ഇത് വെറുമൊരു ഗോളിനെതിരെയുള്ള നിലവിളിയല്ല, ഇന്ത്യന്‍ കായിക സമ്പ്രദായത്തിലെ മുഴുവന്‍ അനീതികള്‍ക്കും എതിരെയുള്ള ഗര്‍ജ്ജനമാണ്: വൈറലായി വൈദികന്റെ കുറിപ്പ്

ഫാ. ജസ്റ്റിന്‍ കാഞ്ഞൂത്തറ

ഇവാന്‍ വുകമനോവിച്ച് എന്ന സെര്‍ബിയക്കാരന്‍ വിദേശിക്ക് കേരളമണ്ണിനോടും ഇവിടുത്തെ ഫുട്‌ബോള്‍ പ്രേമികളോടും ഉള്ള ആത്മാര്‍ത്ഥതയും കൂറും വായിച്ചറിയാന്‍ മലയാളമണ്ണിന്റെ ചൂടും ചൂരും പറ്റി വളര്‍ന്ന ഫുട്‌ബോള്‍ മഹാന്മാരില്‍ പലരും, അത് പോലെ ചാനല്‍സ്റ്റുഡിയോയില്‍ കോട്ടും സ്യൂട്ടുമണിഞ്ഞ വിശകലനവിദഗ്ദന്മാരും പരാജയപ്പെട്ടു എന്ന് വേണം പറയാന്‍. ബെഗളൂരു എഫ്‌സിയുമായി നടക്കാനിരിക്കുന്ന മത്സരത്തിന്റെ തിരക്കഥ ഏകദേശം അണിയറയില്‍ തയ്യാറായിരിക്കുന്നു എന്നതിന്റെ സുസ്പഷ്ടവും വസ്തുനിഷ്ഠവുമായ സൂചന ഹൈദരാബാദിനെതിരെ നടന്ന മത്സരത്തിന് ശേഷമുള്ള പത്രസമ്മേളനത്തില്‍ ഇവാന്‍ നല്‍കിയിരുന്നു. തന്റെ കളിക്കാര്‍ക്ക് അവിടെ പരിശീലനസൗകര്യമുള്ള ഗ്രൗണ്ടുകള്‍ കണ്ടെത്താന്‍ കഴിയില്ല എന്നുള്ള നിരാശയായിരുന്നു അതിലൊന്ന്.

മറ്റൊരു കാര്യം അദ്ദേഹം പ്രതിപാദിച്ചത് റഫറിയിങ്ങിലെ പിഴവാണ്. ഫുട്‌ബോള്‍ മത്സരരീതികളില്‍ അതീവ ശ്രദ്ധ ചെലുത്തേണ്ട മത്സരരീതിയാണ് ലീഗ് മത്സരങ്ങള്‍. ഒരൊറ്റ മത്സരത്തെ എന്നതിനേക്കാള്‍ അനേകം തുടര്‍ച്ചയായ മത്സരക്കൂട്ടമാണിത്. ദീര്‍ഘനാളുകള്‍ പരിക്കേല്‍ക്കാതിരിക്കണമെങ്കില്‍ കൃത്യമായ പരിശീലനം മാത്രമാണ് മാര്‍ഗ്ഗം. എന്നാല്‍ പരിശീലനത്തിന് അവസരമില്ലാത്ത ഒരു ലീഗ് ഫോര്‍മാറ്റ്, അവിടെ തന്നെ വിശ്വസിച്ച് കളത്തിലിറങ്ങുന്ന താരങ്ങളെ, ദീര്‍ഘകാലം കരിയറുകള്‍ ലക്ഷ്യമിടുന്ന നിഷ്‌കളങ്കരായ കുറച്ചു മനുഷ്യരെ, പരിക്കു പറ്റും എന്ന് തീര്‍ച്ചയുണ്ടായിട്ടും മത്സരത്തിന് കളത്തിലിറക്കേണ്ടതായി വരുന്ന ഒരു പരിശീലകന്റെ നിരാശനിറഞ്ഞ മുഖം അന്ന് പത്രസമ്മേളനത്തില്‍ നാം കണ്ടതാണ്. ടിവി ഓണാകുന്നിടത്ത് തുടങ്ങുകയും കളി വിരസമാകുന്നിടത്ത് അവസാനിപ്പിക്കുകയും ചെയ്യുന്ന സാധാരണ കാണികളെ സംബന്ധിച്ച് ഇത് പരിഗണനാ വിഷയമാകണമെന്നില്ല. എന്നാല്‍, കാല്‍പ്പന്തുകളിയെയും അതിന്റെ പുറകിലെ ജീവിതസപര്യകളെയും കുറിച്ച് ചിന്തിക്കുന്ന കായിക ആരാധകര്‍ക്ക് ഇത് ഒരിക്കലും ഉള്‍ക്കൊള്ളാനാവാത്ത ക്രൂരതയും അനീതിയുമാണ്.

