ഇത് അവസാന സീസണ്‍, ഐപിഎല്‍ കരിയര്‍ അവസാനിപ്പിക്കാന്‍ തീരുമാനിച്ച് ആര്‍സിബി താരം

ഇന്ത്യയുടെ വെറ്ററന്‍ വിക്കറ്റ് കീപ്പര്‍-ബാറ്ററും റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ താരവുമായ ദിനേഷ് കാര്‍ത്തിക് വരാനിരിക്കുന്ന ഐപിഎല്‍ സീസണോടെ ഐപിഎല്‍ കരിയര്‍ അവസാനിപ്പിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. തന്റെ അന്താരാഷ്ട്ര ക്രിക്കറ്റ് കരിയറിനെ കുറിച്ചും അദ്ദേഹം ആലോചനയിലാണെന്ന് സമീപകാല റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഉടന്‍ തന്നെ ഇക്കാര്യങ്ങള്‍ സംബന്ധിച്ചുള്ള പ്രഖ്യാപനം ഉണ്ടായേക്കും.

2008-ല്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിനൊപ്പമാണ് (ഇപ്പോള്‍ ഡല്‍ഹി ക്യാപിറ്റല്‍സ്) കാര്‍ത്തിക് തന്റെ ഐപിഎല്‍ യാത്ര ആരംഭിച്ചത്. എംഎസ് ധോണി, വിരാട് കോഹ്ലി, രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, വൃദ്ധിമാന്‍ സാഹ, മനീഷ് പാണ്ഡെ തുടങ്ങി ഉദ്ഘാടന പതിപ്പ് മുതല്‍ എല്ലാ സീസണിലും പങ്കെടുത്ത കളിക്കാരുടെ കൂട്ടത്തില്‍ നില്‍ക്കുന്ന താരമാണ് കാര്‍ത്തിക്കും. തന്റെ 16-സീസണില്‍ ഉടനീളം, കാര്‍ത്തിക് അസാധാരണമായ സ്ഥിരത പ്രകടിപ്പിച്ചു.

2022-ല്‍ ആര്‍സിബിയില്‍ ചേര്‍ന്ന കാര്‍ത്തിക് തന്റെ മികച്ച പ്രകടനത്തിലൂടെ മത്സര ഫലങ്ങളില്‍ ശക്തമായ സ്വാധീനം ചെലുത്തി. 16 മത്സരങ്ങളില്‍ നിന്ന് ശ്രദ്ധേയമായ 55 ശരാശരിയും 183.33 സ്ട്രൈക്ക് റേറ്റുമായി 330 റണ്‍സ് നേടി. രണ്ടാം ക്വാളിഫയറില്‍ തോറ്റെങ്കിലും ആര്‍സിബിയുടെ പ്ലേഓഫിലേക്കുള്ള യാത്രയില്‍ അദ്ദേഹത്തിന്റെ അമൂല്യമായ സംഭാവനകള്‍ നിര്‍ണായക പങ്ക് വഹിച്ചു.

എന്നിരുന്നാലും, അദ്ദേഹത്തിന്റെ തുടര്‍ന്നുള്ള സീസണുകള്‍ ഏറ്റക്കുറച്ചിലുകള്‍ക്ക് സാക്ഷ്യം വഹിച്ചു, പ്രത്യേകിച്ച് 2023-ല്‍. തന്റെ മുന്‍ സീസണിലെ വിജയം ആവര്‍ത്തിക്കാന്‍ അദ്ദേഹം പാടുപെട്ടു. വെറും 140 റണ്‍സ് മാത്രമാണ് താരത്തിന് അവസാന സീസണില്‍ നേടാനായത്.

ഡല്‍ഹി ഡെയര്‍ഡെവിള്‍സ്, കിംഗ്‌സ് ഇലവന്‍ പഞ്ചാബ് (ഇപ്പോള്‍ പഞ്ചാബ് കിംഗ്‌സ്), മുംബൈ ഇന്ത്യന്‍സ്, ഗുജറാത്ത് ലയണ്‍സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, ആര്‍സിബി തുടങ്ങി ആറ് ഐപിഎല്‍ ടീമുകളെ താരം പ്രതിനിധീകരിച്ചിട്ടുണ്ട്. 240 മത്സരങ്ങളില്‍ നിന്ന് ഏകദേശം 26 ശരാശരിയില്‍ 4516 റണ്‍സും 36 സ്റ്റംപിങ്ങുകള്‍ ഉള്‍പ്പെടെ 133 പുറത്താക്കലുകളും കാര്‍ത്തിക്കിന്റെ ഐപിഎല്‍ കരിയറില്‍ ഉള്‍പ്പെടുന്നു.