പുതിയ ചാമ്പ്യന്‍ പിറക്കില്ല; ഫൈനലില്‍ കടന്ന് കൊല്‍ക്കത്ത

ഐപിഎല്ലില്‍ ഇക്കുറിയും പുതിയ ചാമ്പ്യന്‍ പിറക്കില്ല. ആവേശകരമായ രണ്ടാം ക്വാളിഫയറില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ മൂന്ന് വിക്കറ്റിന് കീഴടക്കി മുന്‍ ജേതാവ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഫൈനലില്‍ കടന്നു. ഒക്ടോബര്‍ 15ലെ കലാശപ്പോരില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സാണ് നൈറ്റ് റൈഡേഴ്‌സിനെ കാത്തിരിക്കുന്നത്. സ്‌കോര്‍: ഡല്‍ഹി-135/5 (20 ഓവര്‍). കൊല്‍ക്കത്ത-136/7 (19.5).

കൊല്‍ക്കത്ത അനായാസം ജയിക്കുമെന്നു തോന്നിയ മത്സരത്തില്‍ ശക്തമായ തിരിച്ചുവരവ് നടത്തിയശേഷമാണ് ഡല്‍ഹി ക്യാപ്പിറ്റല്‍സ് മുട്ടുകുത്തിയത്. അവസാന നാല് ഓവറിലാണ് ഡല്‍ഹി മത്സരത്തിലേക്ക് മടങ്ങിവന്നത്. 24 പന്തുകളില്‍ 13 റണ്‍സ് മാത്രമേ കൊല്‍ക്കത്തയ്ക്ക് ജയിക്കാന്‍ വേണ്ടിയിരുന്നുള്ളൂ.

എന്നാല്‍ ആവേശ് ഖാന്‍ എറിഞ്ഞ 17-ാം ഓവറില്‍ ശുഭ്മാന്‍ ഗില്‍ (46) വീണു. തൊട്ടടുത്ത ഓവറില്‍ ദിനേശ് കാര്‍ത്തിക്കിനെ (0) കാഗിസോ റബാഡ ബൗള്‍ഡാക്കി. ഈ രണ്ട് ഓവറുകളിലുമായി വെറും മൂന്ന് റണ്‍സാണ് കൊല്‍ക്കത്ത സ്‌കോറില്‍ കൂട്ടിച്ചേര്‍ത്തത്. 19-ാം ഓവറില്‍ കൊല്‍ക്കത്ത നായകന്‍ ഇയോണ്‍ മോര്‍ഗനെ (0) ആന്‍ റിച്ച് നോര്‍ട്ടിയ ബൗള്‍ഡാക്കി. അശ്വിന്‍ എറിഞ്ഞ അവസാന ഓവറില്‍ കൊല്‍ക്കത്തയുടെ ലക്ഷ്യം, 7. ഷാക്കിബ് അല്‍ ഹസനെയും സുനില്‍ നരെയ്‌നെയും പൂജ്യത്തിന് പുറത്താക്കിയ അശ്വിന്‍ കൊല്‍ക്കത്തയെ വിറപ്പിച്ചു. പക്ഷേ, അഞ്ചാം പന്ത് സിക്‌സിന് പൊക്കി രാഹുല്‍ ത്രിപാഠി (12 നോട്ടൗട്ട്) കൊല്‍ക്കത്തയെ വിജരഥമേറ്റി. ഡല്‍ഹി ബോളര്‍മാരില്‍ റബാഡയും അശ്വിനും നോര്‍ട്ടിയയും രണ്ട് ഇരകളെ വീതം കണ്ടെത്തി.

ഡല്‍ഹി റണ്‍സ് കണ്ടെത്താന്‍ ബുദ്ധിമുട്ടിയ പിച്ചില്‍ യാതൊരു സങ്കോചവുമില്ലാതെയാണ് കൊല്‍ക്കത്ത ബാറ്റര്‍മാര്‍ തുടങ്ങിയത്. ഷാര്‍ജയിലെ മഞ്ഞ് വീഴ്ച്ച ബോളര്‍മാര്‍ക്കും ഫീല്‍ഡര്‍മാര്‍ക്കും പ്രതിബന്ധം സൃഷ്ടിച്ചു. ഓപ്പണിംഗ് വിക്കറ്റില്‍ മത്സരം ഡല്‍ഹിയില്‍ നിന്ന് ഏറെ അകറ്റാന്‍ നൈറ്റ് റൈഡേഴ്‌സിന് സാധിക്കുകയും ചെയ്തു. അര്‍ദ്ധ ശതകവുമായി മിന്നിയ യുവ ഓപ്പണര്‍ വെങ്കടേഷ് അയ്യറാണ് കൊല്‍ക്കത്തയുടെ വിജയത്തിന് അടിത്തറ പാകിയത്. നാല് ഫോറും മൂന്ന് സിക്‌സും സഹിതം 55 റണ്‍സെടുത്ത വെങ്കടേഷ് പുറത്താകുമ്പോഴേക്കും കൊല്‍ക്കത്ത സ്‌കോര്‍ നൂറിനടുത്ത് എത്തിയിരുന്നു.

നേരത്തെ, ഡല്‍ഹി ക്യാപ്പിറ്റല്‍സിനുവേണ്ടി ശിഖര്‍ ധവാന്‍ (36), മാര്‍ക്വസ് സ്റ്റോയ്‌നിസ് (18), ശ്രേയസ് അയ്യര്‍ (30 നോട്ടൗട്ട്), ഷിമ്രോണ്‍ ഹെറ്റ്മയര്‍ (17) എന്നിവര്‍ ഭേദപ്പെട്ട പ്രകടനം നടത്തി. നായകന്‍ ഋഷഭ് പന്ത് (6) നിരാശപ്പെടുത്തി. കൊല്‍ക്കത്തയുടെ വരുണ്‍ ചക്രവര്‍ത്തിക്ക് രണ്ടും ശിവം മാവി, ലോക്കി ഫെര്‍ഗൂസന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും ലഭിച്ചു.