നമ്മുടെ കുട്ടികള്‍ മറ്റിടങ്ങളില്‍ മത്സരങ്ങള്‍ക്കായി പോകുമ്പോള്‍ പരിശീലനവും താമസവും ഭക്ഷ്യസുരക്ഷയും ഉറപ്പുവരുത്തുന്നതിലെ പതിവ് അലംഭാവം ഐഎസ്എല്‍ പോലുള്ള ഗ്ലാമര്‍ മത്സരങ്ങളിലും നടന്നിരുന്നു എന്ന് പറയാം. സൈക്കിള്‍ പോളോ മത്സരങ്ങള്‍ക്കായി കേരളത്തിന്റെ മണ്ണില്‍ നിന്ന് പുറപ്പെട്ട ഒരു പത്തുവയസ്സുകാരി ഫാത്തിമ നിദ ശിഹാബുദ്ദീന്‍ കഴിഞ്ഞ ഡിസംബറില്‍ ഭക്ഷ്യവിഷബാധയേറ്റ് മരിച്ചത് ഏറ്റവും അടുത്ത കാലത്ത് നടന്ന സംഭവമാണ്. ഇന്ത്യന്‍ കായിക ലോകത്ത് കാലങ്ങളായി നിലനിന്നു പോരുന്ന അനീതികള്‍, വി.പി. സത്യനെപ്പോലുള്ളവരുടെ തകര്‍ച്ചയിലേക്ക് നയിച്ച പല കാര്യങ്ങളും തന്നെ, ഇപ്പോഴും തുടരുന്നുണ്ടെന്നുള്ളതിന് വ്യക്തമായ സൂചന ഈ ഐസ്എല്‍ നമുക്ക് നല്‍കുന്നുണ്ട്.

ഇവാന്‍ വുകമനോവിച്ച് മത്സരം തുടരാന്‍ തീരുമാനിച്ചിരുന്നെങ്കില്‍, കേരളം ഗോളടിച്ചാലും ഇല്ലെങ്കിലും, അത് എന്നത്തെയും പോലെ സാധാരണ മത്സരമായി അവസാനിക്കുമായിരുന്നു. പിറ്റേ ദിവസത്തെ മാധ്യമ കോളങ്ങളില്‍ ഛേത്രി നേടിയ ഗോള്‍, ക്വിക്ക് ഫ്രീക്കിക്ക് ഷോട്ടുകളുടെ ഗണത്തില്‍പ്പെടുത്തി ആഘോഷിക്കുകയും ചെയ്യുമായിരുന്നു. എന്നാല്‍, ഈ സംഭവം ഇന്ത്യയിലെ കായിക നയങ്ങള്‍ പൊതുവായി പുനര്‍ചര്‍ച്ചയ്ക്ക് ഇടയാക്കുന്നതും, വീണ്ടു വിചാരത്തിന് കാരണമാകുന്നതും ഇവാന്‍ എന്ന ഒറ്റയാളുടെ സാഹചര്യത്തിനനുസരിച്ചുള്ള പെരുമാറ്റം കൊണ്ടാണ്. അദ്ദേഹം വാക്ക് തര്‍ക്കത്തിനോ ബഹളത്തിനോ വാഗ്വാദങ്ങള്‍ക്കോ പോയില്ല, തന്റെ ടീമിനെ തിരിച്ചു വിളിക്കുക മാത്രം ചെയ്തു..

