ജയ്‌സ്വാളിനെ ഓവര്‍ ഹൈപ് ചെയ്യുന്നത് നിര്‍ത്തണം: ആവശ്യവുമായി ഗൗതം ഗംഭീര്‍

ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലെ ഇന്ത്യന്‍ യുവ ഓപ്പണര്‍ യശ്വസി ജയ്‌സ്വാളിന്റെ ഇരട്ട സെഞ്ച്വറി പ്രകടനത്തെ പ്രശംസിച്ച് മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍. താരത്തിന്റെ പ്രകടനത്തെ അഭിനന്ദിച്ച ഗംഭീര്‍ ഒപ്പം മറ്റൊരു ചിന്തയും പങ്കുവെച്ചു. ജയ്‌സ്വാളിനെ ഓവര്‍ ഹൈപ് ചെയ്യുന്നത് നിര്‍ത്തണം എന്ന് പറഞ്ഞ ഗംഭീര്‍ ഏതു കളിക്കാരനെയും അമിതമായി ഹൈപ്പുചെയ്യുന്നതു അവരുടെ തകര്‍ച്ചയിലേക്ക് നയിക്കുമെന്ന് മുന്നറിയിപ്പ് നല്‍കി.

ജയ്‌സ്വാളിന്റെ നേട്ടത്തെ അഭിനന്ദിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എന്നാല്‍ അതിലും പ്രധാനമായി ആ യുവാവിനെ കളിക്കാന്‍ അനുവദിക്കണമെന്ന് എല്ലാവരോടും പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അവരുടെ നേട്ടങ്ങളെ അമിതമായി പ്രകീര്‍ത്തിച്ച് ടാഗുകള്‍ നല്‍കി അവരെ ഹീറോകളാക്കി മാറ്റുന്ന ഒരു ശീലം ഇന്ത്യയില്‍, പ്രത്യേകിച്ച് മാധ്യമങ്ങള്‍ക്ക് ഉണ്ടെന്ന് ഞങ്ങള്‍ മുമ്പ് കണ്ടതാണ്.

ഈ അമിത പ്രതീക്ഷ അവരരുടെ മേല്‍ കൂടുതല്‍ സമ്മര്‍ദ്ദം ഉണ്ടാക്കും. ഇത് കളിക്കാര്‍ക്ക് അവരുടെ സ്വാഭാവിക ഗെയിം പുറത്തെടുക്കുന്നതില്‍ പ്രതിസന്ധി സൃഷ്ടിക്കും. അവന്‍ വളരുകയും അവന്റെ ക്രിക്കറ്റ് ആസ്വദിക്കുകയും ചെയ്യട്ടെ- ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു.

മത്സരത്തില്‍ 290 പന്തില്‍ 19 ഫോറും 7 സിക്സും ഉള്‍പ്പെടെ 209 റണ്‍സാണ് യശസ്വി നേടിയത്. ഇന്ത്യയ്ക്കായി ടെസ്റ്റില്‍ ഡബിള്‍ സെഞ്ചറി തികയ്ക്കുന്ന പ്രായം കുറഞ്ഞ മൂന്നാമത്തെ മാത്രം താരമാണ് യശസ്വി. വിശാഖപട്ടണം ടെസ്റ്റില്‍ ഡബിള്‍ സെഞ്ചറി തികയ്ക്കുമ്പോള്‍ യശസ്വി ജയ്‌സ്വാളിന് 22 വയസ്സാണു പ്രായം.