'AI' പെൺകുട്ടികൾക്ക് അപകടക്കെണിയോ? 'മനുഷ്യരാശി'ക്ക് ഭീഷണിയായി എഐ മാറുമ്പോൾ...

മനുഷ്യരാശിക്ക് ഭീഷണിയായി ‘നിർമിത ബുദ്ധി’ അഥവാ ‘എഐ’ മാറുന്ന ഒരു കാഴ്ചയാണ് നമുക്കിപ്പോൾ കാണേണ്ടി വരുന്നത്. കൈനീട്ടി സ്വീകരിച്ച സാങ്കേതികവിദ്യകളിൽ പലതും മനുഷ്യർക്ക് ബുദ്ധിമുട്ടായി തുടങ്ങിയിരിക്കുന്നു. ഒരു വശത്ത് ആളുകൾ എഐ അഥവാ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സാധ്യതകൾക്ക് കയ്യടിക്കുമ്പോൾ മറ്റൊരു വശത്ത് എഐയുടെ ദൂഷ്യഫലങ്ങൾ ആളുകൾ ഇപ്പോൾ അനുഭവിച്ചു തുടങ്ങിയിരിക്കുകയാണ്.

കൊല്ലത്ത് എഐ ഉപയോഗിച്ച് പെൺകുട്ടികളുടെ നഗ്നചിത്രം ഉണ്ടാക്കി പ്രചരിപ്പിച്ച യുവാവ് അറസ്റ്റിലായ വാർത്തയാണ് ഇന്ന് മാധ്യമങ്ങളിൽ നിറഞ്ഞത്. ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം തുടങ്ങിയ പേജുകളിലാണ് യുവാവ് പെൺകുട്ടികളുടെ നഗ്നചിത്രങ്ങൾ വ്യാപകമായി പ്രചരിപ്പിച്ചത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആപ്പുകളിലൂടെയാണ് പ്രതി പെൺകുട്ടികളുടെ അശ്ലീല ചിത്രങ്ങൾ ഉണ്ടാക്കിയത്.

ആദ്യം സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ നിന്ന് പെൺകുട്ടികളുടെ ചിത്രങ്ങൾ ഡൗൺലോഡ് ചെയ്യുകയും ഇത് പിന്നീട് എഐ ആപ്പുകൾ ഉപയോഗിച്ച് രൂപമാറ്റം വരുത്തി നഗ്ന ചിത്രങ്ങൾ ആക്കി വ്യാജ പ്രൊഫൈലുകളിലൂടെ പ്രചരിപ്പിക്കുകയുമാണ് ഇയാൾ ചെയ്തത്. ഈയിടെ സ്പെയിനിലും സമാന സംഭവങ്ങൾ നടന്നിരുന്നു. പ്രായപൂർത്തിയാകാത്ത നിരവധി സ്കൂൾ കുട്ടികളുടെ എഐ ഉപയോഗിച്ച് നിർമ്മിച്ച അശ്ലീല ചിത്രങ്ങൾ പുറത്ത് വരികയാണ് ചെയ്തത്.

ട്രെൻഡിങ്ങ് ആയി മാറിയ ഫെയ്‌സ്ആപ്പുകൾ, ഫോട്ടോ ലാബ് ആപ്പുകൾ, ഡീപ് ഫേക്ക് തുടങ്ങിയവ മോശം രീതിയിൽ ഉപയോഗപ്പെടുത്തുന്നതോടെ ടെക്നോളജിയെ തന്നെ കുറ്റം പറയേണ്ട അവസ്ഥയാണ് ഇപ്പോഴുള്ളത്. സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കുന്ന ചിത്രങ്ങൾ ഏത് തരത്തിൽ വേണമെങ്കിലും ദുരുപയോഗം ചെയ്യപ്പെടാം എന്നതിന്റെ തെളിവ് കൂടിയാണിത്.

