ഓസ്ട്രേലിയക്കെതിരെ നടക്കാൻ പോകുന്ന ഏകദിനത്തിൽ നിന്നും രോഹിത് ശർമ്മയെ നായക സ്ഥാനത്ത് നിന്ന് മാറ്റി പകരം യുവ താരം ശുഭ്മൻ ഗില്ലിനെ തിരഞ്ഞെടുത്തിരുന്നു. അതിൽ വൻ തോതിലുള്ള വിവാദങ്ങളും വിമർശനങ്ങളും ഉയർന്നു വന്നിരുന്നു.
ശുഭ്മൻ ഗില്ലിന്റെ ഏകദിനത്തിലെ പ്രകടനം കണക്കിലെടുത്താൽ താരത്തെ നായകനാക്കാൻ ഒരു യോഗ്യതയും ഇല്ലെന്ന് പല മുൻ താരങ്ങളും അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ രോഹിതിനെ മാറ്റിയതിൽ യാതൊരു കുഴപ്പവുമില്ലെന്ന് പറഞ്ഞിരിക്കുകയാണ് മുൻ ഇന്ത്യൻ നായകൻ സൗരവ് ഗാംഗുലി.
“രോഹിത്തുമായി തലപ്പത്തുള്ളവര്‍ ഇതേക്കുറിച്ചു സംസാരിച്ചു കാണുമെന്നു എനിക്കുറപ്പുണ്ട്. നായകസ്ഥാനത്തു നിന്നും അദ്ദേഹത്തെ പുറത്താക്കിയതാണോയെന്നതില്‍ എനിക്കുറപ്പില്ല. ഇതു പരസ്പരം ചര്‍ച്ച ചെയ്ത ശേഷമെടുത്ത തീരുമാനമായിരിക്കുമെന്നു എനിക്കുറപ്പാണ്. രോഹിത് അസാധാരണ ലീഡറാണ്. ഐസിസിയുടെ ടി20 ലോകകപ്പും ഐസിസി ചാംപ്യന്‍സ് ട്രോഫിയും നായകനെന്ന നിലയില്‍ അദ്ദേഹം നേടിയിട്ടുണ്ട്”
” രോഹിത്തിന്റെ കാര്യത്തിലുള്ള പ്രശ്നം പ്രകടനമല്ല. 2027 ആവുമ്പോള്‍ രോഹിത്തിനു 40 വയസ്സാവും. സ്പോര്‍ട്സില്‍ അതൊരു വലിയ നമ്പറാണ്. എനിക്കും നായകനായിരിക്കെ ഇത്തരമൊരു അവസ്ഥ നേരിടേണ്ടി വന്നിട്ടുണ്ട്. രാഹുല്‍ ദ്രാവിഡിനും ഇതു അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ടെന്നു കാണാം. ഞങ്ങള്‍ക്കു മാത്രമല്ല എല്ലാവര്ക്കും ഒരിക്കല്‍ ഇതു നേരിടേണ്ടതായി വരും. 40 വയസ്സാവുമ്പോള്‍ ശുഭ്മന്‍ ഗില്ലിനും ഇതു തന്നെയാവും സംഭവിക്കുക. സ്പോര്‍ട്ടില്‍ എല്ലാവര്ക്കും ഒരു ദിവസം എല്ലാം നിര്‍ത്തേണ്ടതായി വരും” സൗരവ് ഗാംഗുലി പറഞ്ഞു.