ഒരു നിമിഷം ലോകം കീഴടക്കി എന്നു കരുതി വിജയശ്രീലാളിതനായി നിന്ന ഛേത്രി എന്ന ഫുട്‌ബോള്‍ താരം തൊട്ടടുത്ത നിമിഷം പരാജിതനാകുന്ന കാഴ്ച ഫുട്‌ബോള്‍ ലോകം കണ്ടു. മൗനം കൊണ്ട് അവിവേകികളുടെ ആക്രോശങ്ങളെ കീഴടക്കാന്‍ സാധിക്കുമെന്ന് കേരള കോച്ച് അന്ന് തെളിയിച്ചു. സുനില്‍ ഛേത്രി നേടിയ ഗോള്‍ നേട്ടങ്ങളുടെ കണക്ക് പുസ്തകത്തില്‍ ഇനിയൊരിക്കലും മായാതെ വഞ്ചനയിലൂടെ നേടിയ ഈ കറുത്ത ഗോളിന്റെ പാടവശേഷിക്കപ്പെടും എന്നത് തീര്‍ച്ച. ഇന്ത്യാ മഹാരാജ്യത്തിന്റെ ഫുട്‌ബോള്‍ ടീമിന്റെ നായകന് ഒരു ഗോളടിക്കണമെങ്കില്‍ ഗോളിയില്ലാ പോസ്റ്റും റെഫറിയുടെ ദയയും ആവശ്യമാണെന്ന കാര്യം വിരല്‍ ചൂണ്ടുന്നത് ഇന്ത്യന്‍ കായികരംഗം നേരിടുന്ന തകര്‍ച്ചയിലേക്കാണ്. 20 മിനിറ്റ് കളി കേരള ബ്ലാസ്റ്റേഴിന് ബാക്കിയുണ്ടായിരുന്നു എന്ന് വാദിക്കുന്നവര്‍ കാണാതെ പോകുന്നതും ഇതാണ്. അവശേഷിച്ചിരിക്കുന്ന 20 മിനിറ്റ് ബെംഗളൂരു എഫ്‌സിക്ക് കൂടെ അനുവദിക്കപ്പെട്ടതായിരുന്നു. തന്റെ പ്രതിഭ തെളിയിക്കാനും മത്സരത്തില്‍ മേല്‍ക്കൈയെടുക്കാനും സാധിക്കുമെന്ന് സുനില്‍ ഛേത്രിക്ക് ബോധ്യമുണ്ടായിരുന്നെങ്കില്‍ അദ്ദേഹം ഈ ഗോള്‍ വേണ്ടെന്ന് വെക്കണമായിരുന്നു എന്നായിരുന്നു അവര്‍ പറയേണ്ടിയിരുന്നത്.

97-ാം മിനിറ്റിലെ ഗോളില്‍ മാത്രം ഇവാന്‍ വുകമനോവിച്ചിന്റെ പ്രതിഷേധത്തെ ഒതുക്കി നിര്‍ത്തുന്നെങ്കില്‍ അദ്ദേഹം ഒരു തീരുമാനത്തിലൂടെ വിളിച്ചു പറഞ്ഞ മൗനിയുടെ ഉറച്ച ശബ്ദം നാം കേള്‍ക്കാതെയും പറയാതെയും പോകുന്നുണ്ട്. തന്റെ ടീമിന്റെ വലയില്‍ ഒരു ഗോള്‍ വീണപ്പോഴേക്കും പിന്‍തിരിഞ്ഞോടിയ പടനായകനായി അദ്ദേഹത്തെ നാം ചുരുക്കുകയാണിവിടെ. ഗോള്‍ വല ആദ്യം കുലുങ്ങിയിട്ടും എതിരാളികളെ പിന്തുടര്‍ന്ന് കീഴടക്കിയ കേരള ബ്ലാസ്റ്റേഴ്‌സിന്റെ പോരാളികളെ നാം അപമാനിക്കുകയാകും ഇതിലൂടെ ചെയ്യുന്നത്.

അന്ന് വൈകുന്നേരം അവിടെ നടന്ന പ്രതിഷേധം വെറുമൊരു ഗോളിനെതിരെയുള്ള പരാജിതന്റെ നിലവിളിയല്ലായിരുന്നു, ഇന്ത്യന്‍ കായിക സമ്പ്രദായത്തിലെ മുഴുവന്‍ അനീതികള്‍ക്കും എതിരെയുള്ള പോരാളിയുടെ ഗര്‍ജ്ജനമായി വേണം നാമതിനെ മനസ്സിലാക്കാന്‍. വി.പി സത്യന്‍ സാറും, ഫാത്തിമ നിദ ശിഹാബുദ്ദീനുമുള്‍പ്പെടുന്ന കായികലോകത്തിന്റെ അനേകം നിശബ്ദരായ രക്തസാക്ഷികള്‍ക്ക് കാലം കരുതിവെച്ച കാവ്യനീതിയെ വായിച്ചെടുക്കാന്‍ നമുക്കവിടെയേ സാധിക്കൂ.

കടപ്പാട്: മഞ്ഞപ്പട കേരള ബ്ലാസ്റ്റേഴ്സ് ഫാന്‍  ക്ലബ്ബ്