2034 ലോകകപ്പിൽ ആകാശത്തൊരു സ്റ്റേഡിയം; ലോകത്തെ വിസ്മയിപ്പിക്കാൻ സൗദി അറേബ്യ

2034 ൽ നടക്കുന്ന ഫിഫ ലോകകപ്പിനുള്ള തകൃതിയായ ഒരുക്കത്തിലാണ് സൗദി അറേബ്യ. മധ്യപൂർവേഷ്യയിലേക്ക് വീണ്ടും ഒരു ​ലോകകപ്പ് വിരു​ന്നെത്തുമ്പോൾ ആതിഥേയർ ലോകത്തെ അതിശയിപ്പിക്കുമെന്ന് ഉറപ്പാണ്. അതുറപ്പിക്കുന്ന റിപ്പോർട്ടുകൾ സൗദിയിൽനിന്നും പുറത്തുവന്നു തുടങ്ങി.

ലോകത്തെ ആദ്യ ആകാശ സ്റ്റേഡിയം (സ്കൈ സ്റ്റേഡിയം) നിർമിക്കാൻ സൗദി പദ്ധതിയിടുന്നു എന്നാണ് ആ വാർത്ത. സൗദിയുടെ അത്ഭുത നഗരമായ നിയോമിലാണ് ലോകത്തെ ആദ്യ ആകാശ സ്റ്റേഡിയം നിർമിക്കാൻ പദ്ധതിയിടുന്നതെന്നാണ് റിപ്പോർട്ട്. നിയോ സ്റ്റേഡിയം എന്ന പേരിൽ 1150 അടി ഉയരെ (350 മീറ്റർ ഉയരത്തിൽ) 100 കോടി ഡോളർ ചിലവഴിച്ച് ഈ അതിശയ കളിമുറ്റം നിർമിക്കുമെന്ന് വിവിധ റിപ്പോർട്ടുകൾ അവകാശപ്പെടുന്നു.

2027ൽ നിർമാണം ആരംഭിക്കുന്ന നിയോം സ്റ്റേഡിയം ലോകകപ്പിന് കിക്കോഫ് കുറിക്കുന്നതിന് രണ്ടു വർഷം മുമ്പ്  പൂർത്തിയാക്കും. 46,000മാണ് സ്റ്റേഡിയത്തിന്റെ ഇരിപ്പിട ശേഷി. ഗ്രൂപ്പ് റൗണ്ടും പ്രീക്വാർട്ടറും ക്വാർട്ടർ ഫൈനലും ഉൾപ്പെടെ ലോകകപ്പിലെ മത്സരങ്ങൾക്കും ഈ സ്റ്റേഡിയം വേദിയാകുമത്രേ.

2024 ഡിസംബറിൽ നിയോം ‘എക്സ്’ പേജിൽ പങ്കുവെച്ച കുറിപ്പിൽ തന്നെ 350 മീറ്റർ ഉയരെ അതുല്യമായൊരു സ്റ്റേഡിയം നിർമിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഫിഫ സമർപ്പിച്ച സൗദിയുടെ ബിഡ് ബുക്കിലും നിയോം സ്റ്റേഡിയം ലോകത്തെ ഏറ്റവും സവിശേഷമായ ഒന്നായിരിക്കുമെന്ന് അവകാശപ്പെടുന്നു. എന്നാൽ നിലവിൽ പുറത്തുവന്നിരിക്കുന്ന സ്റ്റേഡിയ ചിത്രം ഔദ്യോ​ഗികമല്ലെന്നാണ് വിവരം.

ആകാശത്തിലെ സ്റ്റേഡിയം എന്ന സ്വപ്ന പദ്ധതിയെ കുറിച്ചുള്ള റിപ്പോർട്ടുകൾ പുറത്തു വന്നതിനു പിന്നാലെ അനുകൂലിച്ചും സംശയം പ്രകടിപ്പിച്ചും ആളുകളെത്തിയിട്ടുണ്ട്. ആകാശത്തോളം ഉയരത്തിൽ ലോകകപ്പ് പോലൊരു വലിയ കളി എങ്ങനെ നടക്കുമെന്നാണ് പലരുടെയും ചോദ്യം. സമുദ്ര നിരപ്പിൽ നിന്നും ഉയരത്തിലായതിനാൽ കളിക്കാരുടെ പ്രയാസവും, വലിയ തോതിൽ കാണികൾ എങ്ങനെ മുകളിലെത്തുമെന്നുമെല്ലാം ചോദ്യങ്ങളുയരുന്നു. അതേസമയം അതിവേഗം മാറികൊണ്ടിരിക്കുന്ന സാ​ങ്കേതിക വിദ്യകൾക്കും സൗകര്യങ്ങൾക്കുമിടയിൽ പുതിയ ആശയത്തെ സ്വാഗതം ചെയ്യുന്നവരുമുണ്ട്.