദ്ര മോദിക്കും ബിജെപിക്കുമെതിരെ ശക്തമായി വാദമുഖങ്ങള്‍ ഉയര്‍ത്തിയ രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തിന് ശേഷമാണ് ലോക്‌സഭയില്‍ സ്മൃതി ഇറാനി പ്രസംഗിച്ചത്.

രാഹുല്‍ ഗാന്ധിയുടെ പേര് പരാമര്‍ശിക്കാതെയായിരുന്നു സ്മൃതി ഇറാനിയുടെ ഫ്‌ലൈയിംഗ് കിസ് ആരോപണം.

”എനിക്ക് മുന്‍പ് സംസാരിച്ചയാള്‍ വളരെ മോശമായി പെരുമാറിയാണ് ഇവിടം വിട്ടത്. സ്ത്രീ വിരുദ്ധനായ ഒരാള്‍ക്കുമാത്രമേ, വനിതാ പാര്‍ലമെന്റംഗങ്ങള്‍ക്കുനേരെ ഫ്‌ലയിങ് കിസ് ആംഗ്യം കാണിക്കാന്‍ കഴിയൂ. ഇത്തരത്തിലുള്ള മാന്യതയില്ലാത്ത പെരുമാറ്റം പാര്‍ലമെന്റില്‍ മുന്‍പ് കണ്ടിട്ടില്ല.

ഇത് ഈ കുടുംബത്തിന്റെ ലക്ഷണമാണെന്നും അയാളുടെ കുടുംബത്തിനും പാര്‍ട്ടിക്കും സ്ത്രീകളെ കുറിച്ചുള്ള ചിന്താഗതിയാണ് ഈ ആക്ഷനിലൂടെ വെളിവായതെന്നും സ്മൃതി ഇറാനി പറഞ്ഞു.

എന്തായാലും ബിജെപി വനിത എംപിമാര്‍ ഒപ്പിട്ട പരാതി സ്പീക്കറിന് കിട്ടിയിട്ടുണ്ട്. വയനാട് എംപി സ്മൃതി ഇറാനിക്ക് നേര്‍ക്ക് മോശമായി പെരുമാറിയെന്നും അനുചിതമായ അംഗവിക്ഷേപം നടത്തിയെന്നുമാണ് പരാതിയില്‍ പറയുന്നത്. കഠിനമായ നടപടി എടുക്കണമെന്നാണ് സ്പീക്കറോട് പരാതിക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. സഭയിലെ സ്ത്രീകളുടെ അന്തസിനെ മാത്രമല്ല സഭയുടെ തന്നെ അന്തസിനെ കളങ്കപ്പെടുത്തിയിരിക്കുകയാണ് സഭാംഗത്തിന്റെ പ്രവര്‍ത്തിയെന്നും പരാതിയിലുണ്ട്.

2018ല്‍ മോദി സര്‍ക്കാരിനെതിരായ ആദ്യ അവിശ്വാസപ്രമേയ ചര്‍ച്ച നടക്കുന്നതിനിടെ രാഹുല്‍ ഗാന്ധി, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആലിംഗനം ചെയ്തപ്പോള്‍ മോദിയടക്കം സ്തംബ്ധനായി പോയിരുന്നു. ഇപ്പോഴെന്തായാലും സ്മൃതി ഇറാനിക്ക് നേരെയായിരുന്നു രാഹുലിന്റെ ഫ്‌ലൈയിംഗ് കിസ് എന്ന് ബിജെപിക്കാര്‍ പറയുമ്പോള്‍ ഞെട്ടിയിരിക്കുന്നത് കോണ്‍ഗ്രസുകാരാണ്. ട്രഷറി ബെഞ്ചിലേക്ക് പറത്തി വിട്ട ഫ്‌ലൈയിംഗ് പറഞ്ഞുപറഞ്ഞു സ്മൃതിയും ബിജെപിയും എവിടെയെത്തിക്കുമെന്നതിന്റെ ആധിയിലാവും രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും. എന്തായാലും രാജ്യത്ത് ഫ്‌ലൈയിംഗ് കിസ് നിരോധിക്കാതിരുന്നാല്‍ മതിയായിരുന്നു.