വിവാദ പ്രസ്താവനകള്‍ക്ക് പിന്നിലെ കാരണം എന്ത്?; വെളിപ്പെടുത്തി ഗൗതം ഗംഭീര്‍

ഡിസംബര്‍ 30ന്, ഇന്ത്യന്‍ മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍ എക്‌സില്‍ ഒരു ചോദ്യോത്തര സെഷന്‍ നടത്തി. അവിടെ ആരാധകരുടെ ഉജ്ജ്വലമായ ചോദ്യങ്ങള്‍ക്ക് അദ്ദേഹം ഉത്തരം നല്‍കി. ആ സെഷനില്‍ ഒരു ആരാധകന്‍ ഗംഭീറിനോട് എന്തിനാണ് ഇത്തരം വിവാദ പ്രസ്താവനകള്‍ നടത്തുന്നതെന്ന് ചോദിച്ചു. ഇതിന് തന്റെ പതിവ് മൂര്‍ച്ചയുള്ള ശൈലിയില്‍ ഗംഭീര്‍ മറുപടി നല്‍കി.

പിച്ചായാലും ഓഫ് പിച്ചായാലും ഗംഭീറിനെ പലപ്പോഴും വിവാദങ്ങള്‍ വലയം ചെയ്യാറുണ്ട്. എന്നിരുന്നാലും, താന്‍ ഹൃദയത്തില്‍ നിന്നാണ് സംസാരിക്കുന്നതെന്നും വിവാദത്തില്‍ വീഴുന്നതിനെക്കുറിച്ച് ചിന്തിക്കുന്നില്ലെന്നും ഗംഭീര്‍ പറഞ്ഞു. ‘എനിക്ക് തോന്നുന്നത് ഞാന്‍ പറയുന്നു. വിവാദങ്ങള്‍ കൊണ്ട് ആര്‍ക്കാണ് നേട്ടം എന്ന് ചിന്തിക്കണം’ ഗംഭീര്‍ മറുപടിയായി പറഞ്ഞു.

ഈ വര്‍ഷം രണ്ട് വലിയ വിവാദങ്ങളുടെ ഭാഗമായിരുന്നു ഗംഭീര്‍. ഒന്നാമതായി, ഐപിഎല്‍ 2023-ല്‍ വിരാട് കോഹ്ലിയുമായി വഴക്കിട്ടതിന് ശേഷമാണ് അദ്ദേഹം വാര്‍ത്തയില്‍ ഇടംപിടിച്ചത്. ലഖ്‌നൗ-ആര്‍സിബി മത്സരം അവസാനിച്ചതിന് ശേഷം കളിക്കാര്‍ പരസ്പരം അഭിവാദ്യം ചെയ്യുമ്പോഴുമാണ് അത് സംഭവിച്ചത്.

ഈ വര്‍ഷത്തെ രണ്ടാമത്തെ ഗംഭീര്‍ ഉള്‍പ്പെട്ട വലിയ വിവാദം ലെജന്‍ഡ്‌സ് ക്രിക്കറ്റ് ലീഗില്‍ മുന്‍ സഹതാരം ശ്രീശാന്തുമായിട്ടുള്ളതാണ്. ശ്രീശാന്തിനെ മത്സരത്തിനിടെ ഗംഭീര്‍ വാതുവെപ്പുകാരന്‍ എന്ന് വിളിച്ചു എന്നായിരുന്നു ആ വിവാദം.