ഏകദിന ലോകകപ്പ്: ഇന്ത്യയുടെ മൂന്ന് ഗെയിം ചെയ്ഞ്ചര്‍മാരെ തിരഞ്ഞെടുത്ത് യുവി, പ്രമുഖരെ തഴഞ്ഞു!

ഏകദിന ലോകകപ്പിനു അടുത്തയാഴ്ച തുടങ്ങാനിരിക്കെ ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ ഗെയിം ചെയ്ഞ്ചര്‍മാര്‍ ആരൊക്കെയായിരിക്കുമെന്ന് പ്രവചിച്ച് ഇന്ത്യന്‍ മുന്‍ സൂപ്പര്‍ താരം യുവരാജ് സിംഗ്. പ്രശസ്ത കമന്റേറ്റര്‍ ഹര്‍ഷ ഭോഗലെയ്ക്കൊപ്പം ഹോട്സ്റ്റാറില്‍ തംപ്സ് അപ്പ് ഫാന്‍ പള്‍സ് എന്ന ഷോയില്‍ അതിഥിയായി എത്തിയപ്പോഴാണ് യുവി ഈ തിരഞ്ഞെടുപ്പ് നടത്തിയത്. വിരാട് കോഹ്‌ലിയടക്കമുള്ള പ്രമുഖരെ യുവി തഴഞ്ഞു എന്നതാണ് ശ്രദ്ധേയം.

സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയെയായിരുന്നു മാച്ച് വിന്നറായി യുവരാജ് ആദ്യം തിരഞ്ഞെടുത്തത്. രണ്ടാമതായി സൂപ്പര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയുടെ പേരായിരുന്നു അദ്ദേഹം പറഞ്ഞത്. അനുഭവസമ്പത്ത് പരിഗണിക്കുമ്പോള്‍ താരത്തിനു മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ കഴിയുമെന്നു യുവി ചൂണ്ടിക്കാട്ടി.

മൂന്നാമനായി പേസര്‍ മുഹമ്മദ് സിറാജിന്റെ പേരായിരുന്നു അദ്ദേഹം പറഞ്ഞത്. വളരെ മികച്ച ബോളിംഗാണ് സിറാജ് ഇപ്പോള്‍ കാഴ്ചവയ്ക്കുന്നതെന്നും യുവി ചൂണ്ടിക്കാട്ടി. കഴിഞ്ഞ ഏഷ്യാ കപ്പില്‍ മികച്ച പ്രകടനമായിരുന്നു സിറാജ് കാഴ്ചവെച്ചത്. ഫൈനലില്‍ സിറാജിന്റെ ബോളിംഗ് പ്രകടനമാണ് ലങ്കയെ തകര്‍ത്ത് കിരീടം ചൂടാന്‍ ഇന്ത്യയെ സഹായിച്ചത്.

ഒക്ടോബര്‍ അഞ്ചിനാണ് ലോകകപ്പിനു തുടക്കമാകുന്നത്. നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടും ശക്തരായ ന്യൂസിലാന്‍ഡും തമ്മിലാണ് ഉദ്ഘാടന മത്സരം. ഒക്ടോബര്‍ എട്ടിന് ഓസ്‌ട്രേലിയയ്‌ക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.