'ഫീസ് അടയ്ക്കാന്‍ പണമില്ലാത്തതിനാല്‍ മക്കളെ സ്‌കൂളില്‍ വിട്ടില്ല, പിന്തുണയായി കൂടെ നിന്നത് അവള്‍ മാത്രം'; പൊട്ടിക്കരഞ്ഞ് പാക് താരം

ജീവിതത്തിലെ മോശം സമയത്തെ കുറിച്ച് വെളിപ്പെടുത്തലുമായി പാകിസ്ഥാന്‍ മുന്‍ താരം ഉമര്‍ അക്മല്‍. പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് 2020ല്‍ തനിക്കെതിരെ വിലക്കു കൊണ്ടുവന്നപ്പോള്‍ ജീവിതം നരകതുല്യമായെന്നും ശത്രുക്കള്‍ക്ക് പോലും അങ്ങനൊന്ന് സംഭവിക്കരുതെന്നാണ് ആഗ്രഹിക്കുന്നതെന്നും താരം പറഞ്ഞു.

ഫീസ് അടയ്ക്കാന്‍ പണമില്ലാത്തതിനാല്‍ എട്ട് മാസത്തോളം എന്റെ മകളെ സ്‌കൂളില്‍ വിടാന്‍ കഴിഞ്ഞില്ല. ഭാര്യയാണ് ആ സമയത്തു പിന്തുണയേകി എനിക്കൊപ്പം നിന്നത്. ആ കാലത്തേക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ഇപ്പോഴും എന്റെ കണ്ണുനിറയും.

എല്ലാ സൗകര്യങ്ങളുമുള്ള കുടുംബത്തിലാണ് എന്റെ ഭാര്യ ജനിച്ചത്. എന്നാല്‍ എത്ര മോശം അവസ്ഥയിലാണെങ്കിലും എന്റെ കൂടെയുണ്ടാകുമെന്ന് അവള്‍ ഉറപ്പു നല്‍കി. അതില്‍ എനിക്കു നന്ദിയുണ്ട്.

ശത്രുക്കള്‍ക്കുപോലും ഈ ഗതി വരരുതെന്നാണ് എനിക്കു പറയാനുള്ളത്. എന്തെങ്കിലും നല്‍കിക്കൊണ്ടോ, എടുത്തുകൊണ്ടോ മനുഷ്യരെ ദൈവം പരീക്ഷിച്ചുകൊണ്ടിരിക്കും. എന്റെ മോശം കാലഘട്ടത്തിലാണ് ആളുകള്‍ തനിനിറം കാണിച്ചു തുടങ്ങിയത്- ഉമര്‍ അക്മല്‍ പറഞ്ഞു.

2020ല്‍ ഉമര്‍ അക്മലിനെ മൂന്ന് വര്‍ഷത്തേക്കാണ് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് സസ്‌പെന്‍ഡ് ചെയ്തത്. എന്നാല്‍ അപ്പീലിന് പോയ താരം, ശിക്ഷ ഒരു വര്‍ഷമായി കുറച്ചു. എന്നാല്‍ പാകിസ്ഥാന്‍ ദേശീയ ടീമിലേക്കു തിരിച്ചെത്താന്‍ താരത്തിനു സാധിച്ചില്ല.