ആദ്യ പകുതിയില്‍ എടികെ മോഹന്‍ ബഗാന്‍; ബ്ലാസ്റ്റേഴ്‌സ് 3-1ന് പിന്നില്‍

ഐഎസ്എല്‍ സീസണിലെ ഉദ്ഘാടന മത്സരത്തില്‍ എടികെ മോഹന്‍ ബഗാനെ നേരിടുന്ന കേരള ബ്ലാസ്റ്റേഴ്‌സ് ആദ്യ പകുതിയില്‍ പിന്നില്‍. ഒന്നിനെതിരെ മൂന്ന് ഗോളിനാണ് എടികെ മോഹന്‍ ബഗാന്‍ ലീഡ് ചെയ്യുന്നത്.

കളിയുടെ രണ്ടാം മിനിറ്റില്‍ തന്നെ ഹ്യൂഗോ ബൗമസിലൂടെ എടികെ മോഹന്‍ ബഗാന്‍ സ്‌കോര്‍ ചെയ്തു. ഒരു ക്രോസ് എന്ന് തോന്നിപ്പിച്ച ബൗമസിന്റെ സ്‌ട്രൈക്ക് ബ്ലാസ്റ്റേഴ്‌സ് ഗോളി ആല്‍ബിനോ ഗോമസിനെ കടന്ന് വല കുലുക്കുകയായിരുന്നു (1-0).

എന്നാല്‍ 24-ാം മിനിറ്റില്‍ മലയാളി താരം അബ്ദുള്‍ സഹല്‍ സമദ് ബ്ലാസ്റ്റേഴ്‌സിന് സമനില സമ്മാനിച്ചു (1-1). കെ.പി. രാഹുലിന്റെ പാസില്‍ നിന്ന അബ്ദുള്‍ സഹല്‍ സമദാണ് ബ്ലാസ്റ്റേഴ്‌സിനുവേണ്ടി ലക്ഷ്യം കണ്ടത്.

പക്ഷേ, മൂന്നു മിനിറ്റുകള്‍ക്ക് ശേഷം റോയ് കൃഷ്ണയുടെ പെനല്‍റ്റി ഗോള്‍ എടികെ മോഹന്‍ ബഗാന് ഒരുക്കല്‍ക്കൂടി മേല്‍ക്കൈ സമ്മാനിച്ചു (2-1). 39-ാം മിനിറ്റില്‍ ബൗമസ് ഡബിള്‍ തികച്ചതോടെ ബ്ലാസ്റ്റേഴ്‌സിന് നിരാശയോടെ ആദ്യ പകുതി അവസാനിപ്പിക്കേണ്ടിവന്നു (3-1).