സൂപ്പര്‍ താരം പഞ്ചാബിനെ കൈവിടുന്നു; വല വീശാന്‍ വമ്പന്‍ ടീമുകള്‍

ഐപിഎല്ലിന്റെ അടുത്ത സീസണില്‍ ക്യാപ്റ്റനും സൂപ്പര്‍ താരവുമായ കെ.എല്‍. രാഹുല്‍ പഞ്ചാബ് കിംഗ്‌സ് ടീം വിടുമെന്ന് റിപ്പോര്‍ട്ട്. പ്രമുഖ ഫ്രാഞ്ചൈസികളില്‍ ചിലത് രാഹുലിനായി ചരടുവലി തുടങ്ങിയെന്നും ഇതുമായി അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.

ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്‌സിനെ കിരീടത്തിലെത്തിക്കാന്‍ സാധിക്കാത്തതിന്റെ നിരാശയിലാണ് രാഹുല്‍. വ്യക്തിഗത പ്രകടനം മികച്ചതായിട്ടും സഹ താരങ്ങളില്‍ നിന്ന് രാഹുലിന് വേണ്ടത്ര പിന്തുണ കിട്ടുന്നില്ല. അതിനാലാണ് കൂടുതല്‍ ശക്തമായൊരു ടീമില്‍ ചേക്കേറാന്‍ രാഹുല്‍ ആലോചിക്കുന്നത്.

ഐപിഎല്ലിന്റെ അടുത്ത സീസണില്‍ താരങ്ങളെ നിലനിര്‍ത്തുന്നതിനുള്ള നയം ബിസിസിഐ പ്രഖ്യാപിച്ചിട്ടില്ല. എത്ര താരങ്ങളെ ടീമില്‍ നിലനിര്‍ത്താം എത്ര പേരെ ലേലത്തിനുവയ്ക്കണം എന്നതെല്ലാം സംബന്ധിച്ച് അവ്യക്തത തുടരുന്നുണ്ട്. ലേലത്തില്‍ രാഹുലിനായി ഏതെങ്കിലും ടീമുകള്‍ വന്‍തുക വിളിച്ചാല്‍ അതിനു തുല്യമായ തുകയ്ക്ക് താരത്തെ നിലനിര്‍ത്താനുള്ള അവസരം പഞ്ചാബ് കിംഗ്‌സിനുണ്ട്.

എന്നാല്‍ ടീം വിട്ടുപോകാന്‍ തന്നെയാണ് രാഹുലിന്റെ തീരുമാനമെന്ന് പഞ്ചാബ് കിംഗ്‌സുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നു. രാഹുലിനെ ഒപ്പംകൂട്ടാന്‍ താല്‍പര്യപ്പെട്ട് ഇപ്പോള്‍തന്നെ പല ഫ്രാഞ്ചൈസികളും സമീപിച്ചതായും വിവരമുണ്ട്.