അറിയാതെ ഹസ്തദാനം നടത്തി, ഞെട്ടിത്തരിച്ച് കിവീസ്- ഓസീസ് നായകന്മാര്‍

സോഷ്യല്‍ മീഡിയില്‍ കിവീസ് നായകന്‍ കെയ്ന്‍ വില്യംസണ്‍ പോസ്റ്റ് ചെയ്ത ഒരു ചിത്രം ഇപ്പോള്‍ ഏറെ ശ്രദ്ധ പിടിച്ചുപറ്റുകയാണ്. ഓസ്‌ട്രേലിയ-ന്യൂസിലാന്‍ഡ് ഏകദിന പരമ്പരയ്ക്ക് മുന്നോടിയായി ഇരുനായകന്മാര്‍ ഹസ്തദാനം ചെയ്തതും പിന്നീട് ഇരുവരുടേ മുഖഭാവങ്ങളും അടങ്ങിയതാണ് ഈ ചിത്രങ്ങള്‍.

കോവിഡ് 19 വൈറസ് പടര്‍ന്നു പിടിയ്ക്കുന്നതിനിടേയാണ് ആരോണ്‍ ഫിഞ്ചും കെയ്ന്‍ വില്യംസണും ടോസിനിടെ പരസ്പരം ഹസ്തദാനം ചെയ്തത്. എന്നാല്‍ തെറ്റ് മനസ്സിലാക്കിയ താരങ്ങള്‍ എന്തോ അപകടം പറ്റിയ മാതിരിയാണ് പിന്നീട് പ്രതികരിച്ചതെന്ന് ചിത്രങ്ങളില്‍ നിന്നും വ്യക്തം. ഇതൊരിക്കലും സംഭവിക്കാന്‍ പാടില്ലായിരുന്നെന്നും ഞങ്ങള്‍ക്ക് സാനിറ്റെസര്‍ ചെയ്യേണ്ടത് അത്യാവശമാണെന്നും ഈ ചിത്രത്തിന് അടിക്കുറിപ്പായി ഒരു ചിരി സ്മെെലി ഇട്ട് വില്യംസണ്‍ എഴുതുന്നു.

നേരത്തെ ദക്ഷിണാഫ്രിക്ക, ഇംഗ്ലീഷ് ടീം അധികൃതര്‍ താരങ്ങള്‍ തമ്മിലുളള ഹസ്തദാനം വിലക്കിയിരുന്നു. എന്നാല്‍ ഓസ്‌ട്രേലിയന്‍ ടീമിന് ഹസ്തദാന വിലക്ക് ഏര്‍പ്പെടുത്തിയിരുന്നില്ല.

https://www.facebook.com/KaneWilliamsonFans/photos/a.1446047645486743/2811325988958895/?type=3&theater

അതിനിടെ കോവിഡ് 19 സംശയിക്കപ്പെട്ടതിനെ തുടര്‍ന്ന് ഓസ്ട്രേലിയന്‍ സൂപ്പര്‍ താരം കെയിന്‍ റിച്ചാര്‍ഡ്സണെ ക്വാറന്റൈന്‍ ചെയ്തിരുന്നു. വ്യാഴാഴ്ച രാത്രിയാണ് തനിക്ക് സുഖമില്ലെന്ന് റിച്ചാര്‍ഡ്സണ്‍ ക്രിക്കറ്റ് ഓസ്ട്രേലിയ മെഡിക്കല്‍ സംഘത്തെ അറിയിച്ചത്. ഉടന്‍ തന്നെ താരത്തെ ടീമംഗങ്ങളില്‍ നിന്നും മാറ്റിതാമസിപ്പിക്കുകയും കോവിഡ് 19 പരിശോധനയ്ക്ക് വിധേയനാക്കുകയായിരുന്നു. ഇതിന്റെ പരിശോധനാഫലങ്ങള്‍ ലഭ്യമായിട്ടില്ല.

ഇതോടെ ന്യൂസിലാന്‍ഡിനെതിരെയുള്ള ഒന്നാം ഏകദിന മത്സരത്തിനുള്ള ഓസ്ട്രേലിയന്‍ ടീമില്‍ നിന്നും റിച്ചാഡ്സണെ മാറ്റി. പകരം പേസര്‍ സീന്‍ ആബട്ടിനെ ടീമിലേക്ക് വിളിച്ചിട്ടുണ്ട്.