കിലിയന്‍ എംബാപ്പെ പിഎസ്ജി വിടുന്നത് മെസ്സി കാരണം ; ടീമില്‍ മൂപ്പിളമ പോരെന്ന് ഫ്രഞ്ച് പത്രം

സ്പാനിഷ് വമ്പന്മാരായ റയല്‍ മാഡ്രിഡ് ലക്ഷ്യം വെച്ചിരിക്കുന്ന പ്രധാന താരങ്ങളുടെ പട്ടികയിലാണ് ഫ്രഞ്ച് ഫുട്‌ബോളിലെ കണ്ണഞ്ചിപ്പിക്കുന്ന താരം കിലിയന്‍ എംബാപ്പേ. താരവും സ്പാനിഷ് ക്ല്ബ്ബിലേക്ക് ചാടാന്‍ കാത്തിരിക്കുകയുമാണ്. എന്നാല്‍ ഫ്രഞ്ച് ക്ലബ്ബിനൊപ്പം സംതൃപ്തനായി പോയിരുന്ന താരം ക്ലബ്ബ് വിടാന്‍ കാരണമാകുന്നത് അര്‍ജന്റീനയുടെ സൂപ്പര്‍താരം മെസ്സി കാരണമാണെന്ന് ഫ്രഞ്ച്ച പത്രം ലേ പാരീസ്.

പിഎസ്ജിയുടെ ഡ്രസ്സിംഗ് റൂമില്‍ മൂപ്പിളമ തര്‍ക്കമാണെന്നും മെസ്സി വന്നതോടെ എംബാപ്പേയുടെ താരപദവിയ്ക്ക് ഭംഗം വന്നതാണ് കാരണമെന്നും പത്രം പറയുന്നു. പിഎസ്്ജിയുടെ തെറ്റായ തീരുമാനങ്ങളില്‍ ഒന്നായിരുന്നു മെസ്സിയെ സ്വന്തമാക്കിയതെന്നും പറയുന്നു. മെസിയെ സ്വന്തമാക്കാനുള്ള പിഎസ്ജിയുടെ തീരുമാനം കിലിയന്‍ എംബാപ്പയെ ക്ലബ് വിടുന്നതിലേക്ക് കൂടുതല്‍ അടുപ്പിക്കുമെന്നാണ് ഫ്രഞ്ച് മാധ്യമത്തിന്റെ അഭിപ്രായം.

നേരത്തെ നെയ്മറും എംബാപ്പയും ഒരുപോലെ അനുഭവിച്ചിരുന്ന ടീമിലെ ഏറ്റവും മികച്ച താരമെന്ന പദവി സ്വാഭാവികമായും ഇപ്പോള്‍ മെസിക്കാണു ലഭിക്കുന്നത്. അര്‍ജന്റീനിയന്‍ താരം ഫ്രാന്‍സിലെത്തിയത് മികച്ച പ്രകടനം നടത്തിയിരുന്ന നെയ്മര്‍-എംബാപ്പെ സഖ്യത്തെ ബാധിച്ചുവെന്നു വ്യക്തമാക്കുന്നു. ഈ സീസണില്‍ പിഎസ്ജിക്കായി 22 ഗോളുകളും 16 അസിസ്റ്റും സ്വന്തമാക്കിയ എംബാപ്പെ മികച്ച ഫോമിലാണെങ്കിലും ടീമിന് ഇപ്പോഴും മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിഞ്ഞിട്ടില്ല.

എംബാപ്പെ പിഎസ്ജിയുടെ നേതൃത്വം ഏറ്റെടുക്കാനുള്ള പക്വത പ്രാപിച്ചു വരുന്ന സമയത്ത് മെസിയെ സ്വന്തമാക്കേണ്ട ആവശ്യം ക്ലബിനുണ്ടായിരുന്നോ എന്ന ചോദ്യവും ഫ്രഞ്ച് മാധ്യമത്തിന്റെ എഡിറ്റോറിയല്‍ ഉയര്‍ത്തുന്നുണ്ട്. ഇത് കിലിയന്‍ എംബാപ്പക്ക് ക്ലബ് വിടുകയെന്നല്ലാതെ മറ്റൊരു തിരഞ്ഞെടുപ്പും ഇല്ലാത്ത രൂപത്തിലാക്കിയെന്നും എഡിറ്റോറിയല്‍ വ്യക്തമാക്കുന്നു. അതേസമയം എംബാപ്പയുടെ കരാര്‍ പുതുക്കാനുള്ള ശ്രമങ്ങളുമായി മുന്നോട്ടു പോവുകയാണ് പിഎസ്ജി.