വിജയ്‌യുടെ പുതിയ ചിത്രം ധോണി നിര്‍മ്മിക്കും, അതിഥി വേഷത്തിലും എത്തും!

ഇന്ത്യന്‍ മുന്‍ നായകന്‍ എംഎസ് ധോണി സിനിമ നിര്‍മ്മാണ രംഗത്തേയ്ക്ക് ചുവടുവയ്ക്കുൂന്നതായി റിപ്പോര്‍ട്ടുകള്‍. വിജയ്‌യുടെ പുതിയ ചിത്രം ധോണി നിര്‍മ്മിക്കുമെന്നാണ് വിവരം. ഈ ചിത്രത്തില്‍ ധോണി അതിഥി വേഷത്തിലെത്തുമെന്നും റിപ്പോര്‍ട്ടുണ്ട്.

സ്വന്തമായി ഒരു പ്രൊഡക്ഷന്‍ കമ്പനി തുടങ്ങാനുള്ള തയ്യാറെടുപ്പിലാണ് ധോണിയെന്നാണ് വിവരം. ധോണി പ്രൊഡക്ഷന്‍സ് എന്നാണ് ഇതിന് പേരിട്ടിരിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ ഉണ്ടായിട്ടില്ല. ധോണി പ്രൊഡക്ഷന്‍സിന്റെ ചിത്രങ്ങളിലൊന്നില്‍ നയന്‍താര നായികയായേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ നായകനാണ് ധോണി. അതിനാല്‍ തന്നെ തമിഴ്നാട്ടില്‍ വലിയ ആരാധകഗണം തന്നെ ധോണിയ്ക്കുണ്ട്. അതിനാല്‍ തന്നെ പുതിയ റിപ്പോര്‍ട്ടുകള്‍ ഏറെ ആവേശത്തോടെയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.