'സഞ്ജുവിനെ ടീമില്‍നിന്ന് ഒഴിവാക്കിയതല്ല'; സംഭവിച്ചത് പറഞ്ഞ് ബാല്യകാല കോച്ച്

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ സെലക്ടര്‍ ചേതന്‍ ശര്‍മയുടെ ഒളിക്യാമറ വീഡിയോ പുറത്തു വന്നതിനു പിന്നാലെ മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണിന് നേരെ നേരിട്ടുകൊണ്ടിരിക്കുന്ന അവഗണനയെ കുറിച്ചുള്ള ചര്‍ച്ച വീണ്ടും ചൂടുപിടിച്ചിരിക്കുകയാണ്. ഇപ്പോഴിതാ നിലവില്‍ സഞ്ജു ടീമിന് പുറത്തുപോകാന്‍ കാരണം ബിസിസിഐയുടെ അവഗണനയെല്ലെന്ന് മനസിലാക്കണമെന്ന് പറഞ്ഞിരിക്കുകയാണ് താരത്തിന്റെ ബാല്യകാല കോച്ച് ബിജു ജോര്‍ജ്.

സഞ്ജു സാംസണിന് ഇപ്പോള്‍ സംഭവിച്ചത് ദൗര്‍ഭാഗ്യകരമായ കാര്യമാണ്. നന്നായി കളിച്ചകൊണ്ടിരിക്കുന്നതിനിടെയാണ് വീഴ്ചയില്‍ കാല്‍മുട്ടിനു പരിക്കുപറ്റിയത്. സഞ്ജു ഇന്ത്യന്‍ ടീമിലേക്കു വന്ന് പരിക്കേറ്റാണ് പുറത്തുപോയത്. അല്ലാതെ അവനെ ടീമില്‍ നിന്നും ഒഴിവാക്കിയതല്ല.

സഞ്ജു സാംസണുള്‍പ്പെടെയുള്ള കേരള താരങ്ങളോടു ബിസിസിഐ അവഗണന കാണിക്കുന്നതായി എനിക്കു തോന്നിയിട്ടില്ല. കാരണം പെര്‍ഫോം ചെയ്തു കൊണ്ടിരിക്കുന്നവരെല്ലാം ബിസിസിഐയുടെ മുഖ്യ കരാറില്‍ ഉള്‍പ്പെട്ടിരിക്കും- സീ മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ ബിജു ജോര്‍ജ് പറഞ്ഞു.

ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ടി20 മത്സരത്തില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെയാണ് സഞ്ജുവിന് പരിക്കേല്‍ക്കുന്നത്. പിന്നാലെ താരം ടീമിന് പുറത്താവുകയായിരുന്നു. ബിസിസിഐയില്‍ നിന്നുള്ള ക്ലിയറന്‍സിനു വേണ്ടിയാണ് താരം ഇപ്പോള്‍ കാത്തിരിക്കുന്നത്.

ഓസീസിനെതിരായ ഏകദിന പരമ്പരയാണ് ഇനി നാഷണല്‍ ടീമിലേക്ക് വിളിയെത്താനുള്ള അവസരം. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ അതിന് സാദ്ധ്യത കുറവാണ്.