വിദേശ പിച്ചുകളിൽ ദുരന്തം ആകുമെന്ന് പറഞ്ഞു കളിയാക്കി, ഇപ്പോൾ അവിടെ ഇന്ത്യയുടെ മുന്നണി പോരാളി; സിറാജ് കാ ഹുക്കും

കരിയറിന്റെ തുടക്കത്തിൽ റൺസ് വഴങ്ങുന്നതിൽ ഒരുപാട് പഴികേട്ട താരമാണ് മുഹമ്മദ് സിറാജ്. എന്നാൽ ആ പഴയ തല്ലുകൊള്ളിയല്ല ഇന്നത്തെ സിറാജ്. ലോകോത്ത ബാറ്റ്‌സ്മാൻമാരെ വരെ വീഴ്ത്താൻ കെൽപ്പുള്ളവനാണ്. ഒന്നാമൻ ആകണം എന്നും രാജ്യത്തിനായി മത്സരങ്ങൾ ജയിപ്പിക്കണം എന്നുമുള്ള അടങ്ങാത്ത ദാഹം അയാളെ ലോകത്തിലെ ഏറ്റവും മികച്ചവരിൽ ഒരാളാക്കിയത്. കഴിഞ്ഞ ഏഷ്യ കപ്പിലും ലോകകപ്പിലുമൊക്കെ മികച്ച പ്രകടനം നടത്തിയ സിറാജ് ചെണ്ട എന്ന് കളിയാക്കിയവരെ കൊണ്ട് മാറ്റി പറയിപ്പിച്ചത് വളരെ പെട്ടെന്ന് ആയിരുന്നു.

ലോകകപ്പിന് ശേഷം സൗത്താഫ്രിക്കൻ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ നിരാശപെടുത്തിയെന്ന് പറഞ്ഞ് പലരും സിറാജിനെ ട്രോളിയിരുന്നു. ചെണ്ട ആണെന്ന് ഒകെ പറഞ്ഞിരുന്നു. എന്നാൽ എല്ലാ കളിയാക്കലിനെയും കാറ്റിൽ പറത്തി രണ്ടാം ടെസ്റ്റിൽ സൗത്താഫ്രിക്കയുടെ മേൽ ഇടിനാദം പോലെ പെയ്തിറങ്ങിയപ്പോൾ അവർ പുറത്തായത് വെറും 55 റൺസിനാണ്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്തപ്പോൾ പ്രതീക്ഷിച്ചത് കൂറ്റൻ സ്കോർ ആണെങ്കിൽ ആ മോഹം സിറാജ് തല്ലികെടുത്തുക ആയിരുന്നു.

തുടക്കം മുതൽ സിറാജിനെ നേരിടാൻ ആഫ്രിക്കൻ ബാറ്ററുമാർ ബുദ്ധിമുട്ടിയപ്പോൾ സ്കോർ ബോർഡിൽ രണ്ടക്കം കടന്നത് രണ്ടേ രണ്ട് താരങ്ങൾ മാത്രമാണ്. തുടർച്ചയായി 9 ഓവറുകളാണ് സിറാജ് എറിഞ്ഞത്. ഓരോ പന്തും ഒന്നിനൊന്നിന് മെച്ചം ആയിരുന്നു എന്ന് പറയാം. എന്തായാലും താരം കൈയടികൾ അർഹിക്കുന്നു.

ശേഷിച്ച നാല് വിക്കറ്റുകളിൽ രണ്ടെണ്ണം ബുംറയും രണ്ടെണ്ണം മുകേഷ് കുമാറും നേടി.