ഐപിഎല്‍ 2025 കിരീടം ഇത്തവണ പുതിയൊരു ടീം നേടുമെന്ന പ്രവചനവുമായി ഇന്ത്യന്‍ ഇതിഹാസം സുനില്‍ ഗവാസ്‌കര്‍. പ്ലേഓഫിന് യോഗ്യത നേടിയ നാല് ടീമുകളില്‍ പഞ്ചാബ് കിങ്‌സും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും മാത്രമാണ് ഇതുവരെ കിരീടം നേടാത്തത്. മുംബൈ ഇന്ത്യന്‍സിനെ ഏഴ് വിക്കറ്റിന് തോല്‍പ്പിച്ചാണ് പഞ്ചാബ് ഇന്നലെ ക്വാളിഫയര്‍1 മത്സരത്തിന് യോഗ്യത നേടിയത്. 2014ല്‍ ഫൈനല്‍ കളിച്ച പഞ്ചാബിന് അന്ന് കയ്യെത്തും ദൂരത്ത് നിന്നാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സില്‍ നിന്നും ഐപിഎല്‍ ട്രോഫി നഷ്ടമായത്.
17 വര്‍ഷമായി ഒരു ഐപിഎല്‍ കിരീടത്തിനായി അവര്‍ കാത്തിരിക്കുന്നു. ആര്‍സിബിയും പഞ്ചാബിനെ പോലെ കിരീടവരള്‍ച്ച നേരിടുന്ന ടീമാണ്. മൂന്ന് തവണയാണ് ആര്‍സിബി ഫൈനല്‍ കളിച്ചിട്ടുളളത്. 2016ല്‍ അവര്‍ ഒടുവില്‍ ഐപിഎല്‍ ഫൈനല്‍ കളിച്ചു. പഞ്ചാബിനും ആര്‍സിബിക്കും ആദ്യമായി ഐപിഎല്‍ കിരീടം നേടാന്‍ നല്ലൊരു അവസരമാണ് കൈവന്നിരിക്കുന്നതെന്ന് സുനില്‍ ഗവാസ്‌കര്‍ പറയുന്നു.
“പഞ്ചാബ് കിങ്‌സിനെ തുടക്കത്തില്‍ ആരും വലിയ എതിരാളികളായി കണ്ടിരുന്നില്ല. ലേലത്തില്‍ അവര്‍ ബുദ്ധിപൂര്‍വ്വം ടീമിനെ തിരഞ്ഞെടുത്തു. ആ സമയം അവര്‍ക്ക് ധാരാളം യുവ, അണ്‍ ക്യാപ്ഡ് ഇന്ത്യന്‍ കളിക്കാരെ ലഭിച്ചു. പഞ്ചാബ് അവരെ നോക്കിവച്ചിരുന്നു. ആ താരങ്ങളെല്ലാം എന്താണ് ചെയ്തതെന്നും എവിടെയാണ് ചെയ്തതെന്നും അവര്‍ നന്നായി മനസിലാക്കി. സംസ്ഥാന ക്രിക്കറ്റ് ലീഗുകളില്‍ ധാരാളം കാര്യങ്ങള്‍ നടക്കുന്നു. പക്ഷേ അവിടെയെല്ലാം എന്താണ് സംഭവിക്കുന്നതെന്ന് നിങ്ങള്‍ക്ക് എല്ലായ്‌പ്പോഴും വിലയിരുത്താന്‍ കഴിയില്ല. എന്നിട്ടും പ്രിയാന്‍ഷ് ആര്യയെപ്പോലുള്ള ഒരാള്‍ ഏഴ് സിക്‌സറുകള്‍ അടിച്ചാല്‍ അയാള്‍ക്ക് കഴിവുണ്ടെന്ന് നിങ്ങള്‍ക്കറിയാം”.
Read more
“അന്താരാഷ്ട്ര ക്രിക്കറ്റില്‍ തിളങ്ങിയിട്ടുളള ചില നല്ല കളിക്കാരെയും ഇത്തവണ ടീമിലെടുത്തു. അവര്‍ അവസരത്തിനൊത്ത് ഉയര്‍ന്ന് കാര്യമായ പ്രകടനം നടത്തി. ടീം പ്ലേഓഫില്‍ എത്തിയതില്‍ അവര്‍ക്ക് മുഴുവന്‍ ക്രെഡിറ്റും നല്‍കാം. അവരെ കുറിച്ച് വളരെ സന്തോഷം തോന്നുന്നു. മത്സരം തുടങ്ങുന്നതിന് മുന്‍പ് ഞാന്‍ നിങ്ങളോട് പറഞ്ഞതാണ്, കിരീടത്തിന് ഇത്തവണ പുതിയ അവകാശികളുണ്ടാകുമെന്ന്”, ഗവാസ്‌കര്‍ പറഞ്ഞുനിര്‍ത്തി.