കലിപ്പടക്കാതെ ബ്ലാസ്റ്റേഴ്‌സ്; കന്നിപ്പോരില്‍ എടികെ മോഹന്‍ ബഗാന്‍

ഐഎസ്എല്‍ ഫുട്‌ബോള്‍ എട്ടാം സീസണിന്റെ ഉദ്ഘാടന മത്സരത്തില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന് തോല്‍വി. രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് ബ്ലാസ്‌റ്റേഴ്‌സിനെ എടികെ മോഹന്‍ ബഗാന്‍ തുരത്തി. ഹ്യൂഗോ ബൗമസിന്റെ ഇരട്ടഗോള്‍ എടികെ മോഹന്‍ ബഗാന്റെ ജയത്തിലെ സവിശേഷത.

ബാസ്റ്റേഴ്‌സ് നിലയുറപ്പിക്കുംമുന്‍പേ സ്‌കോര്‍ ചെയ്തുകൊണ്ടാണ് എടികെ മോഹന്‍ ബഗാന്‍ തുടങ്ങിയത്. രണ്ടാം മിനിറ്റില്‍ ഹ്യൂഗോ ബൗമസിന്റെ സ്‌ട്രൈക്ക് കേരളത്തിന്റെ ഗോള്‍ വലയില്‍ കയറി (1-0). തിരിച്ചടിക്ക് കോപ്പുകൂട്ടിയ ബ്ലാസ്റ്റേഴ്‌സ് 24-ാം മിനിറ്റില്‍ ഒരു ഗോള്‍ മടക്കി. കെ.പി. രാഹുല്‍ പകുത്ത പന്തില്‍ നിന്ന് സഹല്‍ അബ്ദുള്‍ സമദ് ബ്ലാസ്റ്റേഴ്‌സിന്റെ മറുപടി ഗോള്‍ കുറിച്ചു(1-1). പക്ഷേ, ആ സന്തോഷം അധിക നേരം നീണ്ടില്ല. റോയ് കൃഷ്ണ (27-ാം മിനിറ്റ്) പെനല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് എടികെ മോഹന്‍ ബഗാന്റെ ലീഡ് തിരിച്ചുപിടിച്ചു (2-1). ഒന്നാം പകുതി അവസാനിക്കുന്നതിന് മുന്‍പ് ബൗമസ് രണ്ടാമതും വെടിപൊട്ടിച്ചു, എടികെ മോഹന്‍ ബഗാന്‍ 3-1ന് മുന്നില്‍.


ഇടവേളയ്ക്കുശേഷം കൡയുടെ വിധി മാറ്റാന്‍ ബ്ലാസ്റ്റേഴ്‌സിന് സാധിച്ചില്ല. 50-ാം മിനിറ്റില്‍ എടികെ മോഹന്‍ ബഗാന്റെ ലിസ്റ്റണ്‍ കൊളാക്കോ ബ്ലാസ്റ്റേഴ്‌സിന്റെ വേദന കൂട്ടുന്ന ഗോളിന് പിറവികൊടുത്തു (4-1). 69-ാം മിനിറ്റില്‍ യോര്‍ഗെ ഡയസ് ബ്ലാസ്റ്റേഴ്‌സിനായി ഒരു ഗോള്‍ കൂടി മടക്കിയെങ്കിലും എടികെ മോഹന്‍ ബഗാനെ കീഴടക്കാന്‍ അതു പോരായിരുന്നു (4-2).