പാക് സന്ദര്‍ശനത്തിന് ശേഷം ഒരു സുപ്രധാന വിവരം പങ്കുവെച്ച് റോജര്‍ ബിന്നി; അതിശയിച്ച് ക്രിക്കറ്റ് ലോകം

ഏഷ്യാ കപ്പിന്റെ ഉദ്ഘാടന ചടങ്ങുകള്‍ക്കായി പാകിസ്ഥാന്‍ സന്ദര്‍ശിച്ച ബിസിസിഐ പ്രസിഡന്റ് റോജര്‍ ബിന്നിയും വൈസ് പ്രസിഡന്റ് രാജീവ് ശുക്ലയും ഇന്ത്യയില്‍ മടങ്ങിയെത്തി. 17 വര്‍ഷത്തിന് ശേഷം ആദ്യമായാണ് ബിസിസിഐ ഭാരവാഹികള്‍ പാകിസ്ഥാനിലേക്ക് യാത്ര ചെയ്തത്.
വലിയ സ്വീകരണമാണ് പിസിബി ഒരുക്കിയിരുന്നതെന്നും പോസിറ്റീവായ കാര്യങ്ങള്‍ ഭാവിയില്‍ നടക്കുമെന്ന് കരുതുന്നെന്നും ബിന്നി പ്രതികരിച്ചു. പിസിബിയുടെ ആതിഥ്യമര്യാദയെ ശുക്ലയും പ്രശംസിച്ചു.

ഇന്ത്യ-പാകിസ്ഥാന്‍ പരമ്പരയെ കുറിച്ച് ബിസിസിഐക്ക് നിലവില്‍ കാര്യമായൊന്നും പറയാന്‍ കഴിയില്ല. സര്‍ക്കാരാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത്. നമുക്ക് കാത്തിരുന്ന് കാണാം എന്താ സംഭവിക്കുന്നതെന്ന്. ഏകദിന ലോകകപ്പ് നടക്കാനിരിക്കുന്നതില്‍ പോസിറ്റീവായ കാര്യങ്ങള്‍ സംഭവിക്കുമെന്ന് കരുതുന്നു. കാരണം അവര്‍ ഇങ്ങോട്ട് വരുന്നുണ്ട്.

വലിയ സ്വീകരണമാണ് പിസിബി ഒരുക്കിയിരുന്നത്. മത്സരങ്ങള്‍ ആസ്വദിക്കുന്നതിനൊപ്പം ഒരുപാട് കാര്യങ്ങള്‍ സംസാരിക്കുകയും ചെയ്തു. പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ക്രിക്കറ്റ് ഒരു പ്രധാന മാധ്യമമാണ്. 2004 ലെ പര്യടനം പരിശോധിക്കുക. ആ അന്തരീക്ഷം മികച്ച സൗഹൃദത്തിന് കാരണമായി- ബിന്നി പറഞ്ഞു.

രണ്ട് ബോര്‍ഡുകളും തമ്മിലുള്ള ഒരു വര്‍ഷത്തോളം നീണ്ട നാടകത്തിന് ശേഷമാണ് ഏഷ്യാ കപ്പ് നടത്തിപ്പ് സംബന്ധിച്ച് തീരുമാനമെടുത്തത്. ഏഷ്യാ കപ്പിനായി ഇന്ത്യന്‍ ടീം പാകിസ്ഥാനിലേക്ക് പോകില്ലെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ അറിയിച്ചതിന് പിന്നാലെ ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പില്‍ പങ്കെടുക്കില്ലെന്ന് പിസിബി മറുപടി നല്‍കിയത് വിവാദം സൃഷ്ടിച്ചിരുന്നു.

തുടര്‍ന്ന്, പലതവണ ചര്‍ച്ചകള്‍ നടന്നു. ഒടുവില്‍ പ്രശ്‌നം പരിഹരിക്കപ്പെട്ടു. ഏഷ്യാ കപ്പിന്റെ ഹൈബ്രിഡ് മോഡല്‍ പാകിസ്ഥാന്‍ അംഗീകരിച്ചു, കൂടാതെ ലോകകപ്പില്‍ തങ്ങളുടെ പങ്കാളിത്തവും സ്ഥിരീകരിക്കുകയായിന്നു.