രോഹിത് പറഞ്ഞിട്ടാണ് സ്റ്റേഡിയത്തിൽ ദിൽ ദിൽ പാകിസ്ഥാൻ കേൾപ്പിക്കാതിരുന്നത്, അത് തരുന്ന വീര്യത്തിൽ പാകിസ്ഥാൻ ജയിക്കുമെന്ന് അവന് അറിയാമായിരുന്നു: മൈക്കിൾ വോൺ

നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യ-പാകിസ്ഥാൻ മത്സരത്തിനിടെ ദിൽ ദിൽ പാകിസ്ഥാൻ എന്ന പാട്ട് കേൾപ്പിച്ചില്ലെന്ന മിക്കി ആർതറിന്റെ ആരോപണത്തിനെതിരെ മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ മൈക്കൽ വോൺ രംഗത്ത്. അത്തരത്തിൽ തങ്ങൾക്ക് അനുകൂലമല്ലാത്ത അന്തരീക്ഷമാണ് സ്റ്റേഡിയത്തിൽ ഉണ്ടായിരുന്നതെന്നും അതാണ് തോൽവിക്ക് കാരണം എന്നുമാണ് ആർച്ചർ പറഞ്ഞത്.

മത്സരശേഷം സംസാരിച്ച പരിശീലകൻ പറഞ്ഞത് ഇങ്ങനെ ആയിരുന്നു: “സത്യത്തിൽ ഇവിടെ നടന്നത് ഒരു ലോകകപ്പ് മത്സരമായി തോന്നിയില്ല. ബിസിസിഐ സംഘടിപ്പിച്ച ഒരു മത്സരമായി മാത്രമാണ് തോന്നിയത്. അതും അല്ലെങ്കിൽ ഒരു ദ്വിരാഷ്ട്ര പരമ്പര പോലെയാണ് എനിക്ക് അനുഭവപ്പെട്ടത്. ദിൽ ദിൽ പാക്കിസ്ഥാൻ എന്ന പ്രശസ്തമായ ഗാനം മൈക്രോഫോണിലൂടെ ഒരു തവണ പോലും സ്റ്റേഡിയത്തിൽ മുഴങ്ങി കേട്ടില്ല.”- മിക്കി ആർതർ പറയുന്നു.

“ഇത്തരത്തിൽ പല കാര്യങ്ങളും ഞങ്ങൾക്ക് എതിരായി സംഭവിച്ചു. സ്റ്റേഡിയത്തിൽ ടീമിന് ലഭിക്കേണ്ട പിന്തുണയ്ക്ക് വേണ്ട ഒന്നും ഉണ്ടായിരുന്നില്ല. പാക്കിസ്ഥാൻ മത്സരത്തിൽ പരാജയപ്പെട്ടതിന്റെ പേരിൽ ഞാൻ ഇതിനെ കാരണമായി പറയുന്നില്ല. ഞങ്ങളെ സംബന്ധിച്ച് ഇപ്പോഴത്തെ നിമിഷമാണ് പ്രധാനപ്പെട്ടത്. ഈ നിമിഷം എങ്ങനെ ജീവിക്കുന്നു എന്നതിനാണ് കാര്യം. ഇന്ത്യയെ നേരിടുന്നത് എങ്ങനെയെന്ന് മാത്രമായിരുന്നു ഞങ്ങളുടെ ചിന്ത.” ആർതർ അന്ന് പറഞ്ഞത് ഇങ്ങനെയാണ്.

ആതിഥേയ രാഷ്ട്രത്തിനെതിരായ അടിസ്ഥാനരഹിതമായ അവകാശവാദത്തിന് പ്രമുഖ ക്രിക്കറ്റ് താരങ്ങൾ ആർതറിനെ വിമർശിച്ചു. ഇത്തരത്തിൽ മറുപടികൾ പറയണമിടുക്കനായ വോൺ മിക്കിയുടെ കുറ്റപ്പെടുത്തലുകളോടും പ്രതികരിച്ചു. ‘ദിൽ ദിൽ പാകിസ്ഥാൻ’ കളിക്കരുതെന്ന് രോഹിത് ശർമ്മ അഹമ്മദാബാദ് ഡിജെയോട് ആവശ്യപ്പെട്ടു, കാരണം ആ പാട്ട് പാകിസ്ഥാൻ കേട്ടാൽ അവർ കളി ജയിക്കുമെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. അതുകൊണ്ട് തന്നെ രോഹിത് ഡിജെയോട് ആ പ്രചോദനാത്മക ഗാനം പ്ലേ ചെയ്യരുതെന്ന് പറഞ്ഞു, അതിനാൽ ഇന്ത്യയ്ക്ക് ജയിക്കാൻ പറ്റും ”അദ്ദേഹം പറഞ്ഞു. എന്തായാലും ഈ കളിയാക്കൽ മറുപടി ആരാധകർ ഏറ്റെടുത്തിട്ടുണ്ട്.

പാക്കിസ്ഥാനെ 191ൽ ഒതുക്കിയ ഇന്ത്യ ഏഴു വിക്കറ്റിന് വിജയം സ്വന്തമാക്കി.