ഇന്ത്യ പാക് മത്സരം നടക്കാനിരിക്കുന്ന മൈതാനം കണ്ട് ആരാധകർക്ക് ഞെട്ടൽ, വീഡിയോ പുറത്ത്

യു‌എസ്‌എയും വെസ്റ്റ് ഇൻഡീസും സഹകരിച്ച് ആതിഥേയത്വം വഹിക്കുന്ന 2024-ലെ ടി20 ലോകകപ്പ് മത്സരങ്ങൾ ആരംഭിക്കുന്നതിന് മുമ്പ് ഇപ്പോൾ തന്നെ പ്രശ്നങ്ങൾ ആരംഭിച്ച് കഴിഞ്ഞിരിക്കുകയാണ്. പ്രത്യേകിച്ച് ജൂൺ 9-ന് ന്യൂയോർക്കിൽ നടക്കാനിരിക്കുന്ന ഇന്ത്യ-പാകിസ്ഥാൻ മത്സരവുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങൾ ഇപ്പോൾ ചർച്ചയാകുന്നത്. നിർണായക മത്സരം നടക്കുമെന്ന് കരുതുന്ന ഗ്രൗണ്ടിന്റെ അവസ്ഥയെച്ചൊല്ലി ആശങ്ക ഉയർന്നുവരുന്നു.

ജൂൺ ഒന്നിന് യു.എസ്.എയും കാനഡയും ടെക്‌സാസിൽ ഏറ്റുമുട്ടുന്നതോടെ ആരംഭിക്കുന്ന ടൂർണമെന്റിൽ അഞ്ച് ടീമുകൾ വീതമുള്ള നാല് ഗ്രൂപ്പുകളായി 20 ടീമുകൾ കളിക്കും. ന്യൂയോർക്കിൽ അയർലൻഡിനെതിരെ ജൂൺ 5 ന് ടീം ഇന്ത്യ അവരുടെ ആദ്യ മത്സരം കളിക്കും. പാക്കിസ്ഥാനെതിരായ മത്സരം ജൂൺ 9 നു നടക്കും.

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഒരു വൈറൽ വീഡിയോ വ്യാപകമായ വിമർശനത്തിന് കാരണമായിയിരിക്കുകയാണ്. ന്യൂയോർക്ക് ഗ്രൗണ്ട് അതിന്റെ മോശം അവസ്ഥയിൽ കാണാൻ സാധിക്കും . ജീർണിച്ച ഔട്ട്‌ഫീൽഡും പാച്ചുകളും ഗ്രൗണ്ടിൽ കാണുമ്പോൾ അതിനെ ആളുകൾ വിമർശിക്കുകയാണ്. ഇതാദ്യമായാണ് യുഎസ്എ ഒരു ക്രിക്കറ്റ് ലോകകപ്പിന് സഹ ആതിഥേയത്വം വഹിക്കുന്നത്.

ടി20 ലോകകപ്പിന്റെ കൗണ്ട്‌ഡൗൺ തുടരുമ്പോൾ, വൈറലായ വീഡിയോ സംഘാടക സമിതിക്ക് മുന്നിൽ വർദ്ധിച്ചുവരുന്ന സമ്മർദ്ദത്തിന് കാരണമായിരിക്കുകയാണ്.