വിരാട് ടി 20 യിൽ നിന്നും വിരമിക്കണം എന്ന് അക്തർ, കലക്കൻ മറുപടി നൽകി സൗരവ് ഗാംഗുലി; ആരാധകർ വക കൈയടി

മുൻ പാകിസ്ഥാൻ പേസർ ഷൊയ്ബ് അക്തർ ടി20യിൽ നിന്ന് വിരമിക്കണമെന്ന് വിരാട് കോഹ്‌ലിയോട് നിർദ്ദേശിച്ചതിന് പിന്നാലെ സൗരവ് ഗാംഗുലി കോഹ്‌ലിക്ക് അനുകൂല വാദവുമായി രംഗത്ത് എത്തിയിരിക്കുന്നു. ഏകദിനത്തിലും ടെസ്റ്റിലും തന്റെ കരിയർ നീട്ടുന്നതിൽ വിരാട് ശ്രദ്ധിക്കണം എന്നും അതിനാൽ ടി 20 വേണ്ട എന്ന് വെക്കണം എന്നും ആയിരുന്നു അക്തറിന്റെ വാദം.

ഓസ്‌ട്രേലിയയിൽ നടന്ന ടി20 ലോകകപ്പിലാണ് വിരാട് അവസാനമായി ചെറിയ ഫോർമാറ്റിൽ കളിച്ചത് എന്നുള്ളത് ശ്രദ്ധിക്കണം. ടി20യിൽ ഹാർദിക് പാണ്ഡ്യയ്യുടെ കീഴിൽ ഒരു യുവനിരയാണ് ഇന്ത്യക്കായി ഈ ഫോർമാറ്റിൽ ഇപ്പോൾ ഇറങ്ങുന്നത്. ഇപ്പോൾ 34 വയസ്സുള്ള കോഹ്‌ലി ഏകദിന, ടെസ്റ്റ് ഫോർമാറ്റുകളിൽ ഫോക്കസ് ചെയ്യണം എന്നാണ് അക്തർ പറഞ്ഞത്.

അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ:

“കോഹ്‌ലി ടെസ്റ്റ്, ഏകദിനം എന്നിവയിൽ ഫോക്കസ് ചെയ്യാനാ. ഇപ്പോൾ 34 വയസായി അതിനാൽ ടി 20 ഫോർമാറ്റിൽ ഒന്നും കളിക്കരുത്. യുവതാരങ്ങൾക്കായി വഴി മാറി കൊടുക്കണം.”

എന്നാൽ ഗാംഗുലിക്ക് അതൊന്നും അത്ര ഇഷ്ടപ്പെട്ടില്ല, അദ്ദേഹം പറഞ്ഞത് ഇങ്ങനെ- “വിരാട് കോഹ്‌ലി കളിക്കാൻ ആഗ്രഹിക്കുന്ന ഏത് ക്രിക്കറ്റും കളിക്കണം, കാരണം അവൻ മികച്ച പ്രകടനം നടത്തുന്നു,” ഗാംഗുലി മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ഇന്ത്യ ഒരു പരിവർത്തന ഘട്ടത്തിലേക്ക് കടക്കുമ്പോൾ വിരാടിന്റെ ഭാവി വലിയ ചർച്ചയാണ്. മുൻ ഇന്ത്യൻ ക്യാപ്റ്റൻ ഡബ്ല്യുടിസി ഫൈനലിൽ അത്ര മികച്ച പ്രകടനം അല്ല നടത്തിയത്. വരാനിരിക്കുന്ന ഏഷ്യാ കപ്പിലും ലോകകപ്പിലും ഏറ്റവും മികച്ച പ്രകടനം , അത് മാത്രമാണ് ഇനി കോഹ്‌ലിയുടെ ലക്ഷ്യം.