ഒരൊറ്റ ടൂര്‍ണമെന്‍റിന്‍റെ അത്ഭുതം, ആ ശസ്ത്രക്രിയയ്ക്ക് ശേഷം സംഭവിച്ചത് ഒരു കരിയറിൻ്റെ തന്നെ അവസാനം!

പരിക്കിൽ നിന്നും മുക്തനായി ഒരു തിരിച്ചുവരവിനുള്ള ശ്രമം നടത്തുന്നതിനിടെയാണ് അദ്ദേഹത്തോട് ഒരു സുഹൃത്ത് കണ്ണിൽ ശസ്ത്രക്രിയ നടത്തിയാൽ കണ്ണട വെക്കുന്നത് ഒഴിവാക്കാമെന്നും കുറച്ചുകൂടി അനായാസമായി കളിക്കാമെന്നും പറഞ്ഞത് .
എന്നാൽ ശസ്ത്രക്രിയ കഴിഞ്ഞ ശേഷം സംഭവിച്ചത് ഒരു കരിയറിൻ്റെ തന്നെ അവസാനമായിരുന്നു.
ശസ്ത്രക്രിയയിലെ പിഴവ് അയാളുടെ കാഴ്ചയ്ക്ക് മങ്ങൽ ഏൽപ്പിച്ചു. ലേസർ സർജറി കാരണം അലർജി തുടങ്ങിയ മറ്റു പ്രശ്നങ്ങൾ അലട്ടിയതിനു പുറമേ ചില സമയങ്ങളിൽ കണ്ണുകൾ കുറെ നേരത്തെക്ക് തുറക്കാൻ പോലും പറ്റാത്ത സ്ഥിതി കൂടി വന്നതോടെ മാനസികമായി തകർന്ന് മുപ്പതാം വയസ്സിൽ കളിയവസാനിക്കുമ്പോൾ അരങ്ങേറ്റ ടൂർണമെൻ്റിൽ തന്നെ മാൻ ഓഫ് ദ സീരീസ് ആയി പ്രതീക്ഷ നൽകിയ രാഘവേന്ദ്ര വിജയ് ഭരദ്വാജ് എന്ന താരത്തിൻ്റെ ഒരു വൻവീഴ്ച കൂടിയായിരുന്നു കണ്ടത്.
1999ൽ സിംബാബ്‌വെയും കെനിയയും കൂടി ഉൾപ്പെട്ട നെയ്റോബിയിൽ നടന്ന LG ചതുർ രാഷ്ട്ര പരമ്പരയുടെ ഫൈനലിൽ ഇന്ത്യ ദക്ഷിണാഫ്രിക്കയോട് പരാജയപ്പെട്ടുവെങ്കിലും ആ ടൂർണമെൻറ് എന്നും ഓർക്കപ്പെടുന്നത് വർഷങ്ങളോളം ഇന്ത്യൻ ക്രിക്കറ്റിനെ സേവിക്കാൻ പോകുന്ന ഓൾറൗണ്ടർമാർ എന്ന പ്രതീക്ഷ നൽകി പിന്നീട് പിന്നാമ്പുറത്തേക്ക് തളക്കപ്പെട്ട രണ്ടു പ്രതിഭകളുടെ പ്രകടന മികവിൽ ആകും.
Vijay Bhardwaj Score 41 & 3 for 38 Lg Cup Game 4 India vs Kenya 1999 -  YouTube
ടൂർണമെൻ്റിലെ ആദ്യ മേച്ചിൽ കരുത്തരായ ദക്ഷിണാഫ്രിക്കൻ ബാറ്റിംഗ് നിരയെ വരച്ചവരയിൽ നിർത്തി 10 ഓവറിൽ ആറ് റൺസ് വഴങ്ങി അഞ്ചു വിക്കറ്റ് വീഴ്ത്തിയ കർണാടക കാരനായ സുനിൽജോഷി അത്ഭുതം സൃഷ്ടിച്ചപ്പോൾ തൻ്റെ ആദ്യ ഇൻറർനാഷണൽ മത്സരം കളിച്ച് 10 ഓവറിൽ 16 റൺസ് വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തിയ ജോഷിയുടെ നാട്ടുകാരൻ തന്നെയായ വിജയ് ഭരദ്വാജ് പിന്നീട് മികവ് തുടരാൻ പറ്റാതെ വളരെ കുറച്ച് മത്സരങ്ങളിൽ മാത്രമായി ഒതുങ്ങി പോവുകയായിരുന്നു.
