സച്ചിന്‍, ധോണി, കോഹ്‌ലി എന്നിവരില്‍നിന്ന് തന്നെ വ്യത്യസ്തനാക്കുന്ന ഗുണം; വെളിപ്പെടുത്തി സൗരവ് ഗാംഗുലി

ക്രിക്കറ്റ് ഇതിഹാസങ്ങളായ സച്ചിന്‍ ടെണ്ടുല്‍ക്കര്‍, എംഎസ് ധോണി, വിരാട് കോഹ്‌ലി എന്നിവരുടെ സവിശേഷ ഗുണങ്ങളെക്കുറിച്ചുള്ള തന്റെ ഉള്‍ക്കാഴ്ചകള്‍ പങ്കിട്ടു മുന്‍ ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. അടുത്തിടെ ഒരു റിയാലിറ്റി ഷോയില്‍ പങ്കെടുത്തപ്പോഴാണ് സച്ചിന്‍, വിരാട്, ധോണി എന്നിവരില്‍ താന്‍ ആരാധിക്കുന്ന ഗുണങ്ങളെക്കുറിച്ച് ഗാംഗുലി തുറന്നുപറഞ്ഞത്.

‘സച്ചിന്റെ മഹത്വം, വിരാടിന്റെ ആക്രമണാത്മകത, ധോണിയുടെ ശാന്തത,” എന്നിവയാണ് മൂന്ന് പേരില്‍നിന്നും താന്‍ ആരാധിക്കുന്ന ഗുണങ്ങളെന്ന് ഗാംഗുലി പറഞ്ഞു. ഇവരില്‍നിന്ന് തന്നെ വ്യത്യസ്തനാക്കുന്ന സവിശേഷമായ ഗുണത്തെക്കുറിച്ച് ചോദ്യം ഉയര്‍ന്നപ്പോള്‍ ഗാംഗുലി ആത്മവിശ്വാസത്തോടെ ‘വിട്ടുവീഴ്ച’ എന്നാണ് മറുപടി പറഞ്ഞത്.

ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമില്‍ കോഹ്ലിയെയും രോഹിത് ശര്‍മ്മയെയും ഉള്‍പ്പെടുത്തുന്നതിന് പിന്തുണയ്ക്കുന്ന ഗാംഗുലി, രോഹിത് ശര്‍മ്മയുടെ ക്യാപ്റ്റന്‍സിയെ പിന്തുണച്ചു. ടി20 ലോകകപ്പില്‍ രോഹിത് ടീമിനെ നയിക്കണം. വിരാട് കോഹ്ലിയും ടീമിന്റെ ഭാഗമാകണം. കോഹ്ലിയുടെ കഴിവ് അസാധാരണമാണ്, 14 മാസത്തിന് ശേഷമുള്ള തിരിച്ചുവരവില്‍ ആശങ്ക വേണ്ട- അദ്ദേഹം പറഞ്ഞു.

ഇന്ത്യയുടെ ഏറ്റവും മികച്ച ക്യാപ്റ്റന്മാരില്‍ ഒരാളായി ആഘോഷിക്കപ്പെടുന്ന ഗാംഗുലി 311 ഏകദിനങ്ങളിലും 113 ടെസ്റ്റുകളിലും യഥാക്രമം 11,363, 7,212 റണ്‍സ് നേടിയിട്ടുണ്ട്.