കേരളത്തിൽ എഐയുടെ ഡീപ് ഫേക്ക് എന്ന ടെക്നോളജിയിലൂടെ വ്യാജ വീഡിയോ കോൾ വഴി പണം തട്ടി ഒരു വാർത്തയും നമ്മൾ കണ്ടിരുന്നു. കേരളത്തിൽ ആദ്യമായിട്ടായിരുന്നു ഇത്തരമൊരു വാർത്ത റിപ്പോർട്ട് ചെയ്തത് എന്നതാണ് പേടിക്കേണ്ട ഒരു കാര്യം. ‘ഡീപ് ഫേക്ക്’ ടെക്‌നോളജി ഉപയോഗിച്ച് സുഹൃത്തിന്റെ മുഖവും ശബ്ദവും ഒക്കെ വ്യാജമായി നിർമിച്ചു വാട്‌സാപ്പ് വീഡിയോ കോൾ ചെയ്ത് 40,000 രൂപയാണ് ഇയാളിൽ നിന്ന് ഒരാൾ തട്ടിയെടുത്തത്.

രാഷ്ട്രീയ രംഗത്തും കലാരംഗത്തും എന്തിന് പോണോഗ്രഫി പോലെയുള്ള മേഖലകളിൽ പോലും ഡീപ് ഫേക്ക് വലിയ രീതിയിൽ ദുരുപയോഗം ചെയ്യപ്പെടുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ. ഈയിടെ ട്രെൻഡിങ് ആയി മാറിയ ഫോട്ടോ ലാബ് ആപ്പ് പോലും ഇത്തരത്തിൽ പലരും ദുരുപയോഗം ചെയ്യുന്നുണ്ട്. പലതരത്തിലുള്ള ഫിൽറ്ററുകളും ആർട്ട് ഫ്രയിമുകൾ, ഫെയ്‌സ് ഇഫക്ടുകൾ എന്നിവയെല്ലാം അടങ്ങിയിട്ടുള്ള ഫോട്ടോ ലാബ് വളരെ കുറഞ്ഞ സമയംകൊണ്ടാണ് ജനപ്രിയമായത്.

ഒരു ട്രെൻഡിങ് ടെക്നോളജി എന്നതിനപ്പുറത്തേക്ക് ഇത്തരത്തിലുള്ള ആപ്പുകൾ വലിയ അപകടകെണിയാണ് എന്ന് പലരും മനസിലാക്കുന്നില്ല എന്ന് വേണം പറയാൻ. സൈബർ കുറ്റവാളികൾ ഉൾപ്പെടുന്ന തട്ടിപ്പുകാർ വരെ ഈ അവസരങ്ങൾ മുതലെടുക്കാൻ കാത്തിരിക്കുകയാണ്. നഗ്ന ചിത്രം ഉപയോഗിച്ച് ഭീഷണിപ്പെടുത്തൽ, വ്യാജ പാസ്‍പോർട്ട് നിർമിക്കുക, ആധാർ നിർമിച്ചുകൊണ്ടുള്ള ആൾമാറാട്ടം തുടങ്ങിയവയും നേരിടേണ്ടി വന്നേക്കാം.

നമ്മുടെ പ്ലേസ്റ്റോറിലുള്ള ഫോട്ടോ എഡിറ്റിംഗ് ആപ്പുകളിൽ പലതും സുരക്ഷിതമല്ല എന്നാണ് സൈബർ വിദഗ്ധർ വരെ പറയുന്നത്. അഥവാ ഇത്തരത്തിലുള്ള ആപുകൾ ഇൻസ്റ്റാൾ ചെയ്യണമെങ്കിൽ മികച്ച അഭിപ്രായങ്ങൾ ഉള്ള ആപ്പുകൾ തിരഞ്ഞെടുക്കാനും ആവശ്യമുള്ളവയ്ക്ക് മാത്രം പെർമിഷൻ നൽകാനും ശ്രദ്ധിക്കേണ്ടതാണ്. കൂടാതെ നിരോധിക്കപെടുന്ന ആപ്പുകളുടെ ലിസ്റ്റിൽ ഇൻസ്റ്റാൾ ചെയ്തുവച്ചിരിക്കുന്ന ആപ്പ് ഉണ്ടോയെന്നും ഇടയ്ക്കിടക്ക് പരിശോധിക്കേണ്ടതാണ്.

കാലം മാറുന്നുവെന്ന് മനസിലാക്കുന്ന നമ്മൾ ഇവയുടെ കഴിവിൽ കയ്യടിക്കുന്ന സമയത്ത് തന്നെ ഇവയുടെ ദോഷവശങ്ങൾ കൂടി മനസിലാക്കി ജാഗ്രതയോടെ നിൽക്കേണ്ടതാണ്. ലോകം മാറി മറിയുന്നതിന്റെ ഉത്തമോദാഹരണമായി മാറിയിരിക്കുകയാണ് എഐ അഥവാ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്.