കിളിയുടെ കൂടുതുറന്ന് വിട്ടു; സ്‌ക്രീന്‍ ഷോട്ടുകള്‍ വേണ്ട, ട്വിറ്ററിലും വാരിവലിച്ച് എഴുതാം; പരിധികള്‍ ഒഴിവാക്കും; സുപ്രധാന പ്രഖ്യാപനങ്ങളുമായി മസ്‌ക്

മൈക്രോ ബ്ലോഗിങ് പ്ലാറ്റ്‌ഫോമായ ട്വിറ്ററിന്റെ ഘടനയെ പൊളിച്ചെഴുതാന്‍ തീരുമാനിച്ച് ഇലോണ്‍ മസ്‌ക്. ചെറു കുറിപ്പുകള്‍ക്ക് പകരം ട്വിറ്ററില്‍ ദൈര്‍ഘ്യമേറിയ കുറിപ്പുകള്‍ പങ്കുവെക്കാന്‍ സാധിക്കുന്ന തരത്തില്‍ ഘടനയില്‍ മാറ്റം വരുത്തുമെന്ന് മസ്‌ക് വ്യക്തമാക്കി. നിലവില്‍ ട്വിറ്ററില്‍ ട്വീറ്റ് ചെയ്യാനാവുക പരമാവധി 280 അക്ഷരങ്ങള്‍ ആണ്. ഇതിന്റെ പരിധി ഉയര്‍ത്തുന്നതുമായി ബന്ധപ്പെട്ട് നേരത്തേയും ഉപയോക്താക്കളില്‍ ഒന്നടങ്കം ആവശ്യം ഉയര്‍ത്തിയിരുന്നു. എന്നാല്‍, ട്വിറ്റര്‍ ഇതിന് അനുകൂല തീരുമാനം എടുത്തില്ല. ട്വീറ്റുകളില്‍ എഡിറ്റ് ബട്ടണുകള്‍ ഉള്‍പ്പെടുത്തുന്നതിനെക്കുറിച്ചും ആവശ്യങ്ങളുയര്‍ന്നിരുന്നു. എന്നാല്‍, ഇതും നിക്ഷേധിക്കപ്പെട്ടു.

‘ട്വിറ്ററില്‍ നീണ്ട കുറിപ്പുകള്‍ വൈകാതെ തന്നെ ട്വീറ്റ് ചെയ്യാന്‍ സാധിക്കും, നോട്ട് പാഡുകള്‍ സ്‌ക്രീന്‍ ഷോട്ടായി ഉപയോഗിക്കുന്നത് അവസാനിക്കും”- ഇലോണ്‍ മസ്‌ക്

വേരിഫൈഡ് അക്കൗണ്ടുകള്‍ക്ക് പണം ഈടാക്കുമെന്ന് അദേഹം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ട്വിറ്ററില്‍ നിന്ന് കൂട്ടപിരിച്ചുവിടല്‍ നടത്തുന്നതില്‍ മാറ്റങ്ങളില്ലെന്നും ഇലോണ്‍ മസ്‌ക് പറഞ്ഞു. പിരിച്ചുവിടേണ്ട ജീവനക്കാരുടെ പട്ടിക തയാറാക്കാന്‍ മാനേജര്‍മാര്‍ക്ക് മസ്‌ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കമ്പനിയുടെ 75 ശതമാനം ജീവനക്കാരെയും മസ്‌ക് പിരിച്ചുവിടുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.

കമ്പനിയിലെ ജീവനക്കാരെ ഒഴിവാക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് നേരത്തെ തന്നെ മസ്‌ക് വ്യക്തമാക്കിയിരുന്നു. 75 ശതമാനം ആളുകളെ വെട്ടി കുറച്ചാല്‍ ചെലവ് കുറയുന്നതിനോടൊപ്പം ലാഭക്ഷമത ഉയരുമെന്നും ഇത് കൂടുതല്‍ നിക്ഷേപകരെ കമ്പനിയിലേക്ക് ആകര്‍ഷിക്കാന്‍ ഇടയാക്കുമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മസ്‌ക് പണിതുടങ്ങിയിരിക്കുന്നത്. 75 ശതമാനം ജീവനക്കാരെയും പിരിച്ചുവിടാനുള്ള തീരുമാനത്തില്‍ മസ്‌ക് ഉറച്ചു നിന്നാല്‍ അടുത്തിടെ ലോകത്ത് നടന്ന ഏറ്റവും വലിയ കൂട്ടപിരിച്ചുവിടലായിരിക്കും ഇത്.

ട്വിറ്റര്‍ ഏറ്റെടുത്ത ഉടനെ ഇന്ത്യാക്കാരനായ സി.ഇ.ഒ പരാഗ് അഗ്രവാളിനെ മസ്‌ക് പിരിച്ചുവിട്ടിരുന്നു. തുടര്‍ന്ന് ചീഫ് ഫിനാന്‍ഷ്യല്‍ ഓഫിസര്‍ നെഡ് സെഗല്‍, പോളിസി ചീഫ് വിജയ ഗദ്ദെ ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരെയും പുറത്താക്കിയിരുന്നു. വ്യാജ അക്കൗണ്ട് സംബന്ധിച്ച വിവരങ്ങളില്‍ തന്നെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ചാണ് മസ്‌ക് കടുത്ത നടപടികളിലേക്ക് കടന്നത്.