പി.എസ്.ജിയിൽ ജീവിതം നരകതുല്യം ആയിരുന്നു എനിക്കും മെസിക്കും, അവൻ പിന്നെ ലോകകപ്പ് എങ്കിലും നേടി സന്തോഷിച്ചു; എനിക്ക് ബ്രസീലിനായി നേട്ടങ്ങൾ കൊയ്യണം; പ്രതികരണവുമായി നെയ്മർ ജൂനിയർ

പി.എസ്.ജിയിൽ കളിച്ചിരുന്ന കാലത്ത് താനും മെസിയും “നരകത്തിൽ ആയിരുന്നു കഴിഞ്ഞിരുന്നത് “എന്നും അവിടെ ജീവിതം ദുഃഖങ്ങൾ നിറഞ്ഞത് ആയിരുന്നു എന്നും പറയുകയാണ് ബ്രസീലിയൻ സൂപ്പർ താരം നെയ്മർ ജൂനിയർ . ഇരുവരും ഇപ്പോൾ 2023-ലെ വേനൽക്കാലത്ത് പി.എസ്.ജി വിടുകയും നെയ്മർ സൗദി ക്ലബായ അൽ ഹിലാലിൽ ചേർന്നപ്പോൾ മെസി അമേരിക്കൻ ക്ലബായ ഇന്റർ മിയാമിയിലാണ് ചേർന്നത്. GE ഗ്ലോബോയ്ക്ക് നൽകിയ അഭിമുഖത്തിൽ, ബ്രസീലിയൻ താരം കരിയറിൽ തനിക്കും മെസിക്കും സംഭവിച്ച കാര്യങ്ങളെക്കുറിച്ച് ചർച്ച ചെയ്തു.

“മെസിക്ക് നല്ലതും മോശവുമായ കാര്യങ്ങൾ സംഭവിച്ച വർഷമായിരുന്നു കടന്നുപോയത്. അവൻ നാണയത്തിന്റെ ഇരുവശങ്ങളിലും ജീവിച്ചെന്ന് പറയാം. അവൻ അർജന്റീന ടീമിനൊപ്പം ആഗ്രഹിച്ച എല്ലാ നേട്ടങ്ങളും സ്വന്തമാക്കി. അതേസമയം പി.എസ്.ജിയിൽ അവൻ നരകത്തിൽ ജീവിച്ചു. എന്റെ ജീവിതവും നരകതുല്യം തന്നെ ആയിരുന്നു ” നെയ്മർ പറഞ്ഞു.

ബാഴ്സയിലെ നല്ല സമയത്തിന് ശേഷം മെസിയുമായി വീണ്ടും ഒന്നിച്ചതിനെക്കുറിച്ചും അവരുടെ സന്തോഷം എങ്ങനെ ഒരു പേടിസ്വപ്നമായി മാറിയെന്നും നെയ്മർ ഗ്ലോബോയോട് പറഞ്ഞു, ഫ്രാൻസിൽ ഇരുവർക്കും നല്ല അനുഭവമുണ്ടായിരുന്നില്ല.” ഞങ്ങൾ അസ്വസ്ഥനായിരുന്നു , കാരണം ഞങ്ങൾ ഒരുപാട് സ്വപ്നങ്ങൾ കണ്ടാണ് അവിടെ കളിച്ച് തുടങ്ങിയത്. എന്നാൽ ഞങ്ങൾക്ക് ഒന്നും ചെയ്യാൻ സാധിച്ചില്ല. നേട്ടങ്ങൾ പലതും സ്വന്തമാക്കാൻ സാധിച്ചില്ല , സന്തോഷം ഇല്ലായിരുന്നു രണ്ടാൾക്കും ” അദ്ദേഹം കൂട്ടിച്ചേർത്തു.

പി.എസ്.ജി വിട്ട മെസി ഇപ്പോൾ ഇന്റർ മിയാമിയിൽ കളിക്കുകയാണ്. അതേസമയം, നെയ്‌മർ ആകട്ടെ റെക്കോഡ് തുകയ്ക്കാണ് സൗദിയിൽ എത്തിയത് . മെസി ഇന്റർ മിയാമിയിൽ ഗോളടിച്ചുകൂട്ടുമ്പോൾ നെയ്മർ തന്റെ പുതിയ ടീമിന് വേണ്ടി ഇതുവരെ കളത്തിൽ ഇറങ്ങിയിട്ടില്ല എന്നതും ശ്രദ്ധിക്കണം.