ഓസ്ട്രേലിയന്‍ ടി20 ലീഗായ ബിഗ് ബാഷില്‍ മലയാളി താരം അര്ജുന് നായര്‍ക്ക് സ്വപ്ന സമാനമായ അരങ്ങേറ്റം. തന്റെ ടീമായ സിഡ്നി തണ്ടറിനായി രണ്ട് വിക്കറ്റ് വീഴ്ത്തിയാണ് അര്ജുന് നായര്‍ തന്റെ പ്രതിഭ തെളിയിച്ചത്. നാല് ഓവറില്‍ 29 റണ്‍സ് വഴങ്ങിയാണ് അര്ജുന് രണ്ട് വിക്കറ്റ് വീഴ്ത്തിയത്.
തണ്ടേഴ്സിനായി അര്‍ജുനെ കൂടാതെ ഫവാദ് അഹമ്മദും മക്ലൂഹനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.് 11 റണ്‍സ് മാത്രം വഴങ്ങിയാണ് ഫവാദ് രണ്ട് വിക്കറ്റ് വീഴ്ത്തിയത്. ഇതോടെ സിഡ്നി സിക്സേഴ്സിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോര്‍ ഇരുപത് ഓവറില്‍ ഒന്‍പത് വിക്കറ്റിന് 149 ആയി ഒതുങ്ങി.
ബിഗ്ബാഷ് ലീഗിലെ ഉദ്ഘാടന മത്സരമാണ് നടന്നുകൊണ്ടിരിക്കുന്നത്. 32 റണ്‍സെടുത്ത സാം ബില്ലിംഗ്സണ് സിക്സേഴ്സ് നിരയിലെ ടോപ് സ്കോറര്‍.
കൊച്ചിക്കാരായ ജയാനന്ദ് നായര്‍- ശാലിനി നായര്‍ ദമ്പതികളുടെ മകനായ അര്ജുന് വലത് കൈയ്യന്‍ ഓഫ് സ്പിന്നറാണ്. 1996 ലാണ് അര്‍ജുന്റെ കുടുംബം കേരളത്തില്‍ നിന്ന് ഓസ്ട്രേലിയയിലേക്ക് കുടിയേറുന്നത്. അര്‍ജുന്റെ ജനനവും അവിടെയായിരുന്നു.
2015 ല്‍ ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഓസ്ട്രേലിയന്‍ അണ്ടര്‍ 19 ടീമില്‍ സ്ഥാനം നേടിയ അര്ജുന് ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ വംശജനായി മാറിയിരുന്നു. (ഗുരീന്ദര്‍ സിംഗ് സന്ധുവാണ് ആദ്യമായി ഈ നേട്ടം കൈവരിച്ചത്). ന്യൂസൗത്ത് വെയില്‍സിന് വേണ്ടി അണ്ടര്‍ 17 ചാമ്പ്യന്‍ഷിപ്പുകളില്‍ പുറത്തെടുത്ത ഗംഭീര പ്രകടനമായിരുന്നു അന്ന് അര്‍ജുനെ ദേശീയ ടീമിലെത്തിച്ചത്.
Read more
ഹോക്കി താരമായിരുന്ന അച്ഛനായിരുന്നു അര്‍ജുനെയും കായിക ലോകത്തേക്ക് ആകര്‍ഷിച്ചത്. എന്നാല്‍ അച്ഛന്റെ ഇഷ്ട ഗെയിമായിരുന്ന ഹോക്കിയില്‍ നിന്ന് മാറി ക്രിക്കറ്റ് കളിക്കാനായിരുന്നു ഈ മലയാളി പയ്യന് ആഗ്രഹിച്ചത്. തന്റെ പതിനാലാം വയസില്‍ ഹോക്സ്ബറി ക്രിക്കറ്റ് ക്ലബ്ബിന് വേണ്ടി ഗ്രീന്‍ ഷീല്‍ഡ് ചാമ്പ്യന്‍ഷിപ്പില്‍ നേടിയ മൂന്ന് തകര്‍പ്പന്‍ സെഞ്ചുറികളാണ് അര്‍ജുനെ ക്രിക്കറ്റിന്റെ വെള്ളി വെളിച്ചത്തിലേക്ക് കൊണ്ടു വന്നത്. 2013-14 സീസണിലെ ആ പ്രകടനം അദ്ദേഹത്തെ ന്യൂസൗത്ത് വെയില്‍സ് ടീമിലും അവിടുന്ന് ഓസ്ട്രേലിയന്‍ അണ്ടര്‍ 19 ടീമിലേക്കും ശേഷം സിഡ്നി തണ്ടര്‍ ടീമിലേക്കും എത്തിച്ചു.