മുഖ്യമന്ത്രി രേഖ ഗുപ്തയും ഭര്‍ത്താവും 'ബന്ധു നിയമനത്തിലെ' ബിജെപി ഏട്; 'കുടുംബ രാഷ്ട്രീയം', ബിജെപി പറയുന്നതും ചെയ്യുന്നതും!

ബന്ധു- ആശ്രിത നിയമനങ്ങള്‍ കേരളത്തിലും ദേശീയ രാഷ്ട്രീയത്തിലു പലകുറി ചര്‍ച്ചയായിട്ടുണ്ട്. ഗവണ്‍മെന്റ് സര്‍വ്വീസുകളില്‍ തന്റെ ബന്ധുക്കളെ തിരുകി കയറ്റുന്ന സമീപനം രാഷ്ട്രീയക്കാരെ പലപ്പോഴും അഴിമതിക്കാരാക്കി മാറ്റിയ ചരിത്രവും ഉണ്ട്. കുടുംബ വാഴ്ചയും രാഷ്ട്രീയ കളരിയില്‍ എതിരാളികള്‍ ആയുധമാക്കി പലരേയും വീഴ്ത്തിയിട്ടുണ്ട്. നരേന്ദ്ര മോദി പ്രധാനമന്ത്രിയായപ്പോഴും ആകാനുള്ള തയ്യാറെടുപ്പിലും കോണ്‍ഗ്രസിനെ വിറപ്പിക്കാന്‍ ഉപയോഗിച്ച പ്രധാന ആയുധം നെഹ്‌റു കുടുംബത്തിന്റെ രാഷ്ട്രീയ വാഴ്ചയായിരുന്നു. തലമുറ കൈമാറി വരുന്ന രാഷ്ട്രീയ രീതിയെ പരിഹസിച്ചും വേട്ടയാടിയുമാണ് നരേന്ദ്ര മോദി കോണ്‍ഗ്രസ് മുക്ത ഭാരതത്തിനായി പ്രവര്‍ത്തിച്ചത്. ഡൈനാസ്റ്റി പൊളിറ്റിക്‌സിനെ ആക്രമിക്കുന്ന ബിജെപിക്കാര്‍ പക്ഷേ രാഷ്ട്രീയത്തില്‍ അതില്‍ നിന്ന് മുക്തരൊന്നുമല്ലായിരുന്നെങ്കിലും അണികളെ വിശ്വസിപ്പിക്കാന്‍ വാട്‌സാപ്പ് യൂണിവേഴ്‌സിറ്റിയിലൂടെ തങ്ങള്‍ ഡൈനാസ്റ്റി പൊളിറ്റിക്‌സിനെ എതിര്‍ക്കുന്നവരാണെന്ന ഇമേജ് ഉണ്ടാക്കിയെടുത്തു. പക്ഷേ ബിജെപി നേതാക്കള്‍ ഡൈനാസ്റ്റി പൊളിറ്റിക്‌സിനൊപ്പം വളര്‍ത്തിയെടുത്ത അതിലും ഭീകരമായ കോര്‍പ്പറേറ്റ് പൊളിറ്റിക്‌സ് ഇന്ത്യയുടെ മുഖം തന്നെ മാറ്റിയെടുക്കുന്നത് പലരും കണ്ടില്ലെന്ന് നടിയ്ക്കുകയാണ്.

മോദി ഇമേജിനൊപ്പം അയാളുടെ ബന്ധുക്കള്‍ ആരും രാഷ്ട്രീയത്തില്‍ ഇല്ലെന്ന് മേനി നടിയ്ക്കുന്നവര്‍ ഗുജറാത്തില്‍ നിന്ന് മോദിയ്‌ക്കൊപ്പം ഇന്ത്യ പിടിച്ചെടുക്കാന്‍ വിമാനത്തിലെത്തിയ ഉറ്റ സുഹൃത്ത് ഗൗതം അദാനിയുടെ വളര്‍ച്ച കണ്ടില്ലെന്ന് നടിയ്ക്കും. അമിത് ഷായുടെ മകന്‍ ജയ്ഷായുടെ കോടികളുടെ ബിസിനസ് സംരംഭങ്ങളും ക്രിക്കറ്റിലെ പിടിപാടില്ലായ്മയിലും പെട്ടെന്ന് ഒരു ദിവസം ഗുജറാത്ത് ക്രിക്കറ്റ് ബോര്‍ഡിലും പിന്നീട് 20000 കോടിയ്ക്ക് മേല്‍ ആസ്തി ഉള്ള ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് ബോര്‍ഡിന്റെ തലപ്പത്ത് വിരാജിച്ചതും രാഷ്ട്രീയ ഇടപെടലില്ലാതെയാണെന്ന് സംഘബന്ധുക്കള്‍ മാത്രം പറയും. പിന്നീട് ഐസിസി തലപ്പത്ത് വരെയെത്തിയ ജയ് ഷായുടെ ക്യാമറയ്ക്ക് മുന്നിലും പിന്നിലുമുള്ള ആത്മവിശ്വാസമില്ലായ്മയുടെ പ്രകടനം അയാളുടെ ബിസിനസ്മാന്‍ ഇമേജിന് ഘടകവിരുദ്ധമാണെങ്കിലും അയാളുടെ കോടികള്‍ ടേണോവറുള്ള ബിസിനസുകളുടെ ഉറവിടം ആരും മോദി- ഷാ ഭരണത്തില്‍ തേടി മിനക്കിടാറില്ല.

ഇനി അടുത്തിടെയുണ്ടായ ധനമന്ത്രി നിതിന്‍ ഗഡ്കരിയുടേയും മക്കളുടേയും പെട്രോള്‍- എഥനോള്‍ വിവാദം കുടുംബ രാഷ്ട്രീയ ബിസിനസ് ചര്‍ച്ചകളില്‍ മോദി- ഗോഥി മീഡിയ അവഗണിച്ചു കളയും. വാട്‌സാപ്പ് യൂണിവേഴ്‌സിറ്റികള്‍ അച്ഛന്‍മാര്‍ ഭരിക്കുന്ന രാജ്യത്തെ മക്കളുടെ ബിസിനസ് സംരംഭങ്ങളിലെ പൊടുന്നനെയുള്ള വളര്‍ച്ചകള്‍ ചര്‍ച്ചയാക്കുകയുമില്ല. 2018ല്‍ എഥനോള്‍ മിക്‌സിങ് പെട്രോള്‍ വില ലിറ്ററിന് 55ഉം ഡീസലിന് 50 രൂപയാക്കുമെന്ന് നിതിന്‍ ഗഡ്കരി പറഞ്ഞിരുന്നു. ഇന്ന് എഥനോള്‍ ബ്ലെന്‍ഡിങ് നയത്തിനപ്പുറം പെട്രോള്‍ ഡീസല്‍ വില 100ന് ചുറ്റും കിടന്ന് കറങ്ങുകയാണ്. പക്ഷേ എഥനോള്‍ സപ്ലൈയേഴ്‌സായ നിതിന്‍ ഗഡ്കരിയുടെ രണ്ട് മക്കളുടെ ബിസിനസ് സംരംഭങ്ങളുടെ റവന്യു 18 കോടിയില്‍ നിന്ന് 523 കോടിയിലേക്ക് ഉയര്‍ന്നിട്ടുണ്ട്.

ഇങ്ങനെ രാഷ്ട്രീയത്തിലും ബിസിനസിലും ഒരു പോലെ മക്കള്‍ രാഷ്ട്രീയ സാധ്യത ഉപയോഗപ്പെടുത്തിയ മറ്റൊരു പാര്‍ട്ടി വേറേയുണ്ടോയെന്ന ചോദ്യമെല്ലാം അവിടെത്തന്നെ അങ്ങനെ കിടക്കും. കുടുംബാധിപത്യ രാഷ്ട്രീയത്തില്‍ വേരൂന്നി കിടക്കുമ്പോഴും കോണ്‍ഗ്രസ് കുടുംബാധിപത്യത്തെ ചോദ്യം ചെയ്യാന്‍ നരേന്ദ്ര മോദിയ്ക്കും കൂട്ടര്‍ക്കും ഒരു ചളിപ്പും തോന്നില്ല. പരിവാര്‍വാദ് അനുവദിക്കില്ലെന്ന് പറയുന്ന നരേന്ദ്ര മോദിയ്ക്ക് ഇപ്പുറം മുന്‍മന്ത്രി വേദ് പ്രകാശ് ഗോയലിന്റെ മകന്‍ പീയുഷ് ഗോയലും മുന്‍ മുഖ്യമന്ത്രി പ്രേം കുമാര്‍ ധുമലിന്റെ മകന്‍ അനുരാഗ് ഠാക്കൂറും ഉറച്ചിരിക്കും. ദേബേന്ദ്ര പ്രധാന്റെ മകന്‍ ധര്‍മ്മേന്ദ്ര പ്രധാനുംനാരായണ റാണേയുടെ മകന്‍ നിതീഷ് റാണേയും രാജ്‌നാഥ് സിങിന്റെ പകന്‍ പങ്കജ് സിങുമെല്ലാം ഒരു മടിയുമില്ലാതെ ഉദിച്ചുയരും. അപ്പോഴും മോദി നെഹ്‌റു കൂടുംബത്തിന്റെ പരിവാര്‍വാദ് ഒരു ലജ്ജയുമില്ലാതെ ആവര്‍ത്തിച്ച് പാടും.

ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്ത വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പങ്കെടുത്ത് അവരുടെ ഭര്‍ത്താവ് ഇരിക്കുന്ന വീഡിയോ പുറത്തുവരുമ്പോഴും ബിജെപിയ്ക്ക് ന്യായങ്ങള്‍ ഒരുപാട് ഉണ്ടാകുന്ന കാലത്താണ് നമ്മളെന്നതാണ് ഏറ്റവും പുതിയ പരിവാര്‍വാദ് രാഷ്ട്രീയം. വികസനപ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ഡല്‍ഹി മുഖ്യമന്ത്രി രേഖാ ഗുപ്ത വിളിച്ചുചേര്‍ത്ത യോഗത്തിലാണ് അവരുടെ ഭര്‍ത്താവ് മനീഷ് ഗുപ്ത മുഖ്യമന്ത്രിയുടെ തൊട്ടടുത്ത സീറ്റില്‍ ഇരുന്നത്. സര്‍ക്കാരിന്റെ ഭാഗമല്ലാത്ത വ്യക്തി യോഗത്തില്‍ പങ്കെടുത്തിനെ രൂക്ഷമായി വിമര്‍ശിച്ച് ഡല്‍ഹിയിലെ പ്രതിപക്ഷമായ ആംആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസും രംഗത്തെത്തിയപ്പോഴും ബിജെപിയ്ക്ക് ഇളക്കമില്ല. ബിസിനസുകാരനും സാമൂഹികപ്രവര്‍ത്തകനുമായ മനീഷ് ഗുപ്ത ഷാലിമാര്‍ബാഗ് നിയമസഭാ മണ്ഡലത്തിലെ വികസനപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് വേണ്ടിയുള്ള യോഗത്തില്‍ പങ്കെടുത്തത് സൂപ്പര്‍ മുഖ്യമന്ത്രിയായാണെന്ന് പ്രതിപക്ഷം ആരോപിക്കുമ്പോള്‍ ബിജെപിയ്ക്ക് അത് തണുപ്പന്‍ പ്രതികരണം മാത്രമാണ് ഉണ്ടാക്കുന്നത്. സര്‍ക്കാരിന്റെ ഭാഗമല്ലാത്ത വ്യക്തി ഔദ്യോഗികയോഗത്തില്‍ പങ്കെടുത്തത് ഭരണഘടനാവിരുദ്ധമാണെന്ന് ആപ്പിന്റെ സൗരഭ് ഭരദ്വാജ് ആരോപിക്കുമ്പോഴും ഹിന്ദി വെബ്സീരീസ് ആയ പഞ്ചായത്തിലെ ഫുലേരാ ഗ്രാമം പോലെയായി ഡല്‍ഹി സര്‍ക്കാരെന്ന് പരിഹസിക്കുമ്പോഴും ബിജെപി ഷാലിമാര്‍ബാഗിലെ കാര്യങ്ങള്‍ ഒരു സാമൂഹികപ്രവര്‍ത്തകനെന്ന നിലയില്‍ ശ്രദ്ധിക്കുന്നയാളായതിനാലാണ് അദ്ദേഹം യോഗത്തില്‍ പങ്കെടുത്തതെന്ന തൊടുന്യായത്തിലാണ് നില്‍ക്കുന്നത്.

വെബ്‌സീരിസില്‍ ഫുലേരയില്‍ വനിതാ സര്‍പഞ്ചിന്റെ ഭര്‍ത്താവ് അനൗദ്യോഗികമായി അധികാരം നടപ്പാക്കുന്നതിനെയാണ് ആപ് നേതാവ് പരിഹസിച്ചത്. ഇത്തരത്തില്‍ പലരും പിന്നിലിരുന്ന് ഭരിക്കുകയാണെന്ന വാദം പ്രതിപക്ഷം ഉയര്‍ത്തുന്നത് ആദ്യമല്ല. ജനങ്ങളുടെ പ്രതിനിധി സംഘത്തെ നയിച്ചാണ് മനീഷ് ഗുപ്ത വന്നതെങ്കില്‍ അയാള്‍ മറ്റ് പ്രതിനിധികളെ പോലെ പിന്നിലിരിക്കാതെ മുഖ്യമന്ത്രി രേഖ ഗുപ്തയ്‌ക്കൊപ്പം ഇരുന്നത് എങ്ങനെയെന്ന ചോദ്യം ബിജെപി മനപ്പൂര്‍വ്വം അവഗണിക്കും. ആ തൊടുന്യായത്തില്‍ വിശ്വസിക്കുന്ന സംഘ അണികളുടെ ബോധത്തെ തൃപ്തിപ്പെടുത്തിയാല്‍ മതിയെന്ന ധാരണയാണ് ബിജെപി നേതാക്കള്‍ക്ക്. പരിവാര്‍വാദില്‍ ഇപ്പോഴും കോണ്‍ഗ്രസിനെ പരിഹസിക്കുമ്പോള്‍ ഇടത്തും വലത്തും നോക്കാതെ എന്തും വിളിച്ചുപറയാനുള്ള ലൈസന്‍സ് ചോദ്യങ്ങളെ നേരിടാന്‍ പേടിയുള്ള മന്‍ കി ബാത്തിന് ഉണ്ടെന്നത് വലിയ ലാഭമാണ്.

Read more