ആളറിഞ്ഞ് കളിക്കെടാ , പകരത്തിനു പകരം വീട്ടി ശ്രേയസ് അയ്യർ; വീഡിയോ ഏറ്റെടുത്ത് ആരാധകർ

ഇന്ത്യ ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റിൽ ഇന്ത്യ 106 റൺസിന്റെ തകർപ്പൻ ജയമാണ് സ്വന്തമാക്കിയത്. ഇന്ന് ആർക്കും ജയിക്കാവുന്ന അവസ്ഥയിൽ ആയിരുന്നു കാര്യങ്ങൾ. ഇംഗ്ലണ്ട് സൂപ്പർ താരവും നായകനുമായ ബെൻ സ്റ്റോക്സ് ക്രീസിൽ നിന്ന സമയത്ത് ഇംഗ്ലണ്ടിന് ഒന്ന് ശ്രമിച്ചാൽ ജയിക്കാവുന്ന അവസ്ഥയിൽ ആയിരുന്നു കാര്യങ്ങൾ. നിർണായക നിമിഷത്തിൽ, ശ്രേയസ് അയ്യർ തൻ്റെ അസാദ്യ ഫീൽഡിംഗ് കഴിവുകൾ പ്രകടിപ്പിച്ചു ബെൻ സ്റ്റോക്‌സിനെ റൺ ഔട്ട് ആക്കി . മത്സരത്തിലെ വഴിത്തിരിവായതും ഈ റൺ ഔട്ട് തന്നെ ആണെന്നും പറയാം.

മത്സരം ആർക്കും ജയിക്കാവുന്ന അവസ്ഥയിൽ നിൽക്കുമ്പോൾ, അശ്വിൻ എറിഞ്ഞ ഫ്ലൈറ്റഡ് ഓഫ് ബ്രേക്ക് ഡെലിവറി, ബെൻ ഫോക്‌സിനെ അപകടകരമായ സിംഗിളിലേക്ക് പ്രലോഭിപ്പിച്ചു. നോൺ സ്‌ട്രൈക്കിങ് എൻഡിൽ നിൽക്കുക ആയിരുന്ന ബെൻ സ്റ്റോക്‌സും വളരെ വേഗം തന്നെ റൺ നേടാനായി ഓടി.

അതിവേഗം പന്ത് കൈയിലെടുത്ത അയ്യർ മനോഹരമായ ത്രോയോടെ സ്റ്റമ്പ് തെറിപ്പിച്ചു. ഒരു സമയത്ത് താരം സേഫ് ആണെന്ന് എല്ലാവരും കരുതിയത് എങ്കിലും ഇന്ത്യൻ ഫീൽഡറുമാർക്ക് വിക്കറ്റ് വീണെന്ന് ഉറപ്പായിരുന്നു. അവർ ആഹ്ലാദം തുടങ്ങുകയും ചെയ്തു. എന്താണ് സംഭവിച്ചതെന്ന് എന്ന് മനസിലാക്കാതെ നിന്ന ആരാധകരുടെ മുന്നിൽ റീപ്ലേ ദൃശ്യങ്ങൾ വന്നതോടെ അവർ ശ്രേയസിനായി കൈയടിച്ചു.

ശ്രേയസ് അയ്യരെ ഇന്നലത്തെ രണ്ടാം ഇന്നിങ്സിൽ പുറത്തായത് ബെൻ സ്റ്റോക്സ് എടുത്ത തകർപ്പൻ ക്യാച്ചിന് പിന്നാലെ ആയിരുന്നു. തകർപ്പൻ ക്യാച്ചിന് പിന്നാലെ താരം ആരാധകരെ നോക്കി പ്രത്യേക ആംഗ്യം കാണിച്ച് ആഘോഷിക്കുകയും ചെയ്തിരുന്നു. അതെ ആഘോഷം തന്നെയാണ് ഇന്ന് സ്റ്റോക്സ് പുറത്തായപ്പോൾ അയ്യരും കാണിച്ചത്. ഇത് സോഷ്യൽ മീഡിയയിൽ വൈറലായി.