മോദി വെറുംവാക്ക് പറഞ്ഞതല്ല!, 2036-ലെ ഒളിമ്പിക്‌സ് വേദി സ്വന്തമാക്കാന്‍ ഇന്ത്യ; എതിരാളികള്‍ ശക്തരായ ഖത്തര്‍

2036ലെ ഒളിമ്പിക്‌സിന് ആതിഥ്യം വഹിക്കാന്‍ ഇന്ത്യ പരമാവധി ശ്രമിക്കുമെന്നു കേന്ദ്ര കായികമന്ത്രി അനുരാഗ് താക്കൂര്‍. എല്ലാ മേഖലയിലും ഇന്ത്യ ലോകശക്തിയായി മാറിക്കഴിഞ്ഞു എന്നും എങ്കില്‍ കായികരംഗത്തും അതാകുതില്‍ പ്രയാസമില്ലെന്നും താക്കൂര്‍ പറഞ്ഞു.

ഫുട്ബോള്‍ ലോകകപ്പ് ഖത്തറില്‍ നടക്കുന്ന സമയത്ത് അത്തരമൊരു കായികമാമാങ്കത്തിന് ഇന്ത്യയും വേദിയാകുന്ന കാലം വിദൂരമല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. 1951ലും 1981ലും ഏഷ്യന്‍ ഗെയിംസിനും 2010ല്‍ കോമണ്‍വെല്‍ത്ത് ഗെയിംസിനും ഇന്ത്യ ആതിഥ്യം വഹിച്ചിട്ടുണ്ട്. മൂന്നു തവണയും ഡല്‍ഹിയായിരുന്നു വേദി.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മനാടായ ഗുജറാത്തിനെ ഒളിംപിക്‌സ് വേദിയായി ഉയര്‍ത്തിക്കാട്ടുമെന്നാണ് ലഭിക്കുന്ന സൂചന. അങ്ങനെയെങ്കില്‍ അഹമ്മദാബാദിലെ മൊട്ടേര സ്‌പോര്‍ട്‌സ് കോംപ്ലക്‌സാകും മുഖ്യവേദി.

ജര്‍മ്മനി, ദക്ഷിണ കൊറിയ, ഇന്തൊനീഷ്യ, ഇക്കഴിഞ്ഞ ഫുട്‌ബോള്‍ ലോകകപ്പിനു വേദിയൊരുക്കിയ ഖത്തര്‍ എന്നിവയാണ് 2036 ഒളിംപിക്‌സിനായി രംഗത്തുള്ള മറ്റു രാജ്യങ്ങള്‍. ഇതില്‍ ജര്‍മ്മനിയെ വേദിയാക്കുന്നതില്‍ എതിര്‍പ്പ് ശക്തമാണ്.

പാരിസ്, ലൊസാഞ്ചലസ്, ബ്രിസ്‌ബെയ്ന്‍ എന്നിവയാണ് അടുത്ത മൂന്ന് ഒളിംപിക്‌സുകളുടെ വേദികളായി നിശ്ചയിച്ചിരിക്കുന്നത്. തുടര്‍ന്നു വരുന്ന ഒളിംപിക്‌സാണ് 2036ലേത്.