കർണാടകയുടെ അണ്ടർ 19, U-21, U-23 , U-25 എന്നിങ്ങനെ എല്ലാ ജൂനിയർ ടീമുകളുടെയും നായകനായ ഭരദ്വാജ് ആദ്യ സീരിസിൽ തന്നെ പരമ്പരയുടെ താരമായി ഒരു സ്വപ്നതുല്യമായ തുടക്കം കുറിച്ചെങ്കിലും പിന്നീട് തൊട്ടതെല്ലാം പിഴച്ചു. ദീർഘ ഫോർമാറ്റിൽ ഭാവി വാഗ്ദാനമാകുമെന്ന് കരുതിയെങ്കിലും കളിച്ച ന്യൂസിലണ്ടിനെതിരെ ആദ്യ ടെസ്റ്റിൽ ഗോൾഡൻ ഡക്കിന് പുറത്തായ ഭരദ്വാജ് ഓസ്ട്രേലിയൻ പര്യടനത്തിനിടെ പുറത്തേക്കുള്ള വഴിയിയിലുമെത്തി.സിഡ്നിയിൽ പരിക്കേറ്റ ഭരദ്വാജ് ഒന്നരവർഷത്തോളം പരിക്ക് കാരണം കിടക്കയിലായായിരുന്നു.
1993-94 രഞ്ജിത് ഭരദ്വാജ് രഞ്ജി അരങ്ങേറ്റം കുറിക്കുമ്പോൾ നില്ക്കുമ്പോ രാഹുൽ ദ്രാവിഡ് ,ജവഗൽ ശ്രീനാഥ് ,വെങ്കിടേഷ് പ്രസാദ്, സുനിൽജോഷി എന്നിങ്ങനെ 6-7 ദേശീയ ടീമംഗങ്ങൾ അടങ്ങിയ കർണാടക രാജ്യത്തെ തന്നെ ഏറ്റവും മികച്ച ടീമായിരുന്നു .ആഭ്യന്തരക്രിക്കറ്റിൽ ഒരുപാട് വിയർപ്പൊഴുക്കിയ ഭരദ്വാജ് 1993 മുതൽ 99 വരെ ടീമിൻ്റെ നെടുംതൂൺ ആയിരുന്നു. രഞ്ജിയിൽ റൺസ് അടിച്ചുകൂട്ടിയതിനുപുറമേ 3 സീസണിൽ രഞ്ജി കിരീടങ്ങൾ ഉടമ കൂടിയായിരുന്നു ഭരദ്വാജ്. മറ്റുള്ളവർ ഒരു രഞ്ജി ഫൈനലെങ്കിലും കളിക്കാൻ ആഗ്രഹിച്ചപ്പോൾ ഭരദ്വാജിന് കളിച്ച 3 രഞ്ജി ഫൈനലുകളിലും കിരീടം നേടാൻ പറ്റി. മാത്രമല്ല 3 രഞ്ജി ഫൈനലുകളിലും സെഞ്ച്വറി നേടി അദ്ദേഹത്തിന് വിജയത്തിൻ്റെ ആണിക്കല്ലാകാനും പറ്റി.
1999 സീസണിൽ രഞ്ജി ട്രോഫിയിൽ 1280 നേടി ഒരു രഞ്ജി എഡീഷനിൽ 1200 ലധികം റൺ നേടിയ ആദ്യ കളിക്കാരനായതു കൂടാതെ ആഭ്യന്തരക്രിക്കറ്റിൽ 81.27 ശരാശരിയിൽ 4 സെഞ്ചുറികളടക്കം അടിച്ചുകൂട്ടിയത് 1463 റൺസായിരുന്നു. കൂടാതെ വളരെ ഫലപ്രദമായ ഓഫ് സ്പിൻ പരീക്ഷണങ്ങളിലൂടെ 24.04 ശരാശരിയിൽ നേടിയ 21 വിക്കറ്റുകളും അദ്ദേഹത്തെ നേരെ ദേശീയ ടീമിൽ എത്തിച്ചു.ആ കാലഘത്തിൽ ദേശീയ ടീമിലെത്തുന്ന ഏഴാമത്തെ കർണാടക്കാരൻ കൂടിയായിരുന്നു ഭരദ്വാജ്. Dhanam Cric
ആദ്യ മത്സരത്തിൽ തന്നെ ഭരദ്വാജ് തന്നിലെ ഓൾറൗണ്ട് പ്രതീക്ഷ കത്തി ജ്വലിപ്പിച്ചു. ദക്ഷിണാഫിക്കക്കെതിരെ സുനിൽ ജോഷി നിറഞ്ഞാടിയപ്പോൾ ഭരദ്വാജും പഴുത് നൽകാതെ പന്തെറിഞ്ഞു. 10 ഓവറിൽ വെറും 16 റൺസ് വിട്ടുകൊടുത്ത് ഒരു വിക്കറ്റ് വീഴ്ത്തിയതിനു പിന്നാലെ ബാറ്റ് ചെയ്ത ഇന്ത്യ സമ്മർദ്ദത്തിലായപ്പോൾ പുറത്താകാതെ 18 റൺസെടുത്ത് ടീമിനെ വിജയത്തിലെത്തിച്ചതോടു കൂടി രണ്ടു മേഖലകളിലും തനിക്ക് പ്രാഗത്ഭ്യമുണ്ടെന്ന് തെളിയിക്കുകയും ചെയ്തു. പൊള്ളോക്ക് ,ക്ളൂസ്നർ, കാലിസ് പടക്കെതിരെ ഇന്ത്യ 8 വിക്കറ്റ് വിജയം നേടിയപ്പോൾ ഭരദ്വാജ് ആദ്യ മത്സരത്തിൽ വൺ ഡൗൺ പോസിഷനിലാണ് ഇറങ്ങിയത്.
രണ്ടാം മത്സരത്തിൽ ഭരദ്വാജ് സകലരെയും ഞെട്ടിച്ചു. കെനിയക്കെതിരെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് 220 എന്ന താരതമ്യേന ചെറിയ സ്കോർ നേടാൻ പറ്റിയത് തന്നെ അഞ്ചാമനായി ഇറങ്ങിയ ഭരദ്വാജിൻ്റെ അവസാന നിമിഷങ്ങളിലെ അധിവേഗ ബാറ്റിങ്ങ് കൊണ്ടായിരുന്നു. 3 ഫോറുകളും ഒരു സിക്സറും അടിച്ച് 30 പന്തിൽ പുറത്താകാതെ നേടിയ 41 റൺസ് നേടിയ ടീമിൻ്റെ രണ്ടാമത്തെ ടോപ്സ്കോററായിരുന്നു. പുറമേ ബൗളിംഗിൽ 7 ഓവറിൽ 38 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് കൂടി എടുത്തതോടെ മാൻ ഓഫ് ദ മാച്ച് ആർക്ക് നൽകുമെന്ന് കാര്യത്തിൽ സംഘാടകർക്ക് യാതൊരു സംശയവുമുണ്ടായിരുന്നില്ല .
സിംബാബ് വെക്കെതിരെ നടന്ന അടുത്ത മാച്ചിൽ കാര്യമായി ബാറ്റ് ചെയ്യാൻ അവസരം കിട്ടാതിരുന്ന ഭരദ്വാജിന് പുറത്താകാതെ 6 എടുക്കാനെ പറ്റിയുള്ളൂവെങ്കിലും ബൗളിങ്ങിൽ വീണ്ടും നിറഞ്ഞാടി 34 റൺസിന് 3 വിക്കറ്റ് വീഴ്ത്തിയപ്പോൾ ഇന്ത്യൻ വിജയം 107 റൺസിനായിരുന്നു.
ടൂർണമെൻറ് ഫൈനലിൽ 235 റൺസ് ഉയർത്തിയ ദക്ഷിണാഫ്രിക്കയെ പ്രതിരോധിക്കാൻ ഇന്ത്യക്ക് പറ്റിയില്ല. ബൗളിംഗിൽ വീണ്ടും തിളങ്ങിയ ഭരദ്വാജ് 8 ഓവറിൽ വെറും 34 റൺസ് വഴങ്ങി വീണ്ടും 3 വിക്കറ്റ് വീഴ്ത്തിയെങ്കിലും ദക്ഷിണാഫ്രിക്കക്കെതിരെ പൊരുതി ഇന്ത്യ 209 റൺസിന് വീണു . 24 പന്തിൽ നിന്നും 19 റൺസുമായി വിജയപ്രതീക്ഷ നൽകിയെങ്കിലും ഭരദ്വാജ് ടൂർണമെൻ്റിൽ ആദ്യമായി പുറത്തായതോടെ ഇന്ത്യൻ പ്രതീക്ഷകളും അവസാനിച്ചു.
ടൂർണ്ണമെൻറിൽ ആകെ 10 വിക്കറ്റുകൾ വീഴ്ത്തിയ ഭരദ്വാജായിരുന്നു ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയ ബൗളർ. എന്നാൽ അതിലുപരി അത്ഭുതപ്പെടുത്തിയത് അയാളുടെ 12.20 എന്ന അത്ഭുതകരമായ ശരാശരി ആയിരുന്നു.ഒപ്പം ടൂർണമെൻ്റിൽ ഒരു തവണ മാത്രം പുറത്തായ ഭരദ്വാജ് 89 ശരാശരിയിൽ 89 റൺസ് കൂടി അടിച്ചു കൂട്ടിയതോടെ തൻ്റെ അരങ്ങേറ്റ ടൂർണമെൻ്റിൽ തന്നെ മാൻ ഓഫ് ദ സീരീസ് ബഹുമതിയും നേടി. മനോജ് പ്രഭാകറിനും റോബിൻ സിംഗിനും ശേഷം ഒരു ഓൾ റൗണ്ടറെ തേടിയുള്ള യാത്ര ഭരദ്വാജിലെത്തിയെന്ന് ഉറപ്പിച്ച നിമിഷങ്ങൾ.
It's okay to fail and not regret it, says Vijay Bharadwaj recounting his  tough journey as a cricketer | Cricket News - Times of India
എൽജി കപ്പിലെ മാൻ ഓഫ് ദ സീരീസ് ഭരദ്വാജിന് സമ്മാനിച്ചത് തൊട്ടടുത്ത് നടന്ന ന്യൂസിലാൻഡിൻ്റെ ഇന്ത്യൻ പര്യടനത്തിനുള്ള ടെസ്റ്റ് ടീമിൽ ഒരു സ്ഥാനമായിരുന്നു. മൊഹാലിയിൽ ഇന്ത്യ ഒന്നാം ഇന്നിംഗ്സിൽ വെറും 83 റൺസിന് പുറത്താകുമ്പോൾ അഞ്ചാമനായി ഇറങ്ങിയ ഭരദ്വാജ് 4 പന്തുകൾ നേരിട്ട് കെയിൻസിൻ്റെ പന്തിൽ കീപ്പർ പറോറിക്ക് ക്യാച്ച് നൽകി പുറത്താകുമ്പോൾ പോലും തുറന്നിരുന്നില്ല . രണ്ടാം ഇന്നിംഗ്സിൽ ഇന്ത്യ കൂറ്റൻ സ്കോർ നേടിയപ്പോൾ ഭരദ്വാജിന് ബാറ്റ് ചെയ്യാനും പറ്റിയില്ല.ആദ്യ ഇന്നിങ്സിൽ 14 ഓവർ പന്തെറിഞ്ഞ് 26 റൺസിന് ഒരു വിക്കറ്റ് വീഴ്ത്തിയെങ്കിലും രണ്ടാമിന്നിംഗ്സിൽ 13 ഓവർ എറിഞ്ഞ് 34 റൺ വഴങ്ങിയപ്പോ വിക്കറ്റൊന്നും നേടാൻ പറ്റിയില്ല.
കാൺപൂർ ഗ്രീൻ പാർക്കിൽ നടന്ന രണ്ടാം ടെസ്റ്റിലാകട്ടെ വെറും 2 ഓവർ മാത്രമാണ് പന്തെറിയാൻ അവസരം ലഭിച്ച ഭരദ്വാജ് സച്ചിൻ ഗാംഗുലി ദ്രാവിഡുമാർ ഉൾപ്പെട്ട ബാറ്റിംഗ് നിരയിൽ 106 പന്തുകൾ പ്രതിരോധിച്ച് നേടിയത് 22 റൺസും . എന്നാൽ തുടർന്ന് നടന്ന ഏകദിന പരമ്പരയിൽ വീണ്ടും തരക്കേടില്ലാത്ത പ്രകടനമാണ് അദ്ദേഹം കാഴ്ച വെച്ചത് .രാജ്കോട്ടിൽ ന്യൂസിലാൻഡ് 349 റൺസ് എന്ന കൂറ്റൻ വിജയലക്ഷ്യം ഉയർത്തിയ മത്സരത്തിൽ 5 ഓവറിൽ 44 വഴങ്ങി 2 വിക്കറ്റ് വീഴ്ത്തിയപ്പോൾ ബാറ്റിങ്ങിൽ വെറും ഒരു റൺസിന് പുറത്തായി രണ്ടാം ഏകദിനത്തിൽ തിരിച്ചടിച്ച ഇന്ത്യ സച്ചിൻ്റെ 186 ഉം ദ്രാവിഡിൻ്റെ 153 ൻ്റെയും പിൻബലത്തിൽ 2 വിക്കറ്റിന് 376 റൺ നേടിയപ്പോൾ ഭരദ്വാജ് 4 ഓവർ എറിഞ്ഞ് 27 റൺസിന് ഒരു വിക്കറ്റെടുത്തു.
ഗ്വാളിയോറിലെ മൂന്നാം മത്സരത്തിൽ ഇന്ത്യ ഗാംഗുലിയുടെ സെഞ്ചുറി മികവിൽ ജയിച്ചപ്പോൾ 2 റൺസ് മാത്രമെടുത്ത് റണ്ണൗട്ട് ആയ ഭരദ്വാജ് വിക്കറ്റൊന്നും നേടിയില്ലെങ്കിലും അത്യാവശ്യം നന്നായി പന്തെറിഞ്ഞു. ഗുവാഹട്ടിയിൽ 48 റൺസിന് ജയിച്ച് കിവീസ് പരമ്പര 2-2 ലെത്തിച്ച മാച്ചിൽ ഭരദ്വാജ് 10 ഓവറിൽ 41 മാത്രം റൺസ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തുകയും ബാറ്റിങ്ങിനിറങ്ങി 27 റൺസടിക്കുകയും ചെയ്തു. പിന്നീട് കോട്ലയിൽ നടന്ന അഞ്ചാം ഏകദിന മത്സരത്തിൽ ഇന്ത്യ പരമ്പര 3-2 ന് കരസ്ഥമാക്കി ഏഴ് വിക്കറ്റിന് വിജയിച്ചപ്പോൾ 35 പന്തിൽ 17 റൺസുമായി ഭരദ്വാജ് പുറത്താകാതെ നിന്നു.
It's okay to fail and not regret it, says Vijay Bharadwaj recounting his  tough journey as a cricketer | Cricket News - Times of India
ഒരു പുതുമുഖമെന്ന നിലയിൽ ഏകദിന പരമ്പരയിൽ മോശമല്ലാത്ത പ്രകടനം നടത്തിയതോടു കൂടി ആസ്ട്രേലിയൻ പര്യടനത്തിനുള്ള ടീമിൽ ഭരദ്വാജിന് ഒരു ഇടം കിട്ടി. ക്രിക്കറ്റ് പ്രേമികൾ ഓർമ്മിക്കാൻ ആഗ്രഹിക്കാത്ത മോശം പരമ്പരയിൽ പരാജയപ്പെട്ട ആദ്യ രണ്ടു മത്സരങ്ങളിലും പുറത്തിരുന്ന ഭരദ്വാജിന് മൂന്നാം ടെസ്റ്റിൽ അവസരം കിട്ടി. ക്രീസിലെത്തി അതി വേഗ ബൗളർമാർക്ക് മുന്നിൽ വിയർത്ത ഭരദ്വാജ് 35 പന്തുകൾ മാത്രം പിടിച്ചു നിന്ന് 6 റൺസുമായി മടങ്ങി. 12 ഓവർ പന്തെറിഞ്ഞ് 35 റൺ വഴങ്ങിയ ഭരദ്വാജിന് ഗുരുതരമായ ബാക്ക് ഇഞ്ചുറി കാരണം രണ്ടാമിന്നിംഗ്സിൽ ബാറ്റ് ചെയ്യാനും പറ്റിയില്ല.
അതോടെ അയാളുടെ കഷ്ടകാലം തുടങ്ങി. പിന്നീട് ഒരു തിരിച്ചുവരവ് പോലും പറ്റാത്ത രീതിയിലാണ് മുന്നോട്ടുള്ള ദിവസങ്ങൾ കടന്നു പോയത് .2 വർഷം കഴിഞ്ഞ് 2002 ൽ ഒരു സിംബാബ് വെക്കെതിരായ ഒരു ഏകദിനത്തിൽ അവസരം ലഭിച്ചെങ്കിലും ഒരു പന്ത് പോലും നേരിടാൻ പറ്റാതെ ദാരുണമായി റണ്ണൗട്ടായി. ദിനേശ് മോംഗിയ 159 റൺസ് നേടി ഒന്നാന്തരം പ്രകടനം കാഴ്ചവച്ചപ്പോൾ ബൗളിങ്ങിലും പരാജയമായ ഭരദ്വാജിനെ ആരും തിരിഞ്ഞു നോക്കിയതു പോലുമില്ല.
അതോടെ ആത്മവിശ്വാസം പോലും നഷ്ടപ്പെട്ട ഭരദ്വാജ് 2006 ൽ ആഭ്യന്തരക്രിക്കറ്റിൽ നിന്നടക്കം വിരമിച്ചു 1994 മുതൽ മുതൽ 2006 വരെ 96 ക്ലാസ് മാച്ചുകളിൽ നിന്നായി 5553 റൺസും 59 വിക്കറ്റും നേടിയ ഭരദ്വാജിൻ്റെ തകർച്ച അപ്രതീക്ഷിതമായി. 2004 വരെ കർണാടകയ്ക്ക് കളിച്ച അദ്ദേഹം ഫോം നഷ്ടപ്പെട്ടതോടു കൂടി ജാർഖണ്ഡിനു വേണ്ടി 2005 രഞ്ജി പ്ലേറ്റ് ലീഗിൽ കളിച്ചു.
Vijay Bharadwaj reminisces high of LG Cup '99, playing Tests for India
2000 മുതൽ 2002 വരെ കർണാടകയുടെ ക്യാപ്റ്റൻ കൂടിയിരുന്നു ഭരദ്വാജ്. 1998-99 സീസൺ അക്ഷരാർത്ഥത്തിൽ ഭരദ്വാജിൻ്റെതായിരുന്നു. ആന്ധ്രക്കെതിരെ 53 & 75, തമിഴ്നാടിനെതിരെ 171, ഗോവയ്ക്കെതിരെ 31, കേരളത്തിനെതിരെ പുറത്താകാതെ 200, മധ്യപ്രദേശിനെതിരെ 45 & 10 , ഹരിയാനക്കെതിരെ 175 ,സൗരാഷ്ട്ര ക്കെതിരെ പുറത്താകാതെ 87 & 51, ബിഹാറിനെതിരെ 124.
1983 നു ശേഷം കർണാടക 1996 ൽ 13 വർഷത്തിന് ശേഷം രഞ്ജി കിരീടം നേടുമ്പോൾ ഭരദ്വാജ് നിർണായക സാന്നിധ്യമായി. ഒട്ടകപ്പക്ഷിയെ പോലെ നീണ്ട കഴുത്ത് വലിയ കാലുകൾ കാരണം സുഹൃത്ത് വിളിച്ച പിങ്ക എന്ന കാർട്ടൂൺ കഥാപാത്രം പിന്നീട് വിളിപ്പേരായി. കളി മികവിനൊപ്പം തന്നെ പഠനത്തിലും മിടുക്കനായിരുന്ന ഭരദ്വാജ് പത്താം ക്ലാസിലെ കണക്ക് പരീക്ഷയിൽ 100 മാർക്ക് വാങ്ങിയതു പോലെ അരങ്ങേറ്റ പരമ്പരയിലും നൂറിൽ നൂറ് മാർക്ക് വാങ്ങിയെങ്കിലും പിന്നീട് ഒന്നും ചെയ്യാൻ പറ്റിയില്ല .
സാഹചര്യവും ഭാഗ്യവും അനുകൂലമായിരുന്നെങ്കിൽ താനൊരു വ്യത്യസ്തമായ ക്രിക്കറ്റർ ആകുമായിരുന്നുവെന്ന് വിശ്വസിക്കുന്ന അദ്ദേഹം ഒരു ” Failed Cricketer ” എന്ന് സ്വയം വിശേഷിപ്പിക്കുന്നു.
Vijay Bharadwaj Reckons India's Fragile Middle Order Is A Concern So  Openers Have To Deliver
വിരമിച്ച ശേഷം കമൻററിബോക്സിൽ കന്നടയിൽ കമൻ്ററി ചെയ്യുന്ന കർണാടകയുടെയും RCB യും കോച്ച് കുടി ആയിരുന്നു . 2016 ൽ ICC T20 ക്കുള്ള ഒമാൻ ടീമിൻ്റെ ഫീൽഡിങ് കോച്ച് ഭരദ്വാജ് ആയിരുന്നു. അന്ന് ഒമാൻ്റെ മുഖ്യ കോച്ച് ദുലീപ് മെൻഡിസും സ്പിൻ ബൗളിങ് കോച്ച് സുനിൽ ജോഷിയുമായിരുന്നു. U-19 കർണാടക സെലക്ഷൻ കമ്മിറ്റി ചെയർമാൻ സ്ഥാനവും അദ്ദേഹം അലങ്കരിച്ചിരുന്നു.  കഴിഞ്ഞ വർഷം കോവിഡ് 19 മായി ബന്ധപ്പെട്ട് ഒരു കൂട്ടം താരങ്ങളെ വെച്ച് സന്നദ്ധ പ്രവർത്തനം സംഘടിപ്പിച്ച പരിപാടി ശ്രദ്ധേയമായിരുന്നു .
विदेशी धरती पर किया डेब्यू, मैन ऑफ द सीरीज भी बने पर दोबारा नहीं मिला मौका,  अब गुमनामी में कट रहा जीवन | Vijay Bharadwaj The unsung hero of indian  cricket, A
21 വർഷം മുമ്പ് സാക്ഷാൽ മുഹമ്മദ് അസ്ഹറുദ്ദീൻ്റെ പകരക്കാരനായി വന്ന്
നെയ്റോബിയിൽ മിന്നും പ്രകടനം പുറത്തെടുത്ത കണ്ണടധാരിയായ ചെറുപ്പക്കാരൻ ഏറെ പ്രതീക്ഷകളായിരുന്നു തന്നത് . ഫൈനലിൽ തോറ്റെങ്കിലും പരമ്പരയിലെ താരമായി മടങ്ങി നാട്ടിലെത്തുമ്പോൾ അതിനെക്കാൾ കൂടുതൽ വലിയൊരു നേട്ടം ഒരു അരങ്ങേറ്റക്കാരന് ഇല്ലായിരുന്നു . പക്ഷെ അസ്തമനം ഉദയത്തെക്കാൾ വേഗത്തിലാണ് സംഭവിച്ചത്. Dhanam Cric
ഭരദ്വാജിൻ്റെ തന്നെ ഭാഷയിൽ പറഞ്ഞാൽ വലിയ കുഴികളും വളവുകളും നിറഞ്ഞ റോഡിലൂടെ ഡ്രൈവ് ചെയ്തു എത്തിപ്പെടാൻ പ്രയാസമുള്ള കൊടുമുടിയുടെ മുകളിൽ എത്തി വിജയക്കൊടി പാറിച്ച തിനുശേഷം നിരാശയുടെ കൊക്കയിലേക്കുള്ള ഒരു നിലം പതിക്കൽ .