ഞങ്ങളെ പിന്തുണക്കാൻ സ്റ്റേഡിയത്തിൽ ആരും ഉണ്ടായിരുന്നില്ല, പാകിസ്ഥാൻ താരങ്ങൾ ഇന്ത്യക്കെതിരെ എല്ലാം നൽകി, പക്ഷേ...; ലോകകപ്പ് മത്സരത്തിൽ സംഭവിച്ചതിനെക്കുറിച്ച് മിക്കി ആർതർ

ചിരവൈരികളായ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ക്രിക്കറ്റ് ലോകകപ്പ് മത്സരത്തിൽ നരേന്ദ്ര മോദി സ്റ്റേഡിയത്തിലുണ്ടായ ശത്രുതാപരമായ അന്തരീക്ഷത്തിൽ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് പുറത്താക്കിയ കോച്ചിംഗ് സ്റ്റാഫിന്റെ ഭാഗമായ മുൻ പാകിസ്ഥാൻ ഹെഡ് കോച്ച് മിക്കി ആർതർ തന്റെ നിരാശ പ്രകടിപ്പിച്ചിരിക്കുകയാണ്. തന്റെ ടീം സമ്മർദത്തിന് വഴങ്ങുന്നത് കണ്ട ആർതർ, തങ്ങൾക്ക്ത നിക്ക് കിട്ടിയ പിന്തുണയുടെ അഭാവത്തെക്കുറിച്ച് പറഞ്ഞു.

ബാബർ അസമിന്റെ നേതൃത്വത്തിലുള്ള പാക്കിസ്ഥാൻ ടീം ശരിക്കും ഒരു നീല കടലിന് മുന്നിലാണ് മത്സരിക്കാൻ ഇറങ്ങിയതെന്നും ആ മത്സരത്തിൽ പ്രതീക്ഷിച്ച പിന്തുണയുടെ നാലിലൊന്ന് പോലും തങ്ങൾക്ക് കിട്ടിയില്ലെന്നും പരിശീലകൻ പറഞ്ഞു. ഓരോ മിനിട്ടിലും ആർത്തിരമ്പുന്ന കടലാരവത്തിന് മുന്നിൽ ഇറങ്ങിയ പാകിസ്ഥാൻ സമ്മർദ്ദത്തിന് കീഴിൽ വീണെന്നും പറഞ്ഞു.

“പാകിസ്താന് പിന്തുണയില്ലാത്തത് വളരെ ബുദ്ധിമുട്ട് ഉണ്ടാക്കി. പാകിസ്ഥാൻ ടീമിനെ മുന്നോട്ട് നയിക്കുന്ന ഒരു കാര്യം മൈതാനങ്ങളിലും ഹോട്ടലുകളിലും അവർക്ക് ലഭിക്കുന്ന അവിശ്വസനീയമായ പിന്തുണയാണ്. ഇവിടെ ഞങ്ങൾക്ക് അത് ഒരിക്കലും ഉണ്ടായിരുന്നില്ല. ലോകകപ്പ് പോലെ ഒരു മത്സരത്തിൽ അത് കിട്ടാതിരിക്കുമ്പോൾ അത് ബുദ്ധിമുട്ട് ഉണ്ടാക്കുന്നു” ആർതർ പറഞ്ഞതായി വിസ്ഡൻ റിപ്പോർട്ട് ചെയ്തു.

ഉദ്ഘാടന മത്സരവും ഗ്രാൻഡ് ഫിനാലെയും ഉൾപ്പെടെ അഞ്ച് ലോകകപ്പ് മത്സരങ്ങൾക്ക് അഹമ്മദാബാദ് സാക്ഷ്യം വഹിച്ചു. ഇംഗ്ലണ്ടും ന്യൂസിലൻഡും തമ്മിലുള്ള ഓപ്പണർ മത്സരത്തിൽ തുടങ്ങി, ഇന്ത്യ-പാക് പോരാട്ടത്തിന് കളമൊരുങ്ങി, തുടർന്ന് ഇംഗ്ലണ്ട് ഓസ്‌ട്രേലിയയും തമ്മിൽ ഉള്ള മത്സരവും ദക്ഷിണാഫ്രിക്കയും അഫ്ഗാനിസ്ഥാനും തമ്മിൽ ഉള്ള മത്സരവും സ്റ്റേഡിയത്തിൽ നടന്നു. ഇന്ത്യയുടെ എല്ലാ മത്സരങ്ങളും നിറഞ്ഞ് കവിഞ്ഞ ആളുകൾക്ക് മുന്നിലാണ് നടന്നത്.

എന്നിരുന്നാലും, തങ്ങൾ പറ്റുന്ന രീതിയിൽ പൊരുതി നോക്കിയെന്നാണ് താരം പറഞ്ഞത്. അദ്ദേഹം പറഞ്ഞത് ഇങ്ങനെ;

“നിങ്ങൾക്ക് സങ്കൽപ്പിക്കാൻ കഴിയുന്നതുപോലെ, അഹമ്മദാബാദിൽ ഇത് കഠിനവും പ്രതികൂലവുമായ അന്തരീക്ഷമായിരുന്നു. എന്നാൽ ഞങ്ങൾ ഇത് പ്രതീക്ഷിച്ചിരുന്നു. ഞങ്ങളുടെ കളിക്കാർ ഒരിക്കൽ പോലും വിലപിക്കുകയോ പരാതിപ്പെടുകയോ ചെയ്തില്ല. ഇന്ത്യൻ മണ്ണിൽ മികച്ച പ്രകടനം നടത്താൻ സാധിച്ചു എന്നാണ് ഞാൻകരുതുന്നത്,.” പരിശീലകൻ പറഞ്ഞു.