സൂപ്പർ താരങ്ങൾ തിരിച്ചുവരുന്നു, ഈ ഡൽഹിയെ ഇനി സൂക്ഷിക്കണം

ഐ.പി,എൽ രണ്ടാം പാദത്തിൽ ഒരു തിരിച്ചുവരവിന് ഒരുങ്ങുന്ന ഡൽഹി ടീമിന് ആശ്വാസ വാർത്ത. സൂപ്പർ താരങ്ങളായ മിച്ചൽ മാർഷും ടിം സീഫെർട്ടും കോവിഡ് -19 ൽ നിന്ന് സുഖം പ്രാപിക്കുകയും അവരുടെ പരിശീലനം പുനരാരംഭിക്കുകയും ചെയ്തതായി ഡൽഹി ക്യാപിറ്റൽസ് വ്യക്തമാക്കി. ഡിസി ക്യാമ്പിൽ ആണ് ഈ വർഷം ആദ്യം കോവിഡ് കേസ് റിപ്പോർട്ട് ചെയ്തത്. മാർഷിനാണ് താരങ്ങളിൽ ആദ്യം കോവിഡ് സ്ഥിതികരിച്ചത്.

മാർഷിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ഫ്രാഞ്ചൈസിയിലെ മറ്റ് അംഗങ്ങൾ അവരുടെ മുറികളിൽ ഐസൊലേഷനിൽ പാർപ്പിക്കുകയും ചെയ്തിരുന്നു. പഞ്ചാബ് കിംഗ്സിനെതിരായ ഡിസിയുടെ മത്സരം ആരംഭിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ്, വിക്കറ്റ് കീപ്പർ-ബാറ്റർ സെയ്ഫെർട്ട് വൈറസ് ബാധിച്ച രണ്ടാമത്തെ വിദേശ താരമായി.

എന്നിരുന്നാലും, വ്യാഴാഴ്ച കെ‌കെ‌ആറിനെതിരായ പോരാട്ടത്തിൽ മാർഷും സെയ്‌ഫെർട്ടും എന്തെങ്കിലും കളിക്കുമാ എന്നതിനെക്കുറിച്ച് വിവരങ്ങൾ ഒന്നും ലഭിച്ചിട്ടില്ല. ഡിസി ക്യാമ്പിൽ ആറ് പോസിറ്റീവ് കേസുകൾ കണ്ടെത്തിയിരുന്നു, ഇത് കഴിഞ്ഞയാഴ്ച ഐ.പി.എലിന്റെ മുന്നോട്ടുപോക്കിന്റെ കാര്യത്തിൽ അസ്വസ്ഥതയ്ക്കും ആശയക്കുഴപ്പത്തിനും ഇടയാക്കി.

ഫിസിയോ പാട്രിക് ഫർഹട്ട്, ടീം ഡോക്ടർ അഭിജിത് സാൽവി, മസാജ്എ തെറാപ്പിസ്റ്റ് ചേതൻ കുമാർ, ​സമൂഹ മാധ്യമ ടീമിലെ ആകാശ് മാനെ എന്നിവരാണ് രോഗം ബാധിച്ച സപ്പോർട്ടിങ് സ്റ്റാഫ് അംഗങ്ങൾ. എന്നിരുന്നാലും, കോവിഡ് വെല്ലുവിളിക്കിടയിലും പഞ്ചാബിന് എതിരെ വിജയം നേടാൻ ടീമിനായിരുന്നു .

കോവിഡിനെ തുടര്‍ന്ന് 2020 സീസണിലെ ഐ.പി.എല്‍ മത്സരങ്ങള്‍ മുഴുവനായും 2021 സീസണിലെ പകുതിയോളം ഇന്ത്യയ്ക്ക് പുറത്താണ് സംഘടിപ്പിച്ചിരുന്നത്. ഇത്തവണ രാജ്യത്ത് കോവിഡ് ഭീഷണി ഒഴിഞ്ഞതിനെത്തുടര്‍ന്ന് കാണികളെ പ്രവേശിപ്പിച്ചാണ് ടൂര്‍ണമെന്‍റ് നടത്തുന്നത്. അതിനിടെയാണ് വീണ്ടും കോവിഡ് ആശങ്ക ഉയർന്നത് . കോവിഡ് രൂക്ഷമായാല്‍ ടൂര്‍ണമെന്‍റ് വീണ്ടും പാതിവഴിയില്‍ നിര്‍ത്തിവെക്കേണ്ടി വരുമോ എന്ന ആശങ്കയും ആരാധകര്‍ക്കുണ്ടായിരുന്നു.

സ്ഥിരതയില്ലായ്മയാണ് ഡി.സി ഈ സീസണിൽ നേരിടുന്ന പ്രധാന പ്രശ്നം. അടുത്ത റൗണ്ടിൽ മികച്ച വിജയങ്ങളാണ് ഡൽഹി ലക്ഷ്യമിടുന്നത്.