Friday, 11 September 2026
‘Honest storytelling is a powerful means of change
07:42:17 PM IST
National

‘ഹോംവർക് ചെയ്യാത്തതിന് അധ്യാപിക മുഖത്തടിച്ചു, യുകെജി വിദ്യാർത്ഥി ക്ലാസിൽ കുഴഞ്ഞുവീണ് മരിച്ചു; അധ്യാപിക മർദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

ന്യൂസ് ഡെസ്ക് 21 August 2026, 9:13 am
SHARE

ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് യുകെജി വിദ്യാർഥി ക്ലാസിൽ കുഴഞ്ഞുവീണ് മരിച്ചു. പ്രണയ് തേജ് എന്ന അഞ്ച് വയസുകാരനാണ് മരിച്ചത്. അധ്യാപിക ശകാരിച്ചതിനെ തുടർന്നാണ് കുട്ടി കുഴഞ്ഞുവീണതെന്നാണ് ബന്ധുക്കളുടെ ആരോപണം. ഇതിനിടെ അധ്യാപിക കുട്ടിയുടെ മുഖത്ത് അടിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

വൺ ടൗൺ പൊലീസ് സ്റ്റേഷൻ പരിധിയിലെ ടൗൺ കോത്തറോഡ് പ്രദേശത്തെ സ്വകാര്യ സ്കൂളിലാണ് സംഭവം. ഗൃഹപാഠം പൂർത്തിയാക്കിയില്ലെന്നും അധ്യാപിക തല്ലുമെന്നും കുട്ടി സംഭവദിവസം രാവിലെ വീട്ടുകാരോട് പറഞ്ഞിരുന്നു. സ്കൂളിൽ പോകാനും കുട്ടി മടി കാണിച്ചിരുന്നു. എന്നാൽ കുട്ടിയുടെ വാക്കുകൾ വീട്ടുകാർ ഗൗരവമായി എടുത്തിരുന്നില്ല. സ്കൂളിലെത്തിയ ശേഷം കുട്ടി വിഷണ്ണനായിരുന്നെന്നും പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കാൻ സാധിച്ചില്ലെന്നും സഹപാഠികളും അധ്യാപകരും പറഞ്ഞു.

രാവിലെ 11 മണിയോടെയാണ് പ്രണയ് തേജ് ക്ലാസിൽ കുഴഞ്ഞുവീണത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിന് പിന്നാലെയാണ് അധ്യാപിക കുട്ടിയെ മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നത്. കുട്ടിയുടെ മരണത്തിന് അധ്യാപികയുടെ പെരുമാറ്റം കാരണമായോയെന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ പൊലീസ് അന്വേഷിച്ചുവരികയാണ്.

s
ന്യൂസ് ഡെസ്ക്
View all posts →