ഇറ്റലിയില്‍ മത്സരത്തിനെത്തിയ പാക് ബോക്‌സിംഗ് താരം സഹതാരത്തിന്റെ പണം മോഷ്ടിച്ചു മുങ്ങി

ഇറ്റലിയിലേക്കു ചാമ്പ്യന്‍ഷിപ്പിനായി പോയ പാകിസ്ഥാന്‍ ബോക്‌സിംഗ് താരം സഹതാരത്തിന്റെ പണവും മോഷ്ടിച്ച് മുങ്ങി. പാക് ബോക്‌സര്‍ സൊഹൈബ് റഷീദാണ് ഇറ്റലിയില്‍വെച്ച് സഹതാരത്തിന്റെ ബാഗിലുണ്ടായിരുന്ന പണം മോഷ്ടിച്ച് മുങ്ങിയത്. പാക്കിസ്ഥാന്‍ അമെച്വര്‍ ബോക്‌സിങ് ഫെഡറേഷന്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.

ഒളിമ്പിക്സ് യോഗ്യതാ ടൂര്‍ണമെന്റില്‍ പങ്കെടുക്കാനാണ് സോഹൈബ് റഷീദ് ഇറ്റലിയിലേക്ക് പോയത്. സംഭവം ഇറ്റലിയിലെ പാകിസ്ഥാന്‍ എംബസിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും സംഭവത്തെക്കുറിച്ച് പോലീസ് റിപ്പോര്‍ട്ടും നല്‍കിയിട്ടുണ്ടെന്നും ഫെഡറേഷന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.

സൊഹൈബ് റാഷിദ് കാരണം പാകിസ്ഥാനും ബോക്‌സിംഗ് ഫെഡറേഷനും വലിയ നാണക്കേടിലാണ്. ഒളിമ്പിക്‌സ്് യോഗ്യതാ മത്സരത്തില്‍ പങ്കെടുക്കാന്‍ പാകിസ്ഥാന്റെ അഞ്ചംഗ സംഘമാണു കഴിഞ്ഞ ദിവസം ഇറ്റിയിലെത്തിയത്. സൊഹൈബ് റാഷിദിനെ കാണാതായ ശേഷം ആരുമായും ബന്ധപ്പെട്ടിട്ടില്ല. പൊലീസ് അയാളെ കണ്ടെത്തുന്നതിനായി അന്വേഷണം തുടരുകയാണ്- പാക്കിസ്ഥാന്‍ ബോക്‌സിംഗ് ഫെഡറേഷന്‍ സെക്രട്ടറി കേണല്‍ നാസിര്‍ അഹമ്മദ് വ്യക്തമാക്കി.

പാക്കിസ്ഥാനിലെ വളര്‍ന്നു വരുന്ന ബോക്‌സിംഗ് താരമായി കണക്കാക്കുന്ന സൊഹൈബ് വനിതാ താരത്തിന്റെ പണം മോഷ്ടിച്ചാണു കടന്നു കളഞ്ഞത്. കഴിഞ്ഞ വര്‍ഷം നടന്ന ഏഷ്യന്‍ ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ താരം വെങ്കലം നേടിയിരുന്നു.