രാഹുലിന്‍റെ കാര്യത്തില്‍ സെലക്ഷന്‍ കമ്മിറ്റിയ്ക്ക് തന്നെ ഉറപ്പില്ല, എന്നിട്ടും ടീമില്‍; ഏഷ്യാ കപ്പിനുള്ള ടീം സെലക്ഷനെതിരെ മുന്‍ താരം

ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ പരിക്കില്‍നിന്ന് മുക്താനി തിരിച്ചെത്തുന്ന കെ.എല്‍ രാഹുലിനെ ഉള്‍പ്പെടുത്തുന്നതിനെ രൂക്ഷമായി വിമര്‍ശിച്ച് ഇന്ത്യന്‍ മുന്‍ താരം മദന്‍ ലാല്‍. രാഹുല്‍ കായികക്ഷമത വീണ്ടെടുത്തോ എന്ന കാര്യത്തില്‍ സെലക്ഷന്‍ കമ്മിറ്റിക്കു തന്നെ ഉറപ്പില്ലെന്നും നെറ്റ്‌സില്‍ ബാറ്റ് ചെയ്യുന്നതും മത്സരങ്ങളില്‍ ബാറ്റ് ചെയ്യുന്നതും രണ്ടും രണ്ടാണെന്നും മദന്‍ ലാല്‍ പറഞ്ഞു.

കെ എല്‍ രാഹുല്‍ കായികക്ഷമത വീണ്ടെടുത്തോ എന്ന കാര്യത്തില്‍ സെലക്ഷന്‍ കമ്മിറ്റിക്കും ടീം മാനേജ്‌മെന്റിനും ഉറപ്പില്ലെന്നാണ് എനിക്ക് തോന്നുന്നത്. രാഹുലിന് പരിക്കുണ്ടെന്ന് പറയുന്നു. പരിക്കാണോ ചെറിയ വേദന വല്ലതുമാണോ, അക്കാര്യം സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ തുറന്നു പറയണമായിരുന്നു. അതുപോലെ ശ്രേയസ് അയ്യരെയും ടീമിലെടുത്തിട്ടുണ്ട്.

അയ്യരുടെ ഫിറ്റ്‌നെസിന്റെ കാര്യത്തിലും യാതൊരു ഉറപ്പുമില്ല. അവര്‍ രണ്ടുപേരും പരിക്കില്‍ നിന്ന് മോചിതരായശേഷം ഇതുവരെ മത്സര ക്രിക്കറ്റ് കളിച്ചിട്ടില്ല. കളിക്കാനുള്ള കായികക്ഷമത തെളിയിച്ചശേഷം വേണമായിരുന്നു അവര്‍ രണ്ടുപേരെയും ടീമിലെടുക്കാന്‍. കാരണം, നെറ്റ്‌സില്‍ ബാറ്റ് ചെയ്യുന്നതും മത്സരങ്ങളില്‍ ബാറ്റ് ചെയ്യുന്നതും രണ്ടും രണ്ടാണ്.

സ്പിന്നര്‍ യുസ്വേന്ദ്ര ചാഹലിനെ ടീമിലെടുക്കാതിരുന്നത് എന്നെ ശരിക്കും അത്ഭുതപ്പെടുത്തി. കാരണം, അവന്‍ യഥാര്‍ത്ഥ മാച്ച് വിന്നറാണ്. ഒരു റിസ്റ്റ് സ്പിന്നറെ മാത്രമെ ടീമിലെടുക്കൂ എന്നാണ് അവര്‍ പറയുന്നത്. എന്നാല്‍ വിക്കറ്റ് വീഴ്ത്തുന്നതില്‍ മിടുക്ക് കാട്ടിയിട്ടുള്ള ചാഹലിനെപ്പോലൊരു മാച്ച് വിന്നറെ ടീമിലെടുത്തില്ല.

അക്‌സര്‍ പട്ടേല്‍ കഴിഞ്ഞ രണ്ടോ മൂന്നോ വര്‍ഷമായി മികച്ച പ്രകടനമാണ് നടത്തുന്നത്. അയാളെ വിമര്‍ശിക്കുകയല്ല, പക്ഷെ അക്‌സര്‍ ചെയ്യുന്ന കാര്യം തന്നെയാണ് രവീന്ദ്ര ജഡേജയും ചെയ്യുന്നത്. വലിയ മത്സരങ്ങള്‍ ജയിക്കാന്‍ വിക്കറ്റ് എടുക്കാന്‍ കഴിയുന്നവര്‍ വേണം- മദന്‍ ലാല്‍ പറഞ്ഞു.