രോഹിത് അനുഭവസമ്പന്നനായ താരം, എന്നാലൊരു പ്രശ്‌നമുണ്ട്; നിരീക്ഷണവുമായി മുത്തയ്യ മുരളീധരന്‍

2024 ലെ ടി20 ലോകകപ്പില്‍ രോഹിത് ശര്‍മ്മയെ ഉള്‍പ്പെടുത്തുന്നതിനെ പിന്തുണച്ച് ശ്രീലങ്കന്‍ സ്പിന്‍ ഇതിഹാസം മുത്തയ്യ മുരളീധരന്‍. ഏകദിന ലോകകപ്പിലെ ശര്‍മ്മയുടെ അസാധാരണ പ്രകടനം ടി20 ഫോര്‍മാറ്റിലേക്കുള്ള തിരിച്ചുവരവിന്റെ തെളിവായി മുരളീധരന്‍ എടുത്തുപറഞ്ഞു. കായികക്ഷമതയുടെയും മൊത്തത്തിലുള്ള ടീമിന്റെ സംഭാവനയുടെയും പ്രാധാന്യവും ഏകദിന ലോകകപ്പില്‍ ശര്‍മ്മ സ്ഥിരമായി പ്രകടമാക്കിയ ഗുണങ്ങളും അദ്ദേഹം ഊന്നിപ്പറഞ്ഞു.

ഏകദിന ലോകകപ്പിലെ രോഹിത് ശര്‍മയുടെ പ്രകടനം നോക്കുക. ഗംഭീര തുടക്കമാണ് അവന്‍ നല്‍കുന്നത്. മികച്ച സ്ട്രൈക്ക് റേറ്റിലാണ് രോഹിത് ആക്രമിക്കുന്നത്. ടൂര്‍ണമെന്റിലുടെനീളം ഈ മികവ് തുടരാന്‍ രോഹിത്തിനായി. ഇപ്പോള്‍ 36 ആണ് രോഹിത്തിന്റെ പ്രായം.

കരിയര്‍ അവസാനിപ്പിക്കേണ്ട പ്രായമായിട്ടില്ല. വിരാട് കോഹ്‌ലിയെപ്പോലെ ഫിറ്റ്നസ് ശ്രദ്ധിച്ചാല്‍ ഇനിയും ലോകകപ്പ് കളിക്കാന്‍ രോഹിത്തിനാവും. അവന്‍ യുവതാരങ്ങള്‍ക്കായി വഴിമാറേണ്ട സമയമായെന്ന് എങ്ങനെയാണ് പറയാന്‍ സാധിക്കുക.

ഫിറ്റ്നസുള്ള കാലത്തോളം രോഹിത്തിനെ കളിക്കാന്‍ അനുവദിക്കണം. ഏകദിനത്തില്‍ 130ന് മുകളിലാണ് പവര്‍പ്ലേയിലെ അവന്റെ സ്ട്രൈക്ക് റേറ്റ്. ടി20യിലും ഇത് മികച്ച സ്ട്രൈക്ക് റേറ്റാണ്. അനുഭവസമ്പന്നനായ താരമാണ് രോഹിത്. എന്നാല്‍ പ്രായം 35 കഴിഞ്ഞാല്‍ ഫിറ്റ്നസ് നിലനിര്‍ത്താന്‍ കഠിനാധ്വാനം ചെയ്യണം.

Read more

അവന്‍ കളിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഇനിയും കളി തുടരും. അത് അവന്റെ ചിന്തക്കനുസരിച്ചിരിക്കും. അവന്‍ അടുത്ത ലോകകപ്പ് കൂടി കളിക്കുമെന്നാണ് കരുതുന്നത്- മുരളീധരന്‍ പറഞ്ഞു.