ആഷസൊന്നുമല്ല, അവര്‍ക്കെതിരായ ജയമാണ് ഞങ്ങള്‍ക്ക് ഏറ്റവും വലുത്; ഉള്ളിലിരിപ്പ് വെളിപ്പെടുത്തി സ്മിത്ത്

ഇന്ത്യയിലെ ടെസ്റ്റ് പരമ്പര ജയം ആഷസ് ജയിക്കുന്നതിനേക്കാള്‍ വലുതാണെന്ന് ഓസ്‌ട്രേലിയന്‍ താരം സ്റ്റീവ് സ്മിത്ത്. ഇന്ത്യക്കെതിരായ നാല് ടെസ്റ്റുകളുടെ പരമ്പര ഈ ആഴ്ച ആരംഭിക്കാനിരിക്കെയാണ് സ്മിത്തിന്റെ വെളിപ്പെടുത്തല്‍.

ജയിക്കാന്‍ പ്രയാസമുള്ള ഇടമാണ് ഇത്. ആ പര്‍വതം താണ്ടാന്‍ നമുക്കായാല്‍ അതൊരു വലിയ കാര്യമാണ്. ഇന്ത്യയില്‍ ജയിക്കാന്‍ കഴിഞ്ഞാല്‍ അത് ആഷസിനേക്കാള്‍ വലുതായിരിക്കും- ക്രിക്കറ്റ് ഓസ്‌ട്രേലിയ പങ്കുവെച്ച വീഡിയോയില്‍ സ്മിത്ത് പറയുന്നു.

ആഷസില്‍ എവേ മത്സരങ്ങളില്‍ ജയിച്ചതിനേക്കാള്‍ വിരളമായാണ് ഓസ്‌ട്രേലിയ ഇന്ത്യയില്‍ ജയിച്ചതെന്ന് ഓസീസ് ക്യാപ്റ്റന്‍ കമിന്‍സ് പ്രതികരിച്ചു. ഇന്ത്യയിലെ സാഹചര്യങ്ങളില്‍, ഇത്രയും ശക്തമായ ടീമിനെതിരെ കളിക്കുക എന്നത് പ്രയാസമാണെന്ന് ഓസീസ് പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക് പറഞ്ഞു.

2004-05ലെ പര്യടനത്തിന് ശേഷം ഇന്ത്യയില്‍ ഒരു ടെസ്റ്റ് മത്സരം മാത്രമാണ് ഓസ്‌ട്രേലിയക്ക് ജയിക്കാനായത്. 2017ല്‍ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിലായിരുന്നു അത്. അന്ന് 333 റണ്‍സിന്റെ കൂറ്റന്‍ ജയം നേടിയ ഒാസീസിന് നാളിതുവരെ ഇന്ത്യയെ വീഴത്താനായിട്ടില്ല.

പരമ്പരയ്ക്ക് ഈ മാസം 9 ന് നാഗ്പൂരില്‍ തുടക്കമാകും. ഫെബ്രുവരി 17 ന് രണ്ടാം ടെസ്റ്റ് ഡല്‍ഹിയിലും മൂന്നാം ടെസ്റ്റ് മാര്‍ച്ച് ഒന്നിന് ധരംശാലയിലും നടക്കും. മാര്‍ച്ച് 9 മുതല്‍ അഹമ്മദാബാദിലാണ് അവസാന മത്സരം.