രോഹിതിന് ശേഷം ഇന്ത്യയുടെ ക്യാപ്റ്റന്‍ ആര്? ഈ ചോദ്യത്തിന് ഐപിഎല്‍ ഈ സീസണ്‍ മറുപടിപറയും ; മൂന്ന് പേരെ ചൂണ്ടിക്കാട്ടി ശാസ്ത്രി

ഐപിഎല്ലിലെ ഈ സീസണില്‍ ഇന്ത്യയുടെ വരുംകാല നായകനെ തിരിച്ചറിയാമെന്ന് ഇന്ത്യന്‍ കമന്റേറ്ററും മുന്‍ താരവുമായ രവിശാസ്ത്രി. വരാന്‍ പോകുന്ന ഐപിഎല്‍ സീസണ്‍ നേതൃത്വ പാടവം കൂടി പരീക്ഷിക്കപ്പെടുന്നതായിരിക്കുമെന്നും ശാസ്ത്രി വിലയിരുത്തുന്നു.

വിരാട് കോഹ്ലിയ്ക്ക് പിന്നാലെ രോഹിത് ശര്‍മ്മ നായകപദവി ഏറ്റെടുത്തെങ്കിലും 36 കാരനായ രോഹിത് ശര്‍മ്മയ്ക്ക് അധികകാലം ടീമിന്റെ നായകനായി തുടരാനാകില്ലെന്ന കണക്കാക്കലിന്റെ അടിസ്ഥാനത്തിലാണ് ഈ വിലയിരുത്തല്‍.

രോഹിതിന്റെ അഭാവത്തില്‍ വിരാട്‌കോഹ്ലി പടിയിറങ്ങിയതോടെ ദക്ഷിണാഫ്രിക്കയില്‍ ഇന്ത്യയെ മുന്ന് ഫോര്‍മാറ്റിലും നയിച്ചത് കെഎല്‍ രാഹുലായിരുന്നു. മൂന്ന് ഏകദിനവും ടെസ്റ്റു മത്സരവും കെഎല്‍ രാഹുലിന് കീഴില്‍ ഇന്ത്യ പരാജയപ്പെടുകയും ചെയ്തു. ഇത്തവണ ഐപിഎല്ലില്‍ പുതിയ ഫ്രാഞ്ചൈസിയായ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിനെയാണ് രാഹുല്‍ നയിക്കുന്നത്.

രാഹുലിനൊപ്പം ഇന്ത്യയുടെ ഭാവി നായകനാകാന്‍ ശേഷിയുള്ള രണ്ടുപേരായി ശാസ്ത്രി കാണുന്നത് ഋഷഭ് പന്തിനെയും ശ്രേയസ് അയ്യരെയുമാണ്. പന്ത് ഡല്‍ഹി ക്യാപിറ്റല്‍സിനെ നയിക്കുമ്പോള്‍ ശ്രേയസ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് നായകനാണ്. നായകസ്ഥാനത്തേക്ക് അവരോധിക്കാന്‍ 12.25 കോടി മുടക്കിയാണ് കൊല്‍ക്കത്ത ശ്രേയസിനെ ടീമില്‍ എടുത്തത്.

Read more

ഭാവിയിലെ ഇന്ത്യന്‍ നായകനെ കൂടി ഈ ഐപിഎല്‍ തീരുമാനിക്കുമെന്നും രാഹുല്‍, പന്ത്, അയ്യര്‍ എന്നിവരിലാണ് ഇന്ത്യന്‍ മാനേജ്‌മെന്റും സെലക്ടര്‍മാരും കണ്ണു വച്ചിരിക്കുന്നതെന്ന് ശാസ്ത്രി പറയുന്നു. മാര്‍ച്ച് 26 നാണ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കളി തുടങ്ങുന്നത്.