'ഇങ്ങനെ ചെയ്യുന്നതിന്റെ നിയമവശം അശ്വിനോട് ചോദിക്കണം'; വൈറലായി റൂട്ടിന്റെ കൗശല തന്ത്രം

റാവല്‍പ്പിണ്ടി ടെസ്റ്റില്‍ സന്ദര്‍ശകര്‍ ഉയര്‍ത്തിയ റണ്‍മല താണ്ടാന്‍ പാകിസ്ഥാന്‍ ടീം കിണഞ്ഞ് പരിശ്രമിക്കുകയാണ്. ടെസ്റ്റിന്റെ മൂന്നാം ദിനത്തില്‍, പാകിസ്ഥാന്‍ അവരുടെ മികച്ച ബാറ്റിംഗ് പ്രകടനം തുടരുമ്പോള്‍, മുന്നേറ്റം തടുക്കാനുള്ള ശ്രമത്തില്‍ ഇംഗ്ലണ്ട് പരീക്ഷിച് ഒരു തന്ത്രം ശ്രദ്ധനേടിയിരിക്കുകയാണ്.

മത്സരത്തിന്റെ 73-ാം ഓവറിന് മുമ്പ്, ജോ റൂട്ട് ജാക്ക് ലീച്ചിനെ വിളിച്ച് അദ്ദേഹത്തിന്റെ മുട്ടതലയില്‍ ഉരച്ച് പന്ത് തിളക്കുന്നതാണ് ക്രിക്കറ്റ് ലോകത്തെ രസിപ്പിച്ചിരിക്കുന്നത്. ബാബര്‍ അസമും അസ്ഹര്‍ അലിയും ക്രീസില്‍ നില്‍ക്കുമ്പോഴായിരുന്നു റൂട്ടിന്റെ രസകരമായ പ്രവര്‍ത്തി. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.

ഐസിസിയുടെ പുതിയ നിയമമാണ് റൂട്ടിന്റെ ‘കൗശല’ തന്ത്രത്തിന് പിന്നില്‍. ഈ വര്‍ഷം ആദ്യം, അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ പന്തിന് മുകളില്‍ ഉമിനീര്‍ ഉപയോഗിക്കുന്നത് സ്ഥിരമായി നിരോധിച്ചിരുന്നു. ഇതിനാലാണ് ജാക്ക് ലീച്ചിന്റെ തലയിലെ വിയര്‍പ്പ് ബോള് തിളക്കാന്‍ പ്രയോജനപ്പെടുത്തിയത്.

ടെസ്റ്റില്‍ ആദ്യ ഇന്നിംഗ്‌സില്‍ ഇംഗ്ലണ്ട് 657 റണ്‍സിന് മറുപടി നല്‍കുന്ന പാകിസ്ഥാന്‍ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 307 റണ്‍സെന്ന നിലയിലാണ്. 34 റണ്‍സെടുത്ത് ബാബറും മൂന്ന് റണ്‍സുമായി സൗദ് ഷക്കീലുമാണ് ക്രീസില്‍. ഇപ്പോള്‍ ഇംഗ്ലണ്ടുമായി 350 റണ്‍സ് പിന്നിലാണ് പാകിസ്ഥാന്